സ്വർണ്ണമടങ്ങിയ ബാഗ് മറന്നു വെച്ചത് തിരിച്ചുകൊടുത്ത് മാതൃകയാവുന്ന ഡ്രൈവർമാർ എന്നും എന്നെ സംബന്ധിച്ച് ഹീറോസാണ്. എന്നെങ്കിലും ആരെങ്കിലും അതേപോലെ വല്ലതും എന്റെ വണ്ടിയിലും മറന്നുവെക്കണേ എന്ന് ഞാനാഗ്രഹിക്കാറുമുണ്ട്. ഒരിക്കൽ ഒരു ഫ്രണ്ട് എന്റെ വണ്ടിയിൽ ഒരു ദുബായ് ഡ്യൂട്ടി ഫ്രീ ടെ കവർ മറന്നു വെച്ചു. മാതൃകയാവാൻ മുട്ടിയ ഞാനാ ഫോറിൻ കവർ കണ്ടപാട് അവനെ വിളിച്ച് കാര്യം പറഞ്ഞു.
“ആ.. അത് റോഡിൽ കളയാൻ വേണ്ടി എടുത്ത കുറച്ച് കുറച്ച് വേസ്റ്റാ… ഇനിയിപ്പൊ അതും കൊണ്ട് ഇവിടെ വരെ ഡ്രൈവ് ചെയ്ത് ബുദ്ധിമുട്ടണ്ട, നീ തന്നെ എവിടെയെങ്കിലും കളഞ്ഞോ”എന്ന് കേട്ടപ്പോൾ ലവന് പ്രകൃതിയോട് ആണോ എന്നോടാണോ വിരോധം എന്ന് തോന്നിപ്പോയിട്ടുണ്ട്.
കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ കടവന്ത്രയിലുള്ള ഒരു കാർ വാഷിൽ പോയി വണ്ടി ഒന്ന് വാട്ടർ സർവീസ് ചെയ്തു. അവിടുന്നിറങ്ങി ഡ്രൈവ് ചെയ്യുമ്പോൾ എതിരെ വരുന്ന വണ്ടിക്കാരിൽ ചിലർ എന്റെ ബോണറ്റിലേക്ക് നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഭാഷ ആംഗ്യം ആയതുകൊണ്ട് ഞാൻ വണ്ടി നിർത്തി നോക്കിയപ്പോൾ അതാ, ബോണറ്റിൽ ഉണക്കാനിട്ടിരിക്കുന്ന അവരുടെ മൈക്രോ ഫൈബർ ക്ലോത്ത്. ഞാൻ അതെടുത്ത് എന്റെ ഡിക്കിയിയിലിട്ടു. സർവീസ് സെന്ററിൽ നിന്ന് കുറച്ച് ദൂരം പോന്നത് കൊണ്ടും, അത്യാവശ്യമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടും, ആ വസ്തു പിന്നീട് തിരിച്ചു കൊടുക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്.
പിന്നെ നോക്കിയപ്പോൾ സാധനം നല്ല മൈക്രോ ഫൈബർ ആണ്, ഷൈൻ എക്സ് പ്രോ… ആയിരം രൂപയോളം ഉണ്ട് ആമസോണിൽ. സ്വർണ്ണമല്ലെങ്കിലും വിലയുണ്ട്… പോയി എന്നുറപ്പിച്ച ഒരു സാധനം ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമ്പോൾ ആരായാലും ഒന്ന് ഹാപ്പിയാവും. ഇനി ചിലപ്പോ ഇതാണവരുടെ രാശി തുണി എങ്കിലോ… അത് പോയ ശേഷം സർവീസ് സെന്റർ നഷ്ടത്തിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുമ്പോഴാണ് ഞാനതുമായി മടങ്ങി വരുന്നതെങ്കിലോ… ‘ലക്കി മൈക്രോഫൈബർ തിരിച്ചുകൊടുത്ത് തിരക്കഥാകൃത്ത് മാതൃകയായി’.