ഇന്ന് വാംഅപ്പ് കഴിഞ്ഞ്, ചെസ്റ്റിന് പറന്നടിക്കാനുള്ള ആവേശത്തോടെ ഞാ¬ന്‍ ജിമ്മിന്റെ മെയി¬ന്‍ ഹാളിലേക്ക് ചെന്നപ്പോഴുണ്ട്, കൌണ്ടറിനടുത്ത് ഇൻസ്ട്രക്ടർ ഫെബിക്കയ്ക്ക് ചുറ്റും വലിയൊരു കൂട്ടം. ജിമ്മില് ഓണം ഓഫര്‍ വല്ലോം പ്രഖ്യാപിച്ചോ എന്നായിരുന്നു എന്റെ ഡൌട്ട്. എന്നാ അതായിരുന്നില്ല സ്റ്റോറി. അവിടെ കൂടി നിന്നിരുന്നത് പതിനെട്ട് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഐ റിപ്പീറ്റ്, പതിനെട്ട്!!
ജിമ്മ് പൊളിച്ച് പണിയാനല്ല, ജോയിന്‍ ചെയ്യാ¬ന്‍ വന്നതാണ് എന്നറിഞ്ഞപ്പോ¬ള്‍ അവിടുത്തെ ഡമ്പലുകളും ബാർബലുകളും വരെ കുലുങ്ങി.
“ഈ കേരളമഹാരാജ്യത്ത് ഇവന്മാര് ഇവിടെ മാത്രേ എത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ” എന്നും പറഞ്ഞു ഹംസക്കുട്ടി ത്രെഡ് മില്ലില്‍ കേറി ഒരൊറ്റോട്ടം. അരിശം മസിലായി തിളച്ചു.
ഞങ്ങടെ അപ്രമാദിത്വത്തിന് ഭീഷണി ആവോ എന്ന ആങ്കിളിലാണ്, ജിമ്മിലെ മൂത്ത മൾട്ടികള്‍ ഫ്രെഷേർസിനെ നോക്കിയത്.
അവരെയും തെളിച്ചുകൊണ്ട്‌ വാംഅപ്പ് ചെയ്യിപ്പിക്കാ¬ന്‍ പോവുന്ന ഫെബിക്കയെ പിടിച്ചു നിർത്തി ഞാന്‍ പറഞ്ഞു.
“ഒറ്റയടിക്ക് പതിനെട്ട് അഡ്മിഷന്‍! കോളടി കോളടി ന്നൊക്കെ പറഞ്ഞാല്‍ ഇതാണ്”
പക്ഷെ ഫെബിക്ക ഒരുമാതിരി പ്രോട്ടീ¬ന്‍ പൌഡറില് പച്ചമുളക് കടിച്ചമാരിയായിരുന്നു നിന്നിരുന്നത്.
“ഈ വന്നതില്, നാലെണ്ണമേ ജോയിന്‍ ചെയ്തിട്ടുള്ളൂ… ബാക്കി പതിനാലെണ്ണം കാണാ¬ന്‍ വന്നതാണ്… !!”
അതൊക്കെയാണ്‌ പ്രോത്സാഹനം. നമ്മളും പോവുന്നുണ്ട് ജിമ്മില്, “നിനക്കൊന്നും വേറെ പണിയില്ലേടാ ചെക്കാ ?” എന്ന് ചോദിക്കുന്ന ഫ്രണ്ട്സാണ് നമ്മക്കുള്ളത്.
ഫെബിക്ക തുടർന്നു…
“ഇപ്പൊ നിന്ന് തിരിയാന്‍ സ്ഥലമില്ലാണ്ടായി…അവരോട് ഇറങ്ങി പോവാന്‍ പറയാ¬ന്‍ പറ്റ്വോ?”
“അതെന്താ പറഞ്ഞാല്?”
“ഇനിക്കിണ്ടോ ഹിന്ദി അറിയണ്????”
.
.
.
നിശബ്ദത!!
‘സന്ദേശ’ത്തില് യശ്വന്ത് സഹായ് വന്ന പോലെയായിരുന്നു ജിമ്മിലെ അറ്റ്‌മോസ്ഫിയര്‍.
അവസാനം, കഴിഞ്ഞാഴ്ച ഗോവയില്‍ ടൂറിന് പോയിട്ട് വന്ന ഒരുത്തനെ പിടിച്ച് അവർക്ക് കാര്യങ്ങള് പറഞ്ഞുകൊടുക്കാന്‍ ഏൽപ്പിച്ചു.
പന്ത്രണ്ട് പുഷ്അപ്പ്സ് എടുക്കാന്‍ അവന്‍ അവരോട്,
“ദോ പാഞ്ച് പുഷ്അപ്സ് പ്ലസ്, ദോ ഏക്‌ പുഷ്അപ്സ്… ഉം…. ഉം ഉം..” എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി.
അറ്റ്‌ലീസ്റ്റ് പന്ത്രണ്ടിന്റെ ഹിന്ദി, പന്ത്രഹ് എന്നാണെന്നെങ്കിലും നമ്മക്കറിയാലോ.

Deepu Pradeep