വളരെ പണ്ട് ഒരൂസം, ദൈവം ഭാര്യയുടെ അടുത്തൂന്ന് ചീത്ത കേട്ട കലിപ്പ് ആരോടെങ്കിലും ഒന്ന്‍ തീര്‍ക്കണം എന്ന വിചാരത്തോടെ ഭൂമിയിലേക്ക് നോക്കിയപ്പോഴുണ്ട്  അതാ, എടപ്പാളിനപ്പുറം, കുറ്റിപ്പുറത്തിനിപ്പുറം, കാലടി എന്ന ഞങ്ങടെ നാട് ഒരു പ്രശ്നവും ഇല്ലാതെ ഇങ്ങനെ ജീവിച്ചു പോവുന്നു. ‘ആഹാ… ന്നാ ശരിയാക്കിതരാടാ ‘ ന്ന്‍ ദൈവം മനസ്സില്‍ പറഞ്ഞ  സെയിം മൊമെന്റിലാണ്, സുഭാഷിന്റെ അച്ഛന്‍ കുട്ടികളുണ്ടാവാന്‍ അമ്പലത്തില്‍ ഉരുളികമിഴ്ത്തുന്നത് കണ്ടത്. അടി സക്കേ!! … സുഭാഷ് ഭൂജാതനായി. ഇതാണ് ചരിത്രം.

ഉരുളി കമിഴ്ത്തിയപ്പൊ ഉണ്ട കുടുങ്ങി കിട്ടിയ സുഭാഷ്, അല്‍പ്പരില്‍ അല്‍പ്പനായി വളര്‍ന്നു വലുതായി . രണ്ടായിരത്തിരണ്ടിന്‍റെ ആദ്യപാദം, ഡിജിറ്റല്‍ ഡയറി എന്ന  അന്നത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമായി ഉള്ളവര്‍ കത്തിനില്‍ക്കുന്ന ടൈം.  ഇന്നത്തെ പതിനായിരം ഫേസ്ബുക്ക് ലൈക്കുകളുടെ മൂല്യമുണ്ടായിരുന്നു നാട്ടിലെ അന്നത്തെ ഡിജിറ്റല്‍ ഡയറി ഉടമകളായ സാലിക്കും  കുഞ്ഞുട്ടിക്കും. പക്ഷെ ലളിതന്മാരായ അവര്‍ അവരുടെ ഡിജിറ്റല്‍ ഡയറികള്‍ നാടിന്‍റെ പൊതു സ്വത്താക്കി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ  ഉള്ളില്‍ ഒരു തേങ്ങയും ഇല്ലെങ്കിലും, അതില്‍ മാറി മാറി തിരുപ്പിടിക്കല്‍ ആയിരുന്നു ക്ലബ്ബിലെ മെയിന്‍ നേരംപോക്ക്.


അങ്ങനെയിരിക്കുമ്പോഴാണ് ഒരു വരണ്ട വെള്ളിയാഴ്ച ആ അത്യാഹിതം സംഭവിക്കുന്നത് . നാറ്റ് വെസ്റ്റ്‌ ട്രോഫി ജയിച്ച ഗാംഗുലിയെപോലെ സുഭാഷ്, ഊരിയ ഷര്‍ട്ടും ചുഴറ്റി ക്ലബ്ബിലേക്ക് കയറി വന്നു. കയ്യില്‍ അവന്‍റെ  അച്ഛന്‍ ഗള്‍ഫീന്ന് ലീവിന് വരുമ്പൊ കൊണ്ടുവന്ന, പെടക്കണ നോക്കിയാ ഫോണ്‍!! കൊല്ലം രണ്ടായിരത്തിരണ്ട് ആയതുകൊണ്ട്, അതുകൊണ്ട് മാത്രം, ക്ലബ്ബ് ഒന്നടങ്കം ഞെട്ടി വിറങ്ങലിച്ചു. പക്ഷെ ഉടമ സുഭാഷ് ആയതുകൊണ്ട് എല്ലാവരും ഐക്യക ണ്‌ഠ്യേന ആ ഞെട്ടല്‍ പുറത്ത് കാണിക്കാതെ കടിച്ചുപിടിച്ചു നിന്നു.

അവന്‍  അങ്ങാടിയില്‍ ആ ഫോണും കൊണ്ട് ചാടിത്തുള്ളി നടന്ന്, ഓരോരുത്തര്‍ക്കും മാറിമാറി  കാണിച്ചുകൊടുക്കുന്നത് കണ്ട  വെളിച്ചപാട്, “അടുത്ത അയ്യപ്പന്‍ വിളക്കിന് തന്റെ പണി, സുഭാഷ് കൊണ്ടുപോവുമല്ലോ പടച്ചോനെ” ന്ന്  ഭയന്നു.  അതുണ്ടായില്ലെങ്കിലും പക്ഷെ, പിന്നീട് വെളിച്ചപാട് തുള്ളുമ്പോ, അതില്‍ സുഭാഷിന്റെ അന്നത്തെ രണ്ടുമൂന്ന് സ്റ്റെപ്പ് ഇടയ്ക്കിടയ്ക്ക്  കേറിവരാറുണ്ടായിരുന്നു.

ഈശ്വരാ…ഈ നാട്ടില്‍ എത്ര ആള്‍ക്കാരുണ്ട്, എന്നിട്ടും ആദ്യമായിട്ട് ഒരു മൊബൈല്‍ ഫോണ്‍ കിട്ടാന്‍ യോഗമുണ്ടായത്  ഈ  നൂറ്റാണ്ടിന്റെ അബദ്ധത്തിനു തന്നെയാണല്ലോ എന്നായിരുന്നു ക്ലബ്ബിന്റെ വ്യസനം. ഇനിയുള്ള നാളുകള്‍ ഇവനെ എങ്ങനെ സഹിക്കും എന്നതിനെ പറ്റി ആര്‍ക്കും ഒരു പിടുത്തവും ഇല്ലായിരുന്നു.  ആ അടക്കാപച്ച ഷര്‍ട്ട് കറങ്ങിയപോലെ ക്ലബ് അംഗങ്ങളുടെ  ഹൃദയങ്ങളും വായുവില്‍ കറങ്ങികൊണ്ടിരുന്നു.

ആദ്യമൊക്കെ സുഭാഷിന്റെ ഫോണിന്റെ ഫീച്ചേര്‍സ്, ആള്‍ക്കാരെ ആരോഗ്യമാസികയുടെ ശീര്‍ഷകങ്ങള്‍ പോലെ ആകാംഷാഭരിതരാക്കി, ഫയറിന്റെ കവര്‍ പേജ് പോലെ വിസ്മയിപ്പിച്ചു. പക്ഷെ എടപ്പാളിലെ ലോക്കല്‍ ചാനല്‍, നാട്ടിലെ ആദ്യത്തെ  മൊബൈല്‍ ഫോണ്‍ ഉടമയെ ഇന്റര്‍വ്യൂ  ചെയ്തതോടെ ചെക്കന്‍  കയ്യീന്നുപോയി.  സുഭാഷ് നാട്ടിലെ ബുള്‍ഗാനില്ലാത്ത വിജയ്‌ മല്യയായി. ലോക തോല്‍വി.

നാടിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ആ മൊബൈല്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. സുഭാഷിന്റെ  ഞെകളിപ്പ്  സഹിക്കാന്‍ വയ്യാതെ ചിലര്‍ വീട്ടീന്ന് പുറത്തിറങ്ങാതെയായി. രാത്രി ഉറക്കത്തില്‍ സുഭാഷ്  കൊഞ്ഞനം കുത്തുന്നത് കണ്ട് പലരും  ഞെട്ടിയെണീറ്റു.  ഒരു ലക്കം ‘വനിത’ അടിക്കാനുള്ള അത്രയും സുഭാഷിതങ്ങള്‍ കാലടിയുടെ ആകാശത്ത് പറന്നുനടക്കുന്നുണ്ടായിരുന്നു . ക ല്യാണിക്കാവ് പൂരം എഴുന്നള്ളിപ്പിനിടെ ആന മൊബൈല്‍ ഫോണിലേക്ക് നോക്കി ചിഹ്നം വിളിച്ചു, പട്ടാമ്പി AMLP സ്കൂളിലെ കുട്ടികളെ  സുഭാഷിന്റെ ഫോണ്‍ കാണിക്കാന്‍  പഠനയാത്ര കൊണ്ടുവന്നു,   ഫോണ്‍ കാണാനായി യാത്രക്കാരെല്ലാം ഒരുമിച്ച് വീട്ടിലേക്ക് എത്തിനോക്കിയപ്പോ  ‘യാത്ര’ ബസ് ചെരിഞ്ഞു…. കാലടിക്ക് സഹിക്ക്യല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.

ആ പരിസരത്തൊന്നും റേഞ്ച് ഇല്ലാത്തതായിരുന്നു നാട്ടുകാരുടെ  ആകെയുണ്ടായിരുന്ന ഒരാശ്വാസം.  മാണൂര്‍ കുന്നിന്‍റെ  മുകളിലെ പറങ്കിമാവില്‍ കേറി നിന്നാല്‍, കാറ്റടിക്കുമ്പോ രണ്ടു കട്ട കിട്ടും. പക്ഷെ അതുകൊണ്ട് ആ മണ്ടന് നാട്ടുകാര് കേള്‍ക്കെ ഫോണ്‍ ചെയ്യാനാവില്ലല്ലോ. വിന്‍!!

പക്ഷെ എരിതീയില്‍ ഒഴിക്കാന്‍ ഒരു ക്വിന്റല് എണ്ണയുംകൊണ്ട്  BSNL വന്നു. കണ്ടനകം KSRTC വര്‍ക്ക്ഷോപ്പിന്റെ പിന്നിലെ കുന്നില്‍, യമണ്ടന്‍ ഒരു മൊബൈല്‍  ടവറിന്‍റെ പണി തുടങ്ങി. അതോടെ ലവന്‍  ലെവല് മാറി എലൈറ്റ് ലീഗിലായി. സ്വയം പ്രഖ്യാപിത സെലിബ്രിറ്റി. സുഭാഷ്  ഫോണ്‍ വാങ്ങിയെന്ന്‍ അറിഞ്ഞതോടെയാണ്  BSNL ടവറിന്റെ പണി തുടങ്ങിയത്  എന്ന് നാട്ടില്‍ കഥകള്‍ പരന്നു. വേറാരാ, ആ തെണ്ടി  തന്നെ അടിച്ചിറക്കിയതായിരുന്നു അത്. അട്രോഷ്യസ് !

ആ ടവര്‍ കുത്താന്‍ കുഴിയെടുത്തത്  ഞങ്ങള്‍ കാലടിക്കാരുടെ നെഞ്ചിലായിരുന്നു. അതിലെ ഓരോ വെല്‍ഡിന്റെയും  ചൂട് ഉരുക്കിയത് ഞങ്ങളുടെ ചങ്കിനെയായിരുന്നു.ഭാര്യയെ പ്രസവത്തിനു കേറ്റിയ പോലെ, സുഭാഷ് പണി നടക്കുന്നിടത്ത്  അക്ഷമനായി നടന്നു.

ടവറിന്റെ പെയിന്റിംഗ് കഴിഞ്ഞു. അവന്‍റെ ഫേവറിറ്റ് കളര്‍ ആയതുകൊണ്ടാണ്‌ ടവറിന് ചുവപ്പ് പെയിന്റ് അടിച്ചത് എന്നായി അടുത്ത കഥ. അതും കൂടി കേട്ടതോടെ കുഞ്ഞുട്ടി ഒന്‍പതരയുടെ ‘ജീസസ്’ ബസ്സിന് കുന്നംകുളത്തേക്ക് വിട്ടു. ടവര്‍ തകര്‍ക്കാന്‍ ബോംബ്‌ വല്ലോം വാങ്ങാന്‍  കിട്ട്വോന്നറിയാനായിരുന്നു ആ പോക്ക്.

ടവര്‍ ഉദ്ഘാടനം ചെയ്‌താല്‍ സംഭവിച്ചേക്കാവുന്ന ആ പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ ദേശക്കാര്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞപ്പോഴാണ് വിഷയത്തില്‍ പുതിയൊരാള്‍  ഇടപെടുന്നത്, സുരേട്ടന്‍! കല്‍ക്കണ്ടത്തിന്‍റെ  ഖല്‍ബും, ഗുല്‍മോഹറിന്‍റെ  ഗുമ്മുമുള്ള സുരേട്ടന്‍. വേറേതോ ഡയമെന്ഷനില്‍ ജനിക്കാന്‍ പോവുകയായിരുന്ന സുരേട്ടന്‍ അബദ്ധത്തില്‍ നമ്മുടെ ഡയമെന്ഷനില്‍ വന്നു പെട്ടതാണെന്ന് എനിക്ക് പലകുറി തോന്നീട്ടുണ്ട്. അമ്മാരി എപ്പിസോഡുകളാണ് മൂപ്പരാളുടെ ലൈഫ് നിറയെ.

ഈ സുരേട്ടനും സുഭാഷും തമ്മില്‍ പഴയൊരു റിവഞ്ച് ബാക്ക് സ്റ്റോറിയുണ്ട്. സുരേട്ടന്‍ പുളിയച്ചാര്‍ വാങ്ങികൊടുത്തിട്ട് വാങ്ങാത്ത നാട്ടിലെ ഒരേയൊരു കുട്ടിയായിരുന്നു സുഭാഷ്. ആ പുളിയച്ചാര്‍ ആയിരുന്നു  അന്ന് രാത്രി ആ പണി പറ്റിച്ചത്. ടവറിന്‍റെ  പണി പൂര്‍ത്തിയായിട്ടും ഫോണില്‍ റേഞ്ച് വരാത്തത് കൊണ്ട് വിഷണ്ണനായി ഫുള്‍ടൈം മൊബൈലിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു ക്ലബ്ബില്‍ സുഭാഷ്. സുരേട്ടന്‍ വന്ന്, ഒരൊറ്റ ചോദ്യം.

“സുഭാഷേ…നിനക്ക് റേഞ്ച് വേണോടാ ?”

കേട്ടപാട് സുഭാഷ് ചാടി ഇറങ്ങി കൂടെ ചെന്ന്.

‘വേണം സുരേട്ടാ..കിട്ട്വോ?”

സുരേട്ടന്‍ സുഭാഷിന്‍റെ  തോളില്‍ കയ്യിട്ടു നടന്നുകൊണ്ട് ആ ‘ടെക്നിക്’ പറഞ്ഞു കൊടുത്തു.

“ലൈറ്റ് ഹൌസിലെ ലൈറ്റ് കണ്ടിട്ടില്ലേ നീയ്…അതുപോലെയാണ് ഈ മൊബൈല്‍ ടവറില്‍ നിന്ന് റേഞ്ച് വിടുന്നത്, ഫുള്‍ ടൈം റേഞ്ച് ഇങ്ങനെ വട്ടത്തില്‍ കറങ്ങികൊണ്ടിരിക്കും. നമ്മള് അതിന്റെ കൂടെ കറങ്ങിയാല്‍ മാത്രേ ഫോണില്‍ റേഞ്ച് കിട്ടൂ..”

തിരൂര്‍ പോളിയില്‍ നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമ പഠിച്ചിറങ്ങിയ ആ സുരേട്ടനെ സുഭാഷിന് വിശ്വാസമായിരുന്നു. അവന്‍ നേരെ വീട്ടില്‍ പോയി ഉറങ്ങികിടന്നിരുന്ന അച്ഛമ്മയെ  വിളിച്ചുണര്‍ത്തി ലാന്ഡ് ഫോണിന്റെ അടുത്ത് കൊണ്ടുപോയി പ്രതിഷ്ടിച്ചിട്ടു പറഞ്ഞു.

“ഞാന്‍ എന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുറച്ചുകഴിയുമ്പോ വിളിക്കും, എടുത്തോണം”.

എന്നിട്ട് ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ചും തെളിച്ചുകൊണ്ട് അളിയന്‍ ആ നട്ടപാതിരായ്ക്ക് ടവറിന്‍റെ  കീഴിലെത്തി. സുരേട്ടന്‍ ഓതി കൊടുത്തപോലെ ഫോണും പിടിച്ച് എട്ടു  റൌണ്ട് ക്ലോക്ക് വൈസ് കറങ്ങീട്ട് കിട്ടാതായപ്പോള്‍, അവന്‍  പിന്നെ ആന്റി ക്ലോക്ക് വൈസ് കറങ്ങാന്‍ തുടങ്ങി. എന്നാലും സുരേട്ടനെ സംശയിച്ചില്ല. എവടെ… കട്ട പോയിട്ട് പൊടിപോലും വന്നില്ല ഫോണില്‍. ഇനി ടവറിന്‍റെ  താളത്തില്‍ അല്ലെങ്കിലോ തന്റെ സ്പീഡ് എന്ന സംശയത്തോടെ സുഭാഷ് പല വേഗത്തില്‍ കറങ്ങാന്‍ തുടങ്ങി.

ഈ സമയം ഇതെല്ലാം കണ്ട് ടവറിന്റെ അട്ടത്ത് ഒരാള്‍ പേടിച്ചു വിറച്ച് ഇരിക്കുന്നുണ്ടായിരുന്നു. ടവറിന്റെ മുകളിലെ വെളുത്ത പെട്ടി അടിച്ചുമാറ്റാന്‍ വേണ്ടി കേറിയ ഒരു പാവം കള്ളന്‍.  കള്ളന്‍ പെട്ടു എന്ന് സ്വയം വിശ്വസിച്ചു. തന്നെ പിടിക്കാന്‍ താഴെ ടോര്‍ച്ചുമായി റോന്തുചുറ്റുന്ന ‘സെക്യൂരിറ്റി’യുടെ മുന്നില്‍ നിന്ന് രക്ഷപെടാന്‍ ഒരു വഴിയുമില്ല എന്ന് കണ്ടതോടെ, കീഴടങ്ങി മാപ്പിരക്കാന്‍  തീരുമാനിച്ച് ആ കള്ളന്‍ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി.

അപ്പോഴും താഴത്തെ മുത്ത്  പ്രദിക്ഷണം നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. മൊതലാളി കഷ്ടപെടുന്നത് കണ്ടിട്ട് മൊബൈലിനു കഷ്ടം തോന്നീട്ടാണോ എന്തോ…അകലെയുള്ള പട്ടാമ്പി ടവറില്‍ നിന്ന് കുറച്ച് റേഞ്ച്, ഫോണ്‍ ഏന്തിപ്പിടിച്ച് വലിച്ചെടുത്തു കൊടുത്തു. അത് കിട്ടിയതോടെ  സുഭാഷ് ഒരു അട്ടഹാസമാണ്. ആഫ്റ്റര്‍ എഫക്റ്റ് ഉണ്ടായത് ടവറിന്റെ മുകളില്‍ നിന്നാണ്. കാറ്റത്ത് വീണ കറമൂസുംകായ പോലെ കള്ളന്‍ പതക്കോന്ന് വന്നുവീണു, വിത്ത്‌ അലര്‍ച്ച ബി ജി എം.  ആകെയുള്ള ഒരു മില്ലി ധൈര്യം സ്പോട്ടില് മൂത്രത്തിന്റെ കൂടെ പോയതുകൊണ്ട് സുഭാഷ് ബോധംകെട്ടു മലച്ചുകെട്ടി വീണു. “മൊബൈല്‍ഫോണ്‍ ടവറിന്റെ സുന കിട്ടിയില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍, കക്കാന്‍ വന്നാല്‍ ഈ കള്ളന്‍ കട്ടിട്ടേ പോവൂ” എന്നും പറഞ്ഞു സുഭാഷിന്റെ  എല്ലാമെല്ലാമായ ഫോണും അടിച്ചോണ്ട്  ചെങ്ങായി എസ്കേപ്പായി.

കാര്യം അറിഞ്ഞപാട്, പില്‍കാലത്ത് സൈക്കിള്‍ അഗര്‍ബത്തീസ്കാര് ഉപയോഗിച്ച ഒരു പരസ്യ വാചകമായിരുന്നു നാട്ടുകാര് പറഞ്ഞത്,  “ദൈവം ഉണ്ട് !” . പിറ്റേന്ന് കാലടി അമ്പലത്തില്‍ റെക്കോര്ഡ് വരവായിരുന്നു. സുരേട്ടന്റെ പേരില്‍ ദേഹപുഷ്പാഞ്ജലി മുതല്‍ ഗണപതിഹോമം വരെ കഴിച്ചവരുണ്ട്.

ഏതാണ്ട് നടയടച്ച സമയത്താണ് സുഭാഷിന്റെ അച്ഛന്‍ ദാമോദരേട്ടന്റെ അടുത്ത്  ഓറഞ്ചും പൊതിയും പിടിച്ചുകൊണ്ടു നമ്മടെ സുരേട്ടന്‍ പ്രത്യക്ഷപെടുന്നത്. അതെ , വീണ്ടും !

“ദാമോദരേട്ടാ … അവിടുണ്ടായിരുന്ന ഒരു പന മുറിച്ചിട്ടാണ് BSNL കാര് ആ  ടവര്‍ വെച്ചത്, പനേല് ഉണ്ടായിരുന്ന പ്രേതങ്ങളൊക്കെ ഇപ്പൊ ആ ടവറിന്റെ മുകളിലാ താമസം. സുഭാഷിന്റെ മുന്നിലേക്ക് ചാടിയ പ്രേതം അങ്ങനെ വെറും കയ്യോടെ തിരിച്ചുപോവുകയൊന്നും ഇല്ല….” സുരേട്ടന് മുഴുമിപ്പിക്കേണ്ടി വന്നില്ല.

മോന്  മൈഗ്രേന്‍  ഉണ്ടെങ്കില്‍, അച്ഛന് തലവേദനയെങ്കിലും കാണാതിരിക്ക്യോ. ദാമോദരേട്ടന്‍ സുഭാഷിനെയും കൊണ്ടുമണ്ടി നീലിയാട്ടിലേക്ക്, ബാധ ഒഴിപ്പിക്കാന്‍. സുഭാഷിന് അവിടുന്നും കിട്ടി കണക്കിന്.

‘പ്രതിഭാസമേ നിന്‍റെ പേരോ സുര !’ എന്നാണ് നാട്ടിലെ കവി ജ്ഞാനചന്ദ്രന്‍ മാസ്റ്റര്‍ ഇതുംകൂടി അറിഞ്ഞപ്പോള്‍ എഴുതിവെച്ചത്. ‘സുഭാഷ് ടവര്‍’ രണ്ടുമാസം കഴിഞ്ഞപ്പോ റേഞ്ച് തരാനും തുടങ്ങി.