കെ എസ് ആർ ട്ടി സി യാത്രയിലൊന്നിലാണ്. സൈഡ് സീറ്റ് കരസ്ഥമാക്കിയ സന്തോഷത്തിൽ ചാരിയിരിക്കുന്ന എന്റെ ലുക്ക് മുഖത്ത് നിന്നും ആരംഭിക്കുന്ന ദൃശ്യം.
ബസ് നീങ്ങിതുടങ്ങുന്നു. എനിക്കത് ജലദോഷക്കാലമാണ്. വായിൽ വന്ന കഫം തുപ്പാൻ ഞാൻ ഷട്ടർ പൊന്തിച്ച് നോക്കുമ്പോഴേക്കും ബസ്സിന്റെ സ്പീഡ് അർദ്ധസെഞ്ച്വറി അടിച്ചുകഴിഞ്ഞിരുന്നു. വിൻഡ് വിറ്റുണ്ടാക്കണ്ട എന്നു കരുതി ഞാൻ തുപ്പാൻ ബസ് നിർത്തുന്നതും കാത്തിരുന്നു. ‘ടൈമിംഗ്!’ എന്ന് പറയിപ്പിക്കാൻ ദാ വരുന്നു മൊതല്, കണ്ടക്ടർ!
“എവിടേയ്ക്കാ?”
വായ തുറക്കാൻ പറ്റാതിരിക്കുന്ന ടൈമിൽ വന്ന് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നതൊക്കെ എന്ത് രാഹുൽ ദ്രാവിഡാണ്.
സ്റ്റോപ്പ് പറയണം. പക്ഷെ ഇറക്കാനും വയ്യ തുപ്പാനും പറ്റില്ല, പെട്ട സീൻ. ജീവിതത്തിൽ സബ് ടൈറ്റിലുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയ നിമിഷം…

ഐഡിയ മിന്നി! ഞാൻ ഫോണ് പുറത്തെടുത്ത് ടൈപ്പ് ചെയ്തു, ‘കുറ്റിപ്പുറം’.
അപ്പോഴേക്കും, പോവേണ്ട സ്ഥലം പറയാതെ മൊബൈലിൽ തോണ്ടിക്കളിക്കുന്ന എന്നെ കണ്ട്, കണ്ടകടറുടെ വദനം നാളികേരം വീണ ആനപ്പിണ്ടം പോലെ ചുളിഞ്ഞിരുന്നു. ഞാൻ ഫോണ് സ്ക്രീൻ അയാൾക്ക് കാണിച്ചുകൊടുത്തു. പൊടുന്നനെ അയാളുടെ മുഖം കരുണത്തിലേക്ക് രസം മാറ്റി.
“സോറി….”
‘ഒരാളല്ലേ?’ എന്നയാൾ പിന്നെ ആംഗ്യഭാഷയിലാണ് ചോദിച്ചത്. ഞാൻ തല ആട്ടികൊടുത്തു.
‘സംസാരശേഷി’ ഇല്ലാത്ത എനിക്ക് ടിക്കറ്റ് തന്ന് അയാൾ കുറ്റബോധത്തോടെ നടന്നു പോയി. ഐ വാസ് റിയലി ഹെല്പ്ലെസ്.

ബസ് അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ തന്നെ ഞാൻ തുപ്പി സ്വാതന്ത്ര്യം നേടി. അപ്പൊ ദേ അടുത്തത്, എന്റെ തൊട്ടടുത്തിരിക്കുന്ന വ്യക്തി എന്നെയൊന്നു തോണ്ടിയശേഷം അയാളുടെ ഫോണിൽ ടൈപ്പ് ചെയ്തതെന്തോ എന്നെ കാണിക്കുന്നു. എന്താണത്?
“ജന്മനാ ഊമയാണോ?”
ഞാൻ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. കണ്ണുംചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുന്ന കുട്ടിയുടെ നിഷ്കളങ്കത.
ഞാൻ കുറ്റിപ്പുറത്തിന്റെ കീഴെ ടൈപ്പ് ചെയ്തു,
“ഉം”
“കഷ്ടം…. കഴിഞ്ഞജന്മത്തിൽ പശുവിനെ കല്ലെടുത്തെറിഞ്ഞവരാണ് ഈ ജന്മത്തിൽ ഊമകളായി ജനിക്കുക എന്ന് ഞങ്ങളുടെ നാട്ടിൽ പറയും”
ഇയാളുടെയല്ലേ നാട്, പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ…
വീണ്ടും ടെക്സ്റ്റ്, “എനിക്കീ വൈകല്യങ്ങളുള്ളവരെ കാണുമ്പൊ ഒരു മനഃസുഖമാണ്, നിങ്ങൾക്ക് ഞങ്ങളെപോലെ ജീവിതം എൻജോയ് ചെയ്യാൻ പറ്റില്ലല്ലോ” ഫോളോഡ് ബൈ എ വളിച്ച ചിരി.
ആ തുപ്പ് തുപ്പേണ്ടിയിരുന്നത് ഇയാളുടെ മുഖത്തേക്കായിരുന്ന.

പറന്ന് പോണ കാക്കയോട് ഏണിവെച്ച് കേറി നിന്ന് വർത്തമാനം പറയണ ഐറ്റമായിരുന്നു അയാൾ. പിന്നെ കുറ്റിപ്പുറം ഹെൽത്ത് സെന്റർ കഴിഞ്ഞ്, ഭാരതപ്പുഴ ദൃശ്യത്തിൽ വരുന്നത് വരെ ഞങ്ങളുടെ രണ്ടു സ്ക്രീനുകളും വാതോരാതെ സംസാരിച്ചു. തൊട്ടടുത്തിരിക്കുന്ന ആളോട് സ്മൈലി ഇട്ട് സംസാരിക്കുന്ന നവ്യാനുഭവം! ഞാനതൊക്കെ ആ സ്പിരിറ്റിലെ എടുത്തുള്ളൂ. പക്ഷെ ആ സുമുഖൻ സ്പിരിറ്റിലെടുക്കുമോ അതോ ലോഹത്തിൽ എടുക്കുമോ എന്നറിയാത്തത് കൊണ്ട് ഞാൻ ബസ് ഇറങ്ങി പുറത്ത് വന്നശേഷം, ജനാലയ്ക്ക് അരികിൽ ചെന്നാണ് വായ കൊണ്ട് അത് പറഞ്ഞത്
“ചേട്ടാ….. ഹാപ്പി ജേർണി റ്റു യു”

സഹയാത്രികന് സംസാരശേഷി കിട്ടിയതിൽ അയാൾ സന്തോഷിക്കുമെന്നു ഞാൻ കരുതി. അതുണ്ടായില്ല. പകരം, തുടയ്ക്കടിക്കാൻ ഭീമന് ടെക്നിക്ക് പറഞ്ഞുകൊടുത്ത കൃഷ്ണനെ, കണ്ണടയും മുമ്പ് ദുര്യോധനൻ നോക്കിയപ്പോലൊരു നോട്ടം നോക്കി. പിന്നെ മുഖം കുനിച്ച് തന്റെ ഫോണിലേക്കും… കോഴിക്കോട് നിന്നിങ്ങോട്ട് എഴുപത് കിലോമീറ്റർ ടൈപ്പ് ചെയ്തുകൂട്ടിയ അക്ഷരങ്ങൾ അതിനുള്ളിൽ കെട്ടിപ്പിടിച്ച് കരയുന്നുണ്ടാവണം.
ഒരു സുഖം, ഒരു മനഃസുഖം.

Deepu Pradep