“നിയമങ്ങളില്ലാത്ത ഒരു ലോകം…. വ്യവസ്ഥകളോ സമ്പ്രദായങ്ങളോ ഇല്ലാത്ത ഒരു സമൂഹം. അവിടെ, മനുഷ്യ മാംസം കഴിക്കാൻ നിങ്ങൾക്കൊരവസരം കിട്ടിയാൽ ആരെ രുചിച്ചു നോക്കണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം?”
“ഗായത്രിയെ!”
ഡോക്ടറുടെ ചോദ്യം എന്നോടായിരുന്നെങ്കിലും വന്നത് ഹാനിയുടെ ഉത്തരമായിരുന്നു. ഞാനമ്പരന്നുപോയി, അവനൊന്നു ആലോചിച്ചതുപോലുമില്ല! അങ്ങനെ ഒരാഗ്രഹമുള്ള ഒരാൾ അവിടെയുണ്ടെന്ന് മനസ്സിലാക്കിയിട്ടു തന്നെയാവണം ഡോക്ടർ, ആ ചോദ്യം ഞങ്ങൾ കൂടിരിക്കുന്ന ആ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നത്. എല്ലാവരുടെയും കൃഷ്ണമണികൾക്കുളിൽ എനിക്കുപകരം ഹാനി സ്ഥാനംപിടിച്ചു.

വിമാനത്താവളത്തിലെ നിയോൺ വെളിച്ചങ്ങളുടെ അഴക് വീശിയെത്തുന്ന, ബോണസായികളും ബോഗൻവില്ലയും വള്ളിമുല്ലയും പന്തലിച്ചിട്ടുള്ള ആ ടെറസിലുണ്ടായിരുന്നത് ഞങ്ങൾ അഞ്ചുപേരായിരുന്നു. ഡോക്ടർ എന്ന് ഞങ്ങൾ വിളിക്കുന്ന ഒറ്റകണ്ണുള്ള ആ തൃക്കണ്ണുകാരൻ, ആദിയും അന്തവും അയാളാണ്, പ്രേതാന്വേഷകൻ ചന്ദ്രമോഹൻ. പണ്ടെങ്ങോ നഷ്ടപെട്ടുപോയൊരു കാമുകിയെകുറിച്ച് അനേകായിരം നാലുവരികവിതളെഴുതി ആയിരം കാമുകിമാരെ സ്വന്തമാക്കിയ പാർത്ഥിപൻ. ദിവസവും സമയം തെറ്റിയോടാറുണ്ടായിരുന്ന ഒരു കോഴിക്കോട്-തൃശൂർ ബസ്സിന്‍റെ ഡ്രൈവർ ഡേവിഡേൻ. പിന്നെ ഗായത്രിയെ പ്രണയിക്കുന്ന ഹാനിയും.

“ആരാ ഗായത്രി?” പാർത്ഥിപനാണത് ചോദിച്ചത്. ഇപ്പോൾ മറ്റുള്ളവരുടെ വിരഹവും പാർത്ഥിപൻ കവിതയാക്കാൻ തുടങ്ങിയിട്ടുണ്ട്.
“എന്‍റെ കാമുകിയായിരുന്നു, ഇഷ്ടം മൂത്ത് മൂത്ത് അവളെയൊന്നു തിന്നുനോക്കണമെന്നായി ഒടുവിലെനിക്ക്. പക്ഷെ അവളെ വേദനിപ്പിക്കാനാവില്ലല്ലോ പാർഥീ… എന്‍റെ ഹൃദയവും തലച്ചോറും തമ്മിൽ വലിയൊരു യുദ്ധം തന്നെ നടന്നിട്ടുണ്ടായിരുന്നു അക്കാലത്ത്”
“എന്നിട്ട്?” ഏതോ പരേതാത്മാവിനാണെന്ന് പറഞ്ഞ് ഡോക്ടർ ഒരു ഗ്ളാസ് വിസ്കി ടെറസിന്‍റെ മൂലയിൽ വളർന്നുകൊണ്ടിരിക്കുന്ന പവിഴമല്ലിയുടെ പൂവുള്ള ചില്ലയിലൊഴിച്ചു.
“അവളെ ഞാൻ മറന്നുകളഞ്ഞു”
അവന്‍റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“പേടിയായിരുന്നു ഡോക്ടർ, എന്നെങ്കിലുമൊരിക്കൽ എന്‍റെ ഹൃദയത്തെ തലച്ചോർ വിഴുങ്ങുമോ എന്ന ഭയം!”
ഡേവിഡിഡേട്ടന്‍റെ കൂടി ഗ്ളാസെടുത്ത് ഹാനി വായിലേക്കൊഴിച്ചു.

മുപ്പത് വർഷത്തെ പരിചയമുണ്ടായിരുന്നു ഞാനും ഹാനിയും തമ്മിൽ. എന്നിട്ടെന്നോടുപോലും പറയാതെ അവന്‍ സൂക്ഷിച്ച ആ രഹസ്യം, ഡോക്ടറുടെ ഒറ്റ ചോദ്യത്തിൽ പുറത്തുവന്നതിലെ അത്ഭുതം അപ്പോഴും എന്‍റെ മുഖത്തുണ്ടായിരുന്നു.
“അവൾക്കിപ്പോഴും അറിയില്ല, അവളെക്കാളേറെ അവളെ സ്നേഹിച്ച ഈ ഞാനെന്തിന് പെട്ടെന്നൊരു ദിവസം അവളെ ഉപേക്ഷിച്ചതെന്ന്. ഭ്രാന്ത് പിടിച്ചപോലെ അവളെന്‍റെ പിറകെ വന്നിട്ടുണ്ട്, പക്ഷെ അതിലും വലിയൊരു ഭ്രാന്തിന് അവളെ കുരുതികൊടുക്കാൻ താല്പര്യമില്ലാത്തതിനാൽ ഞാൻ നാടുവിട്ടു…”
എനിക്കറിയാത്ത കഥകൾ! എന്‍റെ അത്ഭുതം പയ്യെ പയ്യെ നീരസത്തിലേക്കടുത്തു. ഹാനി ഗായത്രിയെക്കുറിച്ച് പറയുമ്പോഴൊക്കെയും അവൻ എന്നിൽ നിന്ന് വിട്ടുപോവുന്നപോലെയൊരു തോന്നൽ.

കഴിഞ്ഞ പ്രളയത്തിന് മുൻപ്, ഊട്ടിയിലെ ഒരു ഡീ അഡിക്ഷൻ സെന്ററിൽ വെച്ചാണ് ഈ സംഘമുണ്ടാവുന്നത്. ഞങ്ങളെയും ഡേവിഡേട്ടനെയും പാർത്ഥിപനെയും വീട്ടുകാർ കെട്ടിവലിച്ച് കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തതായിരുന്നെങ്കിൽ, ഡോക്ടർ മാത്രം സ്വമനസ്സാലെ വന്ന് അഡ്മിഷൻ എടുത്തതായിരുന്നു അവിടെ. പരിചയപ്പെട്ട തിങ്കളാഴ്ചയിൽ ഞാൻ കാരണം തിരക്കിയപ്പോൾ, “എന്‍റെ ഈ ജന്മത്തിലെ നിയോഗത്തിലൊന്നാണിത്, അല്ലെങ്കിൽ പേരറിയാത്ത എന്‍റെ പിതൃ കാരണവന്മാരിലൊരാൾ ഭൂമി വിടുന്നതിന് മുൻപ് നേർന്നിട്ടു പോയ ഒരു നേർച്ച” എന്നിങ്ങനെ എനിക്ക് മനസ്സിലാവാത്ത എന്തൊക്കെയോ പറഞ്ഞശേഷം ഡോക്ടർ അവലാഞ്ചെയിലെ തണുപ്പിലേക്ക് നടക്കുകയാണുണ്ടായത്. പിന്നീട് കയ്യിലൊരു ഡയറിയുമായി അവിടുത്തെ രോഗികളിൽ നിന്ന് രഹസ്യ കൂട്ടുകളും, വിശിഷ്ട രുചികളും, കോമ്പിനേഷനുകളും കുറിച്ചെടുക്കുന്ന നിലയിൽ ഡോക്ടറെ കണ്ടപ്പോഴാണ് എനിക്ക് കാര്യം വ്യക്തമായത്… ‘കാടിനെക്കുറിച്ചറിയണമെങ്കിൽ മൃഗങ്ങളോട് തന്നെ തിരക്കണം’
മുൻപേ ഒരേ മതക്കാരായിരുന്ന ഞങ്ങൾ അതോടുകൂടി ഡോക്ടറെ പ്രവാചകനായി കണ്ട് ആ വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഡീ അഡിക്ഷൻ സെന്ററിലെ വിജയകരമായ ചികിത്സ കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് കാർവാറിന് അപ്പുറം, പോലേം എന്നൊരു ഗ്രാമത്തിലേക്കായിരുന്നു, ഭട്ടി എന്ന ഗോവൻ മദ്യം രുചിയ്ക്കാൻ. നാലുപേർ ഒരുമിച്ച് മോക്ഷത്തിലെത്തിയ നിമിഷം!
അതിൽ പിന്നെ എല്ലാ രണ്ടുമാസത്തിലൊരിക്കലും ഞങ്ങൾ യാത്ര പോവും, മാരീചനായ ഡോക്ടറുടെ പിറകെ….. ബാംഗിന്‍റെ ലഹരിയറിയാൻ ഉജ്ജയിനിയിലെ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ, വിഷം എന്ന അപരനാമമുള്ള ഗുഡംബ കുടിയ്ക്കാൻ വാറങ്കലിൽ, ഇരുപത്തിയൊന്ന് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കുന്ന തങ്കനിറമുള്ള കേസർ കസ്തൂരിയ്ക്ക് വേണ്ടി ജോധ്പൂരിൽ, പുഷ്പത്തിൽ നിന്നുണ്ടാക്കുന്ന മഹുവയെയറിയാൻ ഛത്തീസ് ഗഡിലെ നാങ്കുറിൽ, ഹിമാലയത്തിന്‍റെ ബിയർ എന്നറിയപ്പെടുന്ന ടിബറ്റിൻ ഛാങ്ങിനു വേണ്ടി സങ്മുവിൽ… ഉന്മാദത്തിനു വേണ്ടിയുള്ള തീർത്ഥയാത്രകൾ!

പതിവ് മുടക്കാതെയുള്ള പുതിയ യാത്രയ്ക്കായി, എയർപോർട്ടിന് അടുത്തുള്ള എന്‍റെ വീട്ടിൽ ഒത്തുകൂടിയതായിരുന്നു ഞങ്ങൾ. ദൂരെ കാഠ്മണ്ഡുവിൽ രാക്സി എന്ന ദൈവത്തിന്‍റെ പാനീയം ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. വെളുപ്പിനുള്ള ഡൽഹി ഫ്‌ളൈറ്റിന് മുൻപുള്ള ഈ രാത്രി ഉറങ്ങാതെ വെളുപ്പിക്കാമെന്ന ആശയം വന്നതും ഡോക്ടറുടെ അടുത്തുനിന്നായിരുന്നു. സ്ഥാനപ്പേരില്ലാത്ത സംഘതലവന്‍റെ തീര്‍പ്പുകള്‍! പക്ഷെ അതിനെ അപ്പോഴേ എതിര്‍ക്കണമായിരുന്നു എന്ന് വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഞങ്ങളുടെ ഒഴുക്ക് മാറിയൊഴുകാൻ പോവുകയായിരുന്നു….. മഹാകാലേശ്വറിൽ വെച്ച് ഹാനി എന്നോട് മാത്രമായി പറഞ്ഞതാണ് എനിക്കോർമ്മ വന്നത്, ‘നമ്മളീ ചന്ദ്രമോഹനെ ഒന്ന് സൂക്ഷിക്കേണ്ടി വരും!’

ഡോക്ടറുടെ ആ ചോദ്യത്തിനപ്പുറം, നേരമേറെ കഴിഞ്ഞിട്ടും ഹാനി ഗായത്രിയോടൊപ്പമായിരുന്നു. നാലാം പെഗ്ഗിന് അപ്പുറമുള്ള നീണ്ട നിശബ്ദത…. അതിലേക്ക് അബുദാബിയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനം നിഴലും വെളിച്ചവുമായി പറന്നിറങ്ങി. പക്ഷികളില്‍ നിന്ന് മാറിനില്‍ക്കാന്‍ വേണ്ടി എയര്‍പോര്‍ട്ടിനടുത്തെ ഈ വീട് വാങ്ങിച്ച എനിക്കീ ആകാശത്തെ ഉയര്‍ച്ചകളും താഴ്ചകളും ശീലമാണ്. പക്ഷെ വിരുന്നുകാര്‍ ഓരോ തവണയും ഞെട്ടി മുകളിലേക്ക് നോക്കുന്നത് കാണാം. ഹാനിയുടെ മുഖത്തെ വിഷാദത്തിലേക്ക് കണ്ണ് പാകി ഡേവിഡേട്ടൻ ഡോക്ടറോട് ചോദിച്ചു,
“നിങ്ങളെന്തിനാണ് ഈ സമയത്ത് ഇങ്ങനെയൊരു ചോദ്യം കൊണ്ടുവന്നത്?”
ഡോക്ടർ പൊട്ടിച്ചിരിച്ചു.
“ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ തിന്ന ആൽഫ്രഡ് ഇഞ്ചിമോ എന്ന ഫ്രഞ്ചുകാരൻ ഒടുവിൽ പിടിക്കപ്പെട്ട് ചോദ്യം ചെയ്യലിനിടെ പൊലീസുകാരോട് ചോദിച്ച ചോദ്യമാണിത്… ഒരവസരം കിട്ടിയാൽ നമുക്ക് സ്വാദറിയാൻ ആഗ്രഹമുള്ള ഒരു വ്യക്തി എല്ലാവരുടെ ഉള്ളിലും കാണും”
“എനിക്കാരെയും തിന്നാൻ തോന്നിയിട്ടില്ല!”
ഡേവിഡേട്ടന്റെ സ്വരത്തിന് ഒരു തഴമ്പിന്‍റെ കടുപ്പമുണ്ടായിരുന്നു.
“ഒന്നാലോചിച്ചു നോക്ക് ഡേവിഡേ…. ഒരാളെങ്കിലും കാണും”
“ഇല്ലെന്ന് പറഞ്ഞില്ലേ?”
“ചോര കുറെ കണ്ടവന്‍റെ വാക്കാണ്, കട്ടി കൂടും” ഡോക്ടർ തന്‍റെ പതിവ് ശൈലിയിൽ ഇടതു തോളിലേക്ക് മുഖം ചെരിച്ചു ചേർത്തുവെച്ചുകൊണ്ട് പറഞ്ഞു.
“ഡോക്ടറെ…. അപകടങ്ങളെക്കുറിച്ച് മാത്രം എന്നെ ഓർമ്മിപ്പിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.”

ഡേവിഡേട്ടൻ രോഷത്തോടെ തന്‍റെ കസേരയിൽ നിന്നെഴുന്നേറ്റു പോയി. വണ്ടി ഓടിച്ചുകൊണ്ടേയിരുന്ന കാലത്ത് ഒന്നും തോന്നിയിട്ടില്ല, ഉണ്ടാക്കിയ അപകടങ്ങളിൽ ബസ്സിന്‌ മുന്നിലും ഉള്ളിലുമായി മരിച്ചവർ ഏറെയുണ്ടായിട്ടും…. പക്ഷെ റിട്ടയർമെന്റ് കാലത്തിൽ, ഓരോ ഇരുട്ടിലും അയാളുടെ കണ്ണുകളിലേക്ക് ഉച്ചത്തിൽ ഹോൺ മുഴക്കി, എയർബ്രേക്കിന്‍റെ ചീറുന്ന ശബ്ദത്തോടെ ‘തേജസ്സി’ലെ ഓർമ്മകൾ ടിക്കറ്റെടുക്കാതെ കയറിവരും. ഇടിക്കുന്നതിന് തൊട്ടുമുൻപ്, ഒന്നരവയസ്സു തൊട്ടിങ്ങോട്ട്‌ വലത്തേ കാലിന് കൊടുത്ത എല്ലാ ബലവും തിരിച്ചാവാഹിച്ച് ബ്രേക്കിലാഞ്ഞമർത്തുന്നതിന്റെ അടയാളങ്ങൾ റോഡിൽ കാണാനാവുന്നത് പോലെ, കടും കറുപ്പ് നിറത്തിലുള്ള പാടുകളാണ് ഡേവിഡേട്ടന്റെ ഉള്ളു നിറയെ. അതാണ് തേജസിൽ നിന്നും ഡേവിഡേട്ടനെ ഊട്ടിയിലും, പിന്നെ ഞങ്ങളുടെ അടുത്തും എത്തിച്ചത്.

ഡോക്ടർ പാർത്ഥിപനെ നോക്കി. അടുത്തത് ഉത്തരം പറയേണ്ടത് അയാളാണ്. കുറച്ചുമാറി നിന്ന് ഒരു സിഗരറിറ്റിനു തീ കൊളുത്തിയ ഡേവിഡേട്ടനെ നോക്കി പാർത്ഥിപൻ കസേര വിട്ടെഴുന്നേറ്റു ഉള്ളിലേക്ക് നടന്നു…. വിരല് കൊണ്ട് തട്ടികളയാതെ ആഷ് അതിന്‍റെ ഇഷ്ടത്തിന് വീഴും വരെ ഡേവിഡേട്ടൻ ആ സിഗരറ്റു വലിച്ചു. അതുവരെ അകത്തെ മുറികളുടെ ആരടുപ്പത്തിൽ അളന്നും മുറിച്ചും രണ്ടുതവണ എന്തോ തിരയുന്ന പോലെ നടന്ന പാർത്ഥിപൻ പിന്നെ എന്‍റെ മുന്നിലേക്ക് വന്നിട്ട് ചോദിച്ചു,
“ഇവിടെ കണ്ണാടിയൊന്നുമില്ലേ?”
ഞാനും ഹാനിയും പരസ്പരം നോക്കി.
“വല്ലതും ആലോചിക്കുമ്പോൾ കണ്ണാടി നോക്കുന്ന ഒരു ശീലമുണ്ടെനിക്ക്.”
“ഈ വീട്ടില് കണ്ണാടിയില്ല”
“അതെന്താ?” പാർത്ഥിപൻ എന്‍റെ മുഖത്ത് നോക്കി അത്ഭുതം കൂറി.
“കണ്ണാടിയിൽ ഞാൻ എന്നെയല്ല കാണാറ്”
‘നീയും ഇപ്പോൾ ഡോക്ടറെ പോലെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്’ എന്ന് മാത്രം പറഞ്ഞ് പാർത്ഥിപൻ വീണ്ടും അകത്തേക്ക് പോയി.

തന്‍റെ മുറിയിൽ ഇരുന്നിട്ടല്ല, ഉലാത്തികൊണ്ടാണ് എപ്പോഴും പാർത്ഥിപൻ കവിത ആലോചിക്കാറും, എഴുതാറും. ഒരു സ്റ്റേഡിയമോ, ഓഡിറ്റോറിയമോ പാർത്ഥിപന് മാത്രമായി തുറന്നുകൊടുത്താൽ അയാൾ ചിലപ്പോൾ ഒരു നോവൽ എഴുതിയേക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വായിക്കുന്ന സ്ത്രീകളിൽ നിന്ന് കാമുകിമാരെ സൃഷ്ടിക്കാൻ വേണ്ടിയല്ലാതെ എന്തെങ്കിലുമൊന്ന് ഒരിക്കലെങ്കിലും എഴുതണം അയാൾ. ഇടത്തും വലത്തും ഇടവില്ലാതെ വണ്ടി നിറഞ്ഞ ടു ലൈൻ റോഡിൽ, എഴുപതാളെയും വെച്ച് മൂന്ന് ബസ്സിന്‍റെ നീളമുള്ള ട്രൈലറുകളെയും, ഹോൺ മുഴക്കിയാലും മാറാതെ ഇഴയുന്ന ഓട്ടോറിക്ഷകളെയും വെട്ടിച്ച്, വളവും തിരിവും താണ്ടി സമയത്ത് ഓടിയെത്തുന്ന ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിനെക്കുറിച്ചെഴുതാം… അപകടമുണ്ടാക്കിയവനെ കൈവെക്കാനോടി വരുന്ന നാട്ടുകാരിൽ നിന്ന് രക്ഷപെടാൻ, വേഷം മാറാൻ സീറ്റിനടിയിൽ സൂക്ഷിച്ചിട്ടുള്ള ഉടുപ്പിന്‍റെ കവറുമെടുത്ത് പാടത്തേക്കോ ഇടവഴിയിലേക്കോ ഓടുന്ന ആ ഡ്രൈവറെകുറിച്ചെഴുതാം… തേജസിൽ നിന്നുമുള്ള ഒരോട്ടത്തിൽ ഒളിച്ചിരിക്കാൻ കയറിയ ഒരു വീട്ടിൽ നിന്ന് ഡേവിഡേട്ടൻ ഭാര്യയാക്കിയ വേറൊരു തേജസ്സിനെ കുറിച്ചും എഴുതാം… പക്ഷെ അതിന്, വലി കിട്ടാൻ ഡീസൽ ടാങ്കിൽ മണ്ണെണ്ണ മിക്സ് ചെയ്യുന്നതു പോലെ വ്യാക്യരണം തെറ്റിക്കുന്ന ഒരൂർജ്ജമാവശ്യവുമാണ്.

ഡോക്ടർ എല്ലാവരുടെ ഗ്ളാസിലും അടുത്ത പെഗ് നിറയ്ക്കാൻ തുടങ്ങിയപ്പോൾ “എനിക്ക് വെള്ളമൊഴിക്കണ്ട” എന്ന് പറഞ്ഞ് ഡേവിഡേട്ടൻ ഡ്രൈവിങ് സീറ്റിലേക്ക് തിരിച്ചുവന്നു. ആ ഗ്ളാസ് ക്ഷണത്തിൽ കാലിയാക്കി ഡേവിഡ്, നിറയെ ആളെ കിട്ടുമായിരുന്ന കോട്ടക്കൽ സ്റ്റോപ്പ് എത്തുന്നതിന് തൊട്ടുമുൻപ് തന്നെ വെട്ടിച്ച് പോയ കെഎസ്ആർട്ടിസിയെ നോക്കും പോലെ ഡോക്ടറെ നോക്കി.
“എല്ലാവർക്കും നിങ്ങളെപോലെ ഭ്രാന്തുണ്ടെന്നു കരുതരുത്.”
“ഭ്രാന്ത് എല്ലാവർക്കുമുണ്ട്, പക്ഷെ എന്നെപ്പോലത്തെ ഭ്രാന്തല്ല പാർത്ഥിപന്, അതുമല്ല ഡേവിഡിന്”
ഡേവിഡേട്ടൻ എന്നെ നോക്കി,
“മതി ആലോചിച്ചത്, പാർത്ഥിപനോട് ഇവിടെ വന്നിരിക്കാൻ പറ.”
“അടങ്ങ് ഡേവിഡേ, ചിലര് വല്ലപ്പോഴുമൊക്കെയേ ഭൂതകാലത്തിലേക്ക് പോവൂ… പോയിട്ട് വരട്ടെ”
“ഡോക്ടറെ…. ഈ ഇവിടെ ഇരിക്കുന്ന നിങ്ങളാരും കഴിക്കുന്നത് പോയിട്ട് സങ്കൽപ്പിക്കുക പോലും ചെയ്യാത്ത ജീവികളുടെ ഇറച്ചി ഞാൻ കഴിച്ചിട്ടുണ്ട്. പക്ഷെ ഇതെങ്ങനെയല്ല….. ഈ അറപ്പിക്കുന്ന വിഷയം നമുക്കിവിടെ വെച്ച് നിർത്താം.”
അടുത്ത സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർട്ടിസി ക്ക് തൊട്ടുമുന്നിൽ കയറ്റി നിർത്തി ആളെ ഇറക്കുമ്പോൾതന്നെ വെട്ടിച്ച് പോവാൻ ഇടം കൊടുക്കാതിരുന്ന തേജസ്സിന്‍റെ തന്ത്രം. പക്ഷെ പാർത്ഥിപൻ കണ്ണാടിയില്ലാതെ ഉത്തരം കണ്ടെത്തി തിരിച്ചുവന്നു.
“മായന്നൂര് എന്‍റെ വീടിന് അടുത്തൊരുത്തൻ ഉണ്ടായിരുന്നു… ഒരു ഷഫീക്. ചെറുപ്പത്തില് നല്ല ഭംഗിയായിരുന്നു കാണാൻ…. അവനെന്ത് സ്വാദായിരിക്കും എന്ന് പണ്ട് ഞാൻ കുറെ ചിന്തിച്ചിട്ടുണ്ട്, ഒരിക്കൽ അതറിയാൻ കബഡി കളിക്കുന്നതിന്റെയിടയില് അറിയാതെപറ്റിയപോലെ ഞാനവനെ ഒന്ന് കടിച്ചുനോക്കീട്ടുമുണ്ട്.”
“ഹരേ വാ….!” ഡോക്ടർ പൊട്ടിച്ചിരിച്ചു.
“കണ്ടോ ഡേവിഡേ ഉത്തരങ്ങള് ..…”
ഡേവിഡേട്ടൻ മുൻപെങ്ങുമില്ലാത്തവണ്ണം പിറകിലായി പോവുകയായിരുന്നു…..

“ഡോക്ടർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിട്ടുണ്ടോ?”
വലതു വശത്തു കിട്ടിയില്ലെങ്കിൽ, വണ്ടി ഇടത്തേക്ക് വെട്ടിച്ച് റോഡിൽ നിന്നിറക്കി മണ്ണിലൂടെ കടത്തിവെട്ടാനുള്ള ശ്രമം.
ഡോക്ടർ ഉത്തരം പറയാതെ വിരലുകൾ കൂട്ടിപിടിച്ച് യാത്ര മുടക്കാനായി മേഘങ്ങൾ വന്നു നിറഞ്ഞുകൊണ്ടിരുന്ന ആകാശത്തേക്ക് നോക്കി. ഡേവിഡേട്ടൻ എന്‍റെ അടുത്തേക്ക് വന്നു.
“നിനക്ക് എപ്പോഴെങ്കിലും ആരെയെങ്കിലും തിന്നാൻ തോന്നിയിട്ടുണ്ടോടാ?”
ഞാൻ തലയാട്ടി… ” ഉം…”
വട്ടപ്പാറയിലെ വളവിൽ, റോങ്ങ്സൈഡിൽ ഓവർ ടേക് ചെയ്യുമ്പോൾ എതിരെ വന്ന ട്രക്ക് പോലെയായിരുന്നു എന്‍റെ ആ ഉത്തരം ഡേവിഡേട്ടന്‌. ഡോക്ടറുടെ മുഖത്തെ ചിരി നോക്കാതെ തന്നെ ഞാൻ കണ്ടു.
“തോന്നിയിട്ടുണ്ട്…. പക്ഷെ ഇഷ്ടം കൊണ്ടല്ല. ദേഷ്യം മൂത്തിട്ടാണ് കടിച്ചുകീറി തിന്നാൻ തോന്നിയത്”
“ആരെ?”
“എന്‍റെ ഇരട്ട സഹോദരൻ.. ഐഡന്റിക്കൽ ട്വിൻ! അവനെ.
“എന്നിട്ട് …?”
“തിന്നു!”

പാർത്ഥിപൻ ഒന്ന് പിറകിലേക്ക് നീങ്ങി. ഡോക്ടർ ആർത്ത് ചിരിച്ചു. കൂട്ടത്തിലൊരാൾ മനുഷ്യനെ തിന്നിട്ടുണ്ടെന്ന തന്‍റെ നിഗമനം ശരിയായതിന്‍റെ എല്ലാ സന്തോഷവുമുള്ള ചിരി. അപ്പോൾ അറുപതിൽ, ചവിട്ടിയാൽ കിട്ടാത്ത ഇറക്കത്തിൽ …. ഡേവിഡേട്ടൻ ആക്‌സിലേറ്ററിൽ നിന്നും മെല്ലെ കാലെടുക്കുകയായിരുന്നു. ജീവിതത്തിലാദ്യമായി, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ അയാൾ വലത്തേകാൽ ആക്സിലേറ്ററിലും ബ്രേക്കിലുമല്ലാതെയായി വെച്ചു…
പാർത്ഥിപൻ തിരിച്ചുവന്നു, എഴുതാൻ എന്തൊക്കെയോ കിട്ടിയതിന്‍റെ ഒരു തിളക്കമുണ്ടായിരുന്നു അയാളുടെ കണ്ണിൽ.
“എന്തായിരുന്നു അവന്‍റെ പേര്?”
ഞാൻ എഴുന്നേറ്റു, ചന്ദ്രമോഹൻ നേരത്തെ ചെന്നുനിന്ന ടെറസിന്‍റെ കോണിലെത്തി. പവിഴമല്ലിയുടെ ചില്ലയിലെ വിസ്കി കാണുന്നില്ലായിരുന്നു.
“ഹാനി!”

ഗായത്രിയെകുറിച്ചോർത്ത് എന്‍റെ ഉള്ളിലുള്ള അവന്‍റെ മുഖം ഭയപ്പെട്ടു തുടങ്ങുന്നത് എനിക്ക് കാണാമായിരുന്നു. പുറത്തെ രാത്രി മഞ്ഞിനുള്ളില്‍ നിന്നും, ശബ്ദമേതിന്റെയെന്ന് പിടിതരാതെ ചിലയ്ക്കാറുണ്ടായിരുന്ന പഴയ ആ പക്ഷി, വീണ്ടും വരവറിയിച്ചു.