ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണോ കെമിസ്സ്ട്രിയിലാണോ എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ അതേ ഭൂഗോളത്തിലുള്ള ഞങ്ങളുടെ നാടിന്, എള്ളുണ്ടപ്പറമ്പിൽ ശങ്കരൻ അറിയാതെ ഒരു പ്രാവശ്യം പോലും സ്പന്ദിക്കാൻ ആവൂലാണ് നമ്മക്കറിയാം. അമാവാസിദിവസം അർദ്ധരാത്രിക്ക് ആരും കാണാതെ കുളത്തിൽ കിടന്ന് കഴുത്തോളം വെള്ളത്തിൽ മൂത്രമൊഴിച്ചാലും, പിറ്റേന്ന് അങ്ങാടിയിലേക്ക് ഇറങ്ങുമ്പോ പരിചയക്കാർ ചോദിക്കും, ‘മൂത്രത്തിന് ഒരു മഞ്ഞ കളർ ഉണ്ടല്ലോ, ഡോക്ടറെ കാണിക്കായിരുന്നില്ലേ?’എന്ന്. രഹസ്യങ്ങൾ കണ്ടുപിടിക്കുക മാത്രമായിരുന്നില്ല, അത് പരസ്യമാക്കുക കൂടിയായിരുന്നു ശങ്കരന്റെ ഹരം… ചീപ് ത്രിൽസ്.
നാല് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നാൽപ്പത് വട്ടം വിചാരിച്ചാൽ പോലും കിട്ടാത്ത നാടിന്റെ നാഡി മിടിപ്പ് ശങ്കരൻ നിന്ന നിൽപ്പിലറിയും, അജ്ജാദി സ്‌പൈയാണ്. ശങ്കരൻ മൂപ്പര് റോ യിലുണ്ടായിരുന്നെങ്കിൽ ബെസ്റ്റ് ചാര ഏജൻസിക്കുള്ള വേൾഡ് കപ്പ് ഇന്ത്യയുടെ ഷെൽഫിൽ ഇരുന്നേനെ എന്ന് ക്ലബ് നടത്തിയ അനുസ്മരണ യോഗത്തിൽ സെക്രട്ടറി സഭാഷ് സുഭാഷ് പറഞ്ഞിട്ടുണ്ട്.
അനുസ്മരണ യോഗം എന്ന് പറഞ്ഞത് കൊണ്ട് മൂപ്പര് മയ്യത്തായിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കണ്ട. ശങ്കരേട്ടൻ നാടിനു നൽകുന്ന സമഗ്ര സംഭാവനകൾ കാരണം ഇടയ്ക്കിടക്ക് ഞങ്ങൾ അദ്ദേഹത്തെ അനുസ്മരിച്ച് യോഗം ചേരാറുണ്ട്. അങ്ങനത്തെ ഒരു അനുസ്മരണ യോഗം കഴിഞ്ഞമാസം വിളിച്ചു ചേർത്തത് ഉണ്ണിമോൻ ആയിരുന്നു.
അങ്ങാടിയിൽ ‘മഹിഷ്മതി ടി സ്റ്റാൾ’ നടത്തുന്ന ഉണ്ണിമോൻ, സിഗരറ്റ് വലിച്ച കൈകൾ കൊണ്ടാണ് പഴംപൊരിയുടെ മാവ് കലക്കുന്നത് എന്ന് പരസ്യമാക്കിയതിന്റെ ആഫ്റ്റർ ഇഫക്ട്. അങ്ങാടിയിൽ തന്നെയുള്ള തന്റെ വീട്ടിൽ വെച്ചിട്ടുള്ള സിസിടിവിയിൽ ഓരോ കടയിലെയും ആക്ഷൻസും ട്രാൻസാക്ഷൻസും ഒബ്സർവ് ചെയ്തിട്ട്, താൻ സിഗരറ്റ് വലിക്കുന്നത് കണ്ടുപിടിച്ച ശങ്കരനോട് ഉണ്ണിമോൻ ചോദിച്ചു,
“ഇങ്ങൾക്കിത് എന്തിന്റെ കേടാണ് ശങ്കരേട്ടാ?”
“ഒരു മാനസികോല്ലാസം.”
ബാക്ക് ടു യോഗം.
ശങ്കരന്റെ കത്തിക്കൽ എക്സ്പീരിയൻസ് ചെയ്തിട്ടുള്ള എല്ലാവരും, വിജയ് പടത്തിന്റെ പാട്ട് പാടുന്ന അനിരുദ്ധ് രവിചന്ദ്രന്റെ എനർജിയോടെ മീറ്റിംഗിന് വന്നു. അജണ്ട ഒന്നേയുള്ളൂ… ശങ്കരന്റെ മെന്റൽ ഉല്ലാസങ്ങൾ അടിയന്തിരമായി നിർത്തലാക്കുക. ക്ലബ് സെക്രട്ടറി സുഭാഷ് എഴുന്നേറ്റ് നിന്നു,
“അയാള് ഈ നാടിന് തീയിട്ട് കൊണ്ടിരിക്കുകയാണ്… അതൊരു കാട്ടുതീ ആവും മുൻപ് നമ്മള് കെടുത്തണം”
സുബൈറിന്റെ വക ആയിരുന്നു ആദ്യ സജഷൻ,
“ഇരുട്ടടി അടിക്കാം!”
“വേണ്ട, എത്ര ഇരുട്ടത്താണ് നമ്മൾ അടിക്കുന്നതെങ്കിലും അടിച്ചത് ആരാണെന്നും, അടിച്ച വടി ഏത് പറമ്പിലെ ആണെന്നും മൂപ്പര് കണ്ടുപിടിക്കും. അടിക്കാനുള്ള ഐഡിയ പറഞ്ഞത് സുബൈർ ആണെന്ന് ആദ്യം പിടിക്കും!”
കുട്ടാപ്പുവിന്റെ വിശദീകരണം കേട്ട സുബൈർ, ട്രാൻസാക്ഷൻ ചെയ്യാതെ തന്നെ ട്രാൻസാക്ഷണൽ മെസേജ് വന്ന ഒരു തരം ഞെട്ടലോടെ ഇരുന്നു.
മീറ്റിംഗ് വിളിച്ചത് ഉണ്ണിമോൻ ആയതുകൊണ്ട് മഹിഷ്മതിയിൽ നിന്നും പാൽചായയും പക്കവടയും വന്നു.
പക്കവട വായിൽ നിന്നിറങ്ങിയപ്പോൾ സുഭാഷ് ചോദിച്ചു,
“ഇയ് കിങ്സ് മാറ്റി മിക്സ് പോഡിലേക്ക് മാറിയോ?”
ട്രാക്ടറുകാരൻ ദാമോദരൻ പാൽച്ചായയുടെ ഏമ്പക്കത്തിനൊപ്പം ഒരു നെടുവീർപ്പു കൂടിയിട്ടിട്ട് പറഞ്ഞു,
“ആ ബാംഗ്ലൂരുള്ള ഭരതന്റെ കണ്ടത്തിൽ ഞാൻ മൂന്ന് മണിക്കൂറ് പൂട്ടിയിട്ട് അതിന്റെ കാശ് വാങ്ങിച്ചിരുന്നു, അതിലെ പതിനഞ്ച് മിനുറ്റ് ഞാൻ ഫോണില് ഗെയിം കളിച്ച് മുട്ടിച്ചതാണ് എന്നയാള് ബാംഗ്ലൂരിലേക്ക് വിളിച്ചു പറഞ്ഞു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആവോ, കളിച്ച ഗെയിമിന്റെ പേര് വരെ പറഞ്ഞുകൊടുത്തു.”… Read the rest