Tagdeepu pradeep malayalam blog

ഇലക്കനമുള്ള ദൈവഭാരങ്ങൾ

കഥയാക്കാൻ കഴിയാതെപോയ ചില മനുഷ്യരെക്കുറിച്ച് എഴുതണമെന്ന് തോന്നി. ആദ്യം തെളിഞ്ഞുവന്നത് കുഞ്ഞിപ്പാലു തന്നെയാണ്, എഴുത്തുമുറിയിലെ എന്റെ മേശയ്ക്കുമുകളിൽ ചമ്രം പടഞ്ഞിരിക്കുന്നു!
“നിന്നെകൊണ്ട് അത് തോന്നിപ്പിച്ചത് ഞാനാടാ” എന്നുപറഞ്ഞുകൊണ്ട് കുഞ്ഞിപ്പാലു വായിലെ മുറുക്കാൻ ജനലിലൂടെ പുറത്തേക്ക് തുപ്പി.
എന്റെ മുറിയിലേക്ക് പൂക്കാറുള്ള പുറത്തെ ആരളിമരം ചുവന്നിട്ടുണ്ടാവണം.

ഇവിടെയൊരു നിയമമുണ്ടായിരുന്നു. ‘കുഞ്ഞിപ്പാലുവിനെ കുറിച്ച് കുഞ്ഞിപ്പാലുവിനെക്കുറിച്ചറിയാത്തവരോട് പറയരുത്’. സ്വയം വാഴ്ത്തപ്പെടാതിരിക്കാൻ കുഞ്ഞിപ്പാലുതന്നെ സൃഷ്ടിച്ച ഒരു നിയമം. ഇന്ന് അതേയാൾ തന്നെ എന്നെകൊണ്ടാ നിയമം തെറ്റിക്കുകയാണ്….
കുഞ്ഞിപ്പാലു എന്നെ ഓർമ്മകളുടെ പകുതികുളത്തിലേക്ക് ഉന്തിയിട്ടു.

ആദ്യമായി കുഞ്ഞിപ്പാലുവിനെ കണ്ടത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ കുഞ്ഞിപ്പാലു ഒരു ആടിനെ ഇക്കിളിയിടുകയായിരുന്നു. ഞാൻ കാരണം തിരക്കിയപ്പോൾ ഉത്തരം വന്നു,
“ആടുകൾക്കും ചിരിക്കണം എന്നാഗ്രഹമുണ്ടാവില്ലേ”.
ചില ഭ്രാന്തന്മാർക്ക് മരുന്ന് കൊടുക്കരുതെന്ന് മമ്മദ് മാഷ് പറയും. ആ ഭ്രാന്തുകളാണ് അവരെയും ഈ ലോകത്തെയും മനോഹരമാക്കുന്നത്. ശരിയാണ്, എനിക്കാരും മരുന്ന് തരാറില്ലലോ.

“കുഞ്ഞിപ്പാലു എന്തിനാണ് അമ്പാട്ടുമുക്കിലെ കുന്നിലേക്കും, സുഗന്ധി മരിച്ചുകിടന്ന പകുതികുളത്തിലേക്കും പോവാതെ എന്റെ കണ്ണിലേക്ക് തന്നെ കയറിവന്നത്?”
“പണ്ട് നീ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളൂ…”.
ശരിയാണ്, നാട്ടിൽ ഞാനല്ലാതെ ആ ചോദ്യം ആരും ചോദിച്ചിട്ടില്ല,
“ആരാണ് കുഞ്ഞിപ്പാലു?”
കുഞ്ഞിപ്പാലു ഒരു കീചകനാണ്, യാഥാർഥ്യം എന്ന ഭീമൻ വലിച്ചുകീറികൊന്ന കീചകൻ. ആരാധകരായിരുന്ന ഞങ്ങളുടെ ഉള്ളിൽ ആ ഭീമൻ ജനിക്കും വരെ കുഞ്ഞിപ്പാലു ജീവിച്ചു.
ആടിനെ ഇക്കിളിയിട്ടും, പശുവിനെ കടലുകാണിക്കാൻ കൊണ്ടുപോയും, കോഴികൂട്ടിൽ അലാറം വെച്ചും, തിന്നും കുടിച്ചും കഥപറഞ്ഞും കറങ്ങിനടന്നു.

ആകാശത്ത് കയറിച്ചെന്നിട്ടുണ്ടെന്നാണ് കുഞ്ഞിപ്പാലു കുട്ടികളായ ഞങ്ങളോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നിട്ടാ ആകാശത്തെ വാൻ ഗോഗിനെപോലെ വരച്ചും, എസ്.കെ പൊറ്റക്കാടിനെ പോലെ വർണ്ണിച്ചും വെച്ചുതരും.
‘കുഞ്ഞിപ്പാലു ഇവിടെക്കൊന്നും വന്നിട്ടില്ല’ എന്നിനി ആകാശം വന്ന് പറഞ്ഞാലും ഞങ്ങളാരും വിശ്വസിക്കാൻ പോണില്ല. അതായിരുന്നു ആ വാക്കുകളുടെ മായാജാലം.

“എല്ലാ കഥയിലും ഒരു കൺകെട്ടുണ്ടടാ”
കുഞ്ഞിപ്പാലു എപ്പോഴും പറയാറുള്ളത് എന്റെ മുറിയിലെ ചുമരുകളും കേട്ടു.

മായാജാലക്കാരൻ തന്നെയായിരുന്നു കുഞ്ഞിപ്പാലു. അമ്പാട്ടുമുക്കിലെ കുന്നിൻ കിണറ്റിൽ താമസിച്ചിരുന്ന ഒരു സ്വാമി പറഞ്ഞുകൊടുത്ത മന്ത്രം കൊണ്ടാണത്രെ അതൊക്കെ സാധിച്ചിരുന്നത്. സ്വാമിയെ കാണാൻ ഇടയ്ക്കിടെ കുഞ്ഞിപ്പാലു ആ കിണറ്റിലേക്ക് പോവും. സ്വാമിക്ക് കൊടുക്കാനുള്ള നാല് ചാമ്പക്കയും മൂന്ന് പുളിങ്കുരുവും കൊണ്ട് കിണറ്റിലേക്ക് ഇറങ്ങുമ്പോൾ കുഞ്ഞിപ്പാലു ഞങ്ങളെയും ക്ഷണിക്കും. പക്ഷെ ഭയം കാരണം ആരും കൂടെയിറങ്ങിയിട്ടില്ല. അതുകൊണ്ടാ സ്വാമി കുഞ്ഞിപ്പാലുവിന്റെ കണ്ണുകളിൽ മാത്രം ജീവിച്ചു.

വളരെ വിരളമായി മാത്രം മുറുക്കുന്ന ഒരു ശീലമായുണ്ടായിരുന്നു കുഞ്ഞിപ്പാലുവിന്. ‘വാക്കുകളിൽ എന്തെങ്കിലും ഒളിപ്പിക്കാനുണ്ടെങ്കിൽ ഞാൻ മുറുക്കാൻ ചവയ്ക്കും, വരികളിലാണെങ്കിൽ കഥ കലർത്തും’ എന്ന് കുഞ്ഞിപ്പാലു നീലകാട്ടിലെ കരിങ്കൽക്വാറിയിലെ രണ്ടാം കല്ലിൽ എഴുതിവെച്ചിട്ടുണ്ട്. ആ ക്വാറിയിലെ കല്ലുകളിൽ നിറയെ കുഞ്ഞിപ്പാലു കോറിയിട്ട രൂപങ്ങളാണ്. ചില അക്ഷരങ്ങൾ, പല പൂജ്യങ്ങൾ, കുഞ്ഞിപ്പാലുവിന്റെ സൂക്തങ്ങൾ!

എന്റെ കട്ടിലിനു എതിരെയുള്ള ചുമരിൽ കുഞ്ഞിപ്പാലു രണ്ടു കണ്ണുകൾ വരച്ചു. കൃഷ്ണമണിയുടെ സ്ഥാനത്ത് വെച്ചത് രണ്ടു മീൻ ചെളുക്കകളാണ്.
“ഞാനിപ്പോൾ മീനാണ് വളർത്തുന്നത്”, കുഞ്ഞിപ്പാലു ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു. ആർക്കോ കാഴ്ച കിട്ടിയതായെനിക്ക് തോന്നി.

പാല പൂക്കുമ്പോൾ കുഞ്ഞിപ്പാലുവിന്റെ സ്വഭാവം മാറുമായിരുന്നു. പിന്നെ കഥകളില്ല, കച്ചവടം മാത്രം. വിത്തുകളായിരുന്നു കുഞ്ഞിപ്പാലു വിറ്റിരുന്നത്. വീട്ടിൽ ചെന്നാർക്കും ഇഷ്ടപെട്ട വിത്തുകൾ എടുത്ത് ഇഷ്ടമുള്ള കാശ് വെച്ചിട്ട് പോവാം. കുഞ്ഞിപ്പാലുവിന്റെ വീടിന് വാതിലുകളില്ലാതായിരുന്നു. കൈതകാടുകൾ നിറഞ്ഞ പറമ്പിന് നടുവിലെ ആ വീട്ടിലുള്ളതെല്ലാം സമയം തെറ്റിയോടുന്ന ക്ളോക്കുകളായിരുന്നു. അവിടെനിന്ന് തിരിച്ചിറങ്ങുമ്പോൾ മാത്രമാണ് സമയം തിരിച്ചുകിട്ടുന്നത്.
കുഞ്ഞിപ്പാലു അപ്പോളൊക്കെയും പകുതികുളത്തിൽ എന്തോ തിരയുകയായിരിക്കും. തിരഞ്ഞുകിട്ടുന്നത് വീണ്ടും വൈകുന്നേരം കുളത്തിലേക്കെറിയും. ഓർമ്മകളായിരുന്നത്രെ!

വീണ്ടും മേശപ്പുറത്ത് നിന്നെഴുന്നേറ്റ കുഞ്ഞിപ്പാലു എന്റെ തലയിണയ്ക്കിടയിൽ കുറച്ച് ചാമ്പയ്ക്ക കുരുക്കൾ തിരുകുന്നത് കണ്ടു. എന്തിനാണെന്ന് ഞാൻ ചോദിച്ചു,
“തലയ്ക്കകത്ത് ചാമ്പ മരങ്ങൾ മുളച്ചാൽ നൊസ്സ് കുറയും”
കുഞ്ഞിപ്പാലു പറഞ്ഞതെനിക്ക് മനസ്സിലായില്ലെങ്കിലും, ഇളയതിന്റെ പറമ്പിലെ പാല പൂത്തു. ഇനിയുറങ്ങുമ്പോൾ ചിലപ്പോൾ ഞാൻ കാശി സ്വപ്നം കാണും. അതുമല്ലെങ്കിൽ സുഗന്ധിയെ.

ഒരു അമാവാസി ദിവസം അമ്പാട്ടുമുക്കിലെ കുന്നിൻകിണറ്റിലിറങ്ങിയ കുഞ്ഞിപ്പാലുവിനെ കാണാതായി! ഞങ്ങൾ കുട്ടികൾ കിണറിനു ചുറ്റും ആമകളെ കൊണ്ടുവന്ന് കുഞ്ഞിപ്പാലുവിനെ വിളിച്ചു. കുഞ്ഞിപ്പാലു കരളിനുള്ളിൽ ആമയെ വളർത്തിയിരുന്നു. പണ്ട് സുഗന്ധി ഒരു ആമയെ കുഞ്ഞിപ്പാലുവിന് സമ്മാനിച്ചിരുന്നത്രേ. ആ ആമ ആത്മഹത്യ ചെയ്യുംവരെ കുഞ്ഞിപ്പാലു അതിനെ വീട്ടിൽ വളർത്തി, മരണശേഷം കരളിലും.
എന്റെ ഓർമ്മയിലുള്ള കുഞ്ഞിപ്പാലു ആമകളെ എവിടെ കണ്ടാലും തീറ്റകൊടുക്കും, തീറ്റ എന്തായിരുന്നെന്ന് ഓർമ്മയില്ല. ആമ ചൂരേറ്റിട്ടും കുഞ്ഞിപ്പാലു അന്ന് പുറത്തേക്ക് വന്നില്ല. കഥകളില്ലാതാവാൻ പോവുന്നതിന്റെ ശ്യൂനത ഞങ്ങൾക്കനുഭവപെട്ടു. പക്ഷെ മരണം എന്ന വാക്കിനെ കുഞ്ഞിപ്പാലുവിനോട് ചേർത്തുകെട്ടാൻ ഞങ്ങൾക്കാവുമായിരുന്നില്ല. കുഞ്ഞിപ്പാലു അടുത്ത അവതാരമെടുക്കാൻ പോയി, അങ്ങനെ വിശ്വസിച്ചു.

ആളില്ലാത്ത കുഞ്ഞിപ്പാലുവിന്റെ വീട്ടിൽ ഓട് പൊളിച്ച് കക്കാൻ കയറിയ കള്ളൻ പരശുരാമനാണ് ആ പൊതിയും കൊണ്ടു വരുന്നത്. തുറന്നു നോക്കിയപ്പോൾ കുറെ കാശും ഒരു കുറിപ്പും,
“ഒരാഴ്ച എന്നെ കാത്തിരിക്കണം. എന്നിട്ടും ഞാൻ തിരിച്ചുവന്നില്ലെങ്കിൽ ഇതെടുത്ത് കവലയിൽ ഒരു ഷെഡ് പണിയണം, കുഞ്ഞിപ്പാലു സ്മാരക കാത്തിരുപ്പ് കേന്ദ്രം”
ഞങ്ങൾ രണ്ടാഴ്ച കാത്തു. നാലാം ആഴ്ച ഷെഡിന്റെ പണി കഴിഞ്ഞു. ഉദ്ഘാടനത്തിന് കുഞ്ഞിപ്പാലു തന്നെയായിരുന്നു മുഖ്യാഥിതി!

സ്വാമി സമാധിയായത്രേ. സ്വാമിയുടെ ആഗ്രഹപ്രകാരം ശേഷിപ്പായ ചാമ്പയ്ക്കകുരുക്കൾ കാശിയിൽ ഒഴുക്കാൻ പോയതായിരുന്നു എന്നാണ് കുഞ്ഞിപ്പാലു തിരോധാനത്തിന്റെ പിന്നിലെ കാരണമായി പറഞ്ഞത്. കിണറ്റിൽ നിന്നും തമിഴ്‌നാട്ടിലെ പർവ്വതാമല വരെ നീളുന്ന ഒരു തുരങ്കം, അവിടുന്ന് ബസും ട്രെയിനും പിടിച്ച് കാശി. തിരിച്ച് മുസരീസിൽ വന്ന് കപ്പലിറങ്ങി തിരുനെല്ലി വരെ നടന്നു.
പക്ഷെ മടങ്ങിവന്ന കുഞ്ഞിപ്പാലുവിന്റെ കീശയിൽ ആ ചാമ്പക്കകുരുക്കൾ ഇപ്പോഴും ഉള്ളതായി ഞങ്ങൾ കണ്ടുപിടിച്ചു. കുഞ്ഞിപ്പാലു സ്വാമിയെ പറ്റിച്ചല്ലോ!

കുഞ്ഞിപ്പാലു കാട്ടിലിന്‌ എതിരെയുള്ള ചുമരിൽ നോക്കി എന്തൊക്കെയോ പുലമ്പി. പിന്നീടെന്നെ നോക്കി പറഞ്ഞു,
“നിന്റെ ഈ ചുമരിൽ ഒരു പ്രേതം കിടന്നുറങ്ങാറുള്ളത് നിനക്ക് അറിയോ?
“ഇല്ല.”
“എന്നാ അറിയണ്ട. നീയ് പേടിക്കും”

പുനർജന്മത്തിലെ കുഞ്ഞിപ്പാലു ചാമ്പയ്ക്കകുരുക്കളും പുളിങ്കുരുവും തിന്നുമായിരുന്നു! പറ്റിച്ചത് സ്വാമിയാണ്!! കാശിയിൽ നിന്ന് കുഞ്ഞിപ്പാലു പാതി ദൂരം വെള്ളത്തിലൂടെ സഞ്ചരിച്ചതിന്റെ കാരണവും മനസ്സിലായി.
അതിൽപിന്നെ കുഞ്ഞിപ്പാലു സുഗന്ധിയുള്ള പകുതികുളത്തിലേക്ക് പോവാതെയായി. ചോദിച്ചപ്പോൾ പറഞ്ഞത് സുഗന്ധിയെ കാശിയിലെ മണികർണ്ണികയിൽ വെച്ച് കണ്ടു എന്നാണ്. ശരിയാണ്, മണികർണ്ണികയിലുള്ള സുഗന്ധിയെ കാണാൻ പകുതികുളത്തിന്റെ ഉയരം തികയില്ല.

അക്കൊല്ലം മകര മാസത്തിൽ കുഞ്ഞിപ്പാലു ഇളയതിന്റെ പാലമരത്തെ മെർക്കുറി തിരുകിവെച്ച് കരിയിച്ചു. പൂക്കാൻ വേറെ പാലയില്ലാത്ത ആ നാട്ടിൽ, കുഞ്ഞിപ്പാലു സ്വഭാവം മാറാതെ ജീവിക്കുന്നത് കാണാൻ ഞങ്ങളിരുന്നു. പക്ഷെ പാല ആ ഓർമ്മ കളയാതെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
കുഞ്ഞിപ്പാലുവിന്റെ മരണകാരണമായി ഞങ്ങൾ കരുതുന്നത് ആ പാലമരത്തിന്റെ ചുവട്ടിൽ നിന്ന് കുഞ്ഞിപ്പാലു പിന്നീട് ചവിട്ടിയ ചാണകമാണെന്നാണ്. ആദ്യം ആ കാല് ചുവന്നു, പിന്നെ കുഞ്ഞിപ്പാലുവിന്റെ കണ്ണിലേക്ക് അത് പടർന്നു. അതിൽപിന്നെ ദേഹമൊട്ടാകെ ചുവക്കാൻ തുടങ്ങി ഉടലിലെ ഓരോ നിറവും ചുവപ്പായി. ഇനിയും ചുവന്നാൽ കുഞ്ഞിപ്പാലു ഒരു ചുവന്ന ഗോളമായി മാറും എന്ന സ്ഥിതിയായി. കുഞ്ഞിപ്പാലു സൂര്യനാവാൻ പോവുകയാണെന്ന് തോന്നി. ആയില്ല, അതിനുമുമ്പ് കുഞ്ഞിപ്പാലു അമ്പാട്ടുമുക്കിലെ കുന്നിലേക്കോടി. പിന്നെ ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി, ആരെയും ക്ഷണിക്കാതെ കിണറ്റിലേക്ക് ചാടി. കുഞ്ഞിപ്പാലു ഇല്ല!
ആ കിണറും, കുന്നും ചുവന്നു. ആ ചുവന്നകുന്ന് പിന്നെ അസ്ഥിക്ക് വേണ്ടി ഞങ്ങൾ മാന്തിയും നോക്കി. കിട്ടിയത് ഒരു ചില്ലുകുപ്പിയിൽ അടച്ചുവെച്ച ജീവനുള്ള വണ്ടിനെയും ഒരു കുറിപ്പുമാണ്.
“ഞാൻ മരിച്ചെന്ന് നിങ്ങളാണ് തീരുമാനിച്ചത്, ഞാൻ പ്രഖ്യാപിച്ചിട്ടില്ല”
വണ്ട് സ്വതന്ത്രനായി.

ഇന്നാലോചിക്കുമ്പോൾ തോന്നും കുഞ്ഞിപ്പാലു ഒരു ദൈവമായിരുന്നെന്ന്.
“അതേടാ, ഒന്ന് മനസ്സുവെച്ചിരുന്നെങ്കിൽ എനിക്ക് സ്വന്തം പേരിലുള്ള ആശുപത്രികളിലൂടെയും കോളേജുകളിലൂടെയുമൊക്കെ ഇപ്പോഴും ജീവിക്കാമായിരുന്നു.”
കുഞ്ഞിപ്പാലു പുകയായി മാറി മാഞ്ഞുപോയി.
അതെ, കുഞ്ഞിപ്പാലു ദൈവമായിരുന്നു. വിശ്വാസികളില്ലാത്ത ദൈവം!

തലയാറിയപ്പോൾ ഞാൻ എഴുന്നേറ്റു. കണ്ണടച്ചു. ചുമരിലുണ്ടായിരുന്ന ആ പ്രേതത്തിനെയായിരിക്കും ഞാനപ്പോൾ കേട്ടത്,
“ചില കഥപറച്ചിലുകാർ കഥയവസാനിപ്പിചാലും ആ കെട്ട് ഊരാതെ വെക്കും.”

എട്ടാം വാർഡിന്‍റെ ദിൽകുഷ്

ആനപ്പാപ്പൻ കുട്ടാപ്പുവിന്‍റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്‍റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്‍റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ  മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!

ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്‍റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്‍റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…? പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്‍റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”
സുര അപ്പം ചുട്ടതാണെന്ന് മനസ്സിലാവാതെ പാവം കുമാരേട്ടൻ അകത്തുപോയി മോളെ വിളിച്ച് തിരിച്ച് വന്നപ്പോഴേക്കും വാർഡുകാര് ചിരി തുടങ്ങിയിരുന്നു. സന്ധ്യ അങ്ങനെ ഇല്ലാത്ത പ്രണയകഥയിലെ ദുരന്ത നായികയായി, കാതൽ സന്ധ്യ! സുരേട്ടൻ ആഗമനോദ്ദ്യേശ്യം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി.

അലസൻ രാജേഷും ധൃതി നിസാറും രണ്ടാംനിലയിലും തട്ടിൻപുറത്തും ദിൽകുഷ്നെ തിരഞ്ഞ് നിരാശരായി അടുക്കളയിലെത്തി തപ്പിയപ്പോൾ കിട്ടി, രണ്ട് ചീർപ്പ് മൈസൂരിപ്പഴം! ദിൽകുഷിന് പിറകെ അതും ആ വീട്ടിൽനിന്ന് അപ്രത്യക്ഷമായി. ശേഷം വിറകുപുര കൂടി തിരഞ്ഞ് വടുക്കോറത്തെത്തി, ചേക്കുട്ടി ചെത്തുന്ന തെങ്ങുകളിലൊന്നിൽ ചാരി റെസ്റ്റ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അത്. ശീമകൊന്നയുടെ ആൾമറയുള്ള കിണറ്റിലേക്ക് അലസൻ രാജേഷ് അലസമായി ഒന്നു നോക്കി…. വെറുതെ. നിസാർ അത് കണ്ടതും കിണറ്റിലേക്ക് ഒരൊറ്റ ഡൈവാ…. ബ്ലും! മൂക്കുംകുത്തി വെള്ളത്തിലെത്തിയ നിസാർ ഞെരിഞ്ഞമർന്ന് വലതുമാറി തിരിച്ചുപൊങ്ങിയശേഷം രാജേഷിനോട് വിളിച്ചുപറഞ്ഞു,
“കിണറ്റിൽ ആരൂല്ല”
“ഇപ്പൊ ഇയില്ല്യേ?”
നിസാർ ചുറ്റും നോക്കി, ‘ശരിയാണല്ലോ’!
“ഇയെന്തിനാണിപ്പൊ നിസാറേ കിണറ്റിൽ പോയത്?”
“ഇയന്നല്ലേ കിണറ്റിലേക്ക് നോക്കിയത്?”
“ഞാൻ ലില്ലി ചേച്ചിക്ക് കുഴല് അടിക്കാറായോ ന്നറിയാൻ നോക്കീതല്ലേ!!”
ശരിയാണ്, രാജേഷ് ചാടാൻ പറഞ്ഞിട്ടില്ല!

അധികം താമസിയാതെ കിണറ്റിൻകര ബോർഡ് വെക്കാതെ ഹൗസ്ഫുള്ളായി. ഹോൾഡ്  ഓവറായ ‘ദിൽകുഷ് ഫ്രം എട്ടാംവാർഡ്’ മാറ്റി ‘നിസാറിന്‍റെ വികൃതികൾ’ റിലീസായി. മേലെ ഭൂമിയിൽ നിൽക്കുന്ന വാർഡുകാർ, സ്വന്തം ഇരട്ടപ്പേര് അന്വർഥമാക്കി കിണറ്റിൽ കിടക്കുന്ന ധൃതി നിസാറിനെ നോക്കി. ഐവാ, കല്യാണ വീഡിയോയിൽ വരൻ ഡ്രോണിലേക്ക് നോക്കി നിൽക്കുന്ന പോലൊരു ഷോട്ട്!
ഈ ബഹളങ്ങൾ കേട്ട ലില്ലിചേച്ചി അങ്ങോട്ട്  അടുത്ത ചിഹ്നം വിളിച്ചുകൊണ്ടോടിവന്നു.
“കരയണ്ട ചേച്ചി, ദിൽകുഷ് കിണറ്റിൽ വീണിട്ടില്ല”, കിണറ്റിൽ നിന്നും വന്ന നിസാറിന്‍റെ എക്കോ. കരച്ചിൽ നിന്നു.
“ആ….ഏതായാലും ചാടിയതല്ലേ, കിണറ്റില് ഒരു തൊട്ടിയും രണ്ടു മഞ്ഞബക്കറ്റും കിടക്കുന്നുണ്ടാവും നീ അതൊന്ന് എടുത്ത് വെക്ക്.” വീണ്ടും കരച്ചിൽ.
“അയ്യോ എന്‍റെ ദിൽകുഷ് കിണറ്റിലും ഇല്ലേ…. കുട്ടാപ്പുവേട്ടൻ വരുമ്പോ ഞാൻ എന്ത് പറയുമേ..”

തലേന്ന് രാത്രി സൂര്യാ ടിവിയിൽ സിബിഐ ഡയറികുറിപ്പ് കണ്ട അപ്പുട്ടന്‍ വാര്യർ കയ്യ് പിന്നിൽ കെട്ടി ലില്ലിച്ചേച്ചിയുടെ അടുത്തേക്ക് നടക്കുന്നതാണ് പിന്നെ എല്ലാവരും കാണുന്നത്. ലില്ലിചേച്ചിയെ മാറ്റിനിർത്തി മൂപ്പര് തലേന്നു രാത്രി മുതലുണ്ടായ സംഭവങ്ങളുടെ ഡീറ്റയിൽസ് വിശദമായി ചോദിച്ചറിഞ്ഞു. ദിൽകുഷിന്‍റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കാവുന്നവരെ അളന്നു മുറിച്ചു നോക്കി. പിന്നെ ഇല്ലാത്ത ബി ജി എമ്മിന്റെ താളത്തിൽ ദിൽകുഷിന്റെ മുറിയിലേക്ക് നടന്നുപോയി. ലില്ലിച്ചേച്ചിയുടെ വീട്ടിലെ അന്തരീക്ഷം അപ്പുട്ടന്‍ വാര്യരുടെ ഉള്ളിലെ സേതുരാമയ്യർ ഏറ്റെടുക്കുകയായിരുന്നു. കിണറ്റിൽ ആൾറെഡി ഒരു ഡമ്മി കിടക്കുന്നത്കൊണ്ട് വേറെ ഇട്ടുനോക്കേണ്ടിവന്നില്ല.

അങ്ങാടിയിലെ തന്‍റെ കൊപ്ര സംഭരണ കേന്ദ്രത്തിലിരുന്ന് പ്രാക്ക് സംഭരിക്കുകയായിരുന്നു നിസാറിന്‍റെ വാപ്പ ഹസ്സൻകാക്ക. അപ്പോഴാണ് മറ്റേ ചോപ്പ് വണ്ടി സൈറനിട്ട് അങ്ങാടിയിൽ വന്നു ലെഫ്റ്റ് എടുത്ത് പോയത്. ഹസ്സൻകാക്ക അടുത്തുനിന്നിരുന്ന പീതാംബരൻ മാഷോട് ചോദിച്ചു,
“പീതോ… ഫയർഫോഴ്‌സ് വണ്ടി എങ്ങോട്ടാ?”
“ആ ആനക്കാരൻ കുട്ടാപ്പുവിന്റെ വീട്ടിലേക്കാ, അവരുടെ മൂത്തമോൻ ദിൽകുഷിനെ രാവിലെതൊട്ടു കാണാനില്ല”
“കാണൂല! ആ ചെക്കന് കൊറച്ച് കുൽസിതം കൂടുതലാ…”
“അതിന് ഫയർഫോഴ്‌സ് പോവുന്നത് നിങ്ങടെ മോൻ നിസാറിനെ അവരുടെ കിണറ്റിന്ന് എടുക്കാനാ !”
ഹസ്സൻകാക്ക അടുത്തുകണ്ട വാഴയിലേക്ക് നോക്കി. സ്വാഭാവികം!

ലില്ലിചേച്ചിയുടെ ഭവനം.
ദിൽകുഷിന്‍റെ മുറിയിലെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അപ്പുട്ടന്‍ വാര്യര്‍ പുറത്തേക്കുവന്നു. ആ മുഖം മൊബൈൽഫോൺ ക്ളോസറ്റിൽ പോയ ഫ്രീക്കനെ പോലെ കലുഷിതമായിരുന്നു. ആകാംഷയോടെ ചുറ്റുംകൂടി കാര്യം തിരക്കിയവർക്ക് നേരെ കയ്യിലുണ്ടായിരുന്ന ഒരു കുപ്പി നീട്ടികൊണ്ടു അപ്പുവാര്യർ പറഞ്ഞു,
“അവന്‍റെ മുറിയിൽ നിന്ന് കിട്ടിയതാ… വിഷമാണ്!!”
ലില്ലിചേച്ചി ധാ കിടക്കണു ബോധംകെട്ട് അടുത്ത് നിന്ന രാധാകൃഷ്‌ണൻ മൂപ്പരുടെ തോളിൽ!
“ഇവിടെ ഇത്രേം പേരുണ്ടായിട്ടും അവളെന്തിനാ നിങ്ങടെ തോളിലേക്ക് തന്നെ ബോധംകെട്ടത് എന്നെനിക്ക് ഇപ്പൊ അറിയണം!” മൂപ്പരുടെ ഭാര്യ സരോജിനി മാഡം വക ട്വിസ്റ്റ്!
രാധാകൃഷ്ണൻ മൂപ്പര് പൊറോട്ട വിഴുങ്ങിയ പെരുംപാമ്പിന്‍റെ എക്സപ്രഷനിട്ട് നിന്നു.
മിസ്സിസ് രാധാകൃഷ്ണൻ കരഞ്ഞുകൊണ്ട് കുടിയിലേക്കോടി. എട്ടാം വാർഡിന് ഉടനെയൊരു ഡൈവോഴ്സിന്റെ സദ്യ ഉണ്ണാം എന്നുറപ്പായി.

വിഷകുപ്പി സ്വന്തം പോക്കറ്റിലേക്ക് വെച്ചുകൊണ്ട് അപ്പു വാര്യർ ഉത്തരവിട്ടു,
“ഇനി ഞാൻ പറയാതെ ആരും ഈ വീട്ടിൽ നിന്ന് ഒരു സാധനവും കഴിക്കരുത്! അവൻ എന്തിലാ വിഷം ചേർത്ത് കഴിച്ചത് എന്ന് പറയാൻ പറ്റില്ല”
മൈസൂരിപഴം വിഴുങ്ങി നിൽക്കുന്ന അലസൻ രാജേഷ് വീട്ടിലേക്കോടി, ഭാര്യയുടെ മടിയിൽ കിടന്നു മരിക്കണം! ധൃതി നിസാറിന്‍റെ മനസ്സിൽ, വിഷം കഴിച്ച് കിണറ്റിൽചാടി മരിച്ച സ്വന്തം ചരമകോളം രണ്ടു സെക്കന്റ് ബ്ലിങ്ക് ചെയ്തു.

കളഞ്ഞുപോയ സ്വന്തം മീൻകൊട്ട തിരയുന്ന ആത്മാർത്ഥതയോടെ അതുവരെ ദിൽകുഷിനെ തിരഞ്ഞ മീൻകാരൻ സുലൈമാൻ കിതപ്പോടെ ചോദിച്ചു,
“ആത്മഹത്യാ കുറിപ്പ് വല്ലതും….?”
“ഇല്ല.”
“ആത്മഹത്യാകുറിപ്പ് വരെ വാട്സാപ്പ് സ്റ്റാറ്റസായി ഇടുന്ന ടീമാണ്”.
ആ ശബ്ദം കേട്ടാലറിയാം, ദിൽകുഷിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന ആരോ ആണ്.
വാട്സാപ്പ് നോക്കി, ‘ഫോർ വീൽസ് മൂവ് ദി ബോഡി, ടു വീൽസ് മൂവ് ദി സോൾ’.
“അങ്ങനെ പറഞ്ഞാലെന്താ?”
“മനസ്സിലായില്ലേ? തീവണ്ടിക്ക് തലവെച്ചതാണ്!!”

ഫയർ ഫോഴ്‌സ് വണ്ടി സ്പോട്ടിലെത്തി.
അഞ്ചു കിണ്ടി വെള്ളം മുഖത്ത് തളിച്ചിട്ടും ബോധം വരാത്ത ലില്ലിചേച്ചിയേയും താങ്ങി നിൽക്കുന്ന  അയൽക്കൂട്ടം പ്രസിഡന്റ് സുമതി, കൂട്ടത്തിൽ ഏറ്റവും ലുക്കുള്ള ഫയർ ഫോഴ്സ്‌കാരനെ തന്നെ വിളിച്ചു.
“സാറേ, ആദ്യം ആ വെള്ളത്തിന്‍റെ പൈപ്പ് ഈ മുഖത്തേക്കൊന്ന് പിടിച്ചേ”
“അതാണോ ഇവിടുത്തെ പ്രശ്നം?”
“അല്ല”
സുലൈമാൻ മുന്നോട്ട് വന്ന് വിഷയമവതരിപ്പിച്ചു,
“വിഷം കഴിച്ച ഒരാളുടെ ഡെഡ്ബോഡി
കണ്ടെടുക്കണം, കിണറ്റിൽ ചാടിയ വേറൊരാളെ ഡെഡ്ബോഡിയാവും മുമ്പ് പുറത്തെടുക്കണം.”
‘ഇത് ചെറിയ കളിയല്ല ഷാനി’ എന്ന ആത്മഗത്തോടെ ആ ഫയർഫോഴ്‌സുകാരൻ തൊപ്പി ഊരി തന്‍റെ സഹ ഫോഴ്സ്‌കാരെ നോക്കി.

ഈ കോലാഹലങ്ങളിലേക്കാണ് മറ്റൊരാൾ പാട്ടും പാടി നടന്നുവരുന്നത്, ചെത്തുകാരൻ ചേക്കുട്ടി. ‘ഉസൈൻ ബോൾട്ടിനെന്ത് മോർണിംഗ് വാക്കാ’ എന്ന ഭാവത്തോടെ ചേക്കുട്ടി ഇതൊന്നും മൈൻഡ് ചെയ്യാതെ നേരെ എക്സൈസുകാര് നമ്പരിട്ടു വെച്ച തന്‍റെ തെങ്ങിൽ കേറാൻ തുടങ്ങി. കയറി മുകളിലെത്തിയപ്പോൾ ദേ വേറൊരുത്തൻ. തെങ്ങിൻ കുരലിൽ കുട്ടാപ്പു മകൻ ദിൽകുഷ്‌! പാതിരാത്രിക്ക് കള്ളുമോന്താൻ കയറിയപ്പോൾ കിടന്ന്, അല്ല ഇരുന്ന് ഉറങ്ങിപോയതാണ്. മോന്തിയ കള്ളിന്‍റെ സിംഫണി കാരണം താഴെ നടന്ന വാട്ടർലൂ ഒന്നും കാണ്മാണ്ടായവൻ അറിഞ്ഞില്ല.ആൾക്കൂട്ടം കൂട്ട ചിൻ അപ്പ് നടത്തി, ദിൽകുഷ്!
ചേക്കുട്ടി അവനെ തട്ടിയുണർത്താൻ നോക്കുമ്പോൾ താഴെ നിന്നാരോ വിളിച്ചുപറഞ്ഞു,
“ഉണർത്തല്ലേ ഉണർത്തല്ലേ…. ചെക്കൻ കട്ടിലിലാണെന്നു കരുതി എഴുന്നേറ്റ് നടക്കും”

ഒടുവിൽ ഫയർഫോഴ്‌സുകാർ ദിൽകുഷിനെ ആകാശത്തുനിന്നും നിസാറിനെ പാതാളത്തുനിന്നും ഗ്രൗണ്ട് ലെവലിലേക്ക് എത്തിച്ചു. അമ്പിളിമാറി കണ്ണുതുറന്ന ദിൽകുഷ്‌ ചുറ്റുമുള്ള മുഖങ്ങളിലേക്ക് നോക്കി ആദ്യമൊന്നു പുഞ്ചിരിച്ചു,
“എന്താ എല്ലാരും കൂടി രാവിലെതന്നെ?”
ചാടിവീണ സുലൈമാൻ അവന്‍റെ തരളിതകിസലയതൽപം നോക്കി ഒന്ന് പൊട്ടിച്ചു.
“ഇപ്പൊ മനസ്സിലായോ?”
“ഉം” ദിൽകുഷിന്റെ തലയാടി.

അടുത്തത് അപ്പുട്ടന്‍ വാര്യരുടെ ചെസ്സ് നമ്പറായിരുന്നു.  എട്ടാം വാർഡിൽ നിന്നും ആദ്യം കയ്യോങ്ങിയത് രാധാകൃഷ്ണൻ മൂപ്പരായിരുന്നു.
“ഇയാളല്ലടോ പറഞ്ഞത് ഈ ചെക്കൻ വിഷം കുടിച്ചെന്ന്?”
അപ്പുവാര്യർ തിരിച്ചും ചൂടായി,
“മുറിയിൽ നിന്ന് വിഷകുപ്പി കിട്ടിയാൽ ഞാൻ പിന്നെ വേറെന്താ വിചാരിക്കണ്ടത്‌??”
“എന്നാ ആ കുപ്പി ഒന്നു ശരിക്ക് കാണിച്ചേ”
അപ്പുട്ടന്‍ വാര്യർ കുപ്പി പുറത്തേക്കെടുത്തു. വാർഡ് വാസിയോംസ് ഉണ്ടക്കണ്ണുകൾ നീട്ടി അതിലേക്ക് നോക്കി. ‘പോയ്സൻ!’, പക്ഷെ സ്പ്രേ ആണെന്നുമാത്രം!! ലില്ലിച്ചേച്ചിയുടെ ആങ്ങള ധർമേന്ദ്രൻ സൗദിയിൽ നിന്ന് വന്നപ്പോൾ അനന്തിരവന് കൊടുത്ത പോയ്‌സന്‍റെ പെർഫ്യൂം!!!

മധുരം മാരകം മംമ്ലിതം

മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!

Continue reading

22 Male മലപ്പുറം

ഒരൂസം. കൃത്യായിട്ട് പറഞ്ഞാ മേയ് പന്ത്രണ്ടാന്തി. വൈന്നേരം കോട്ടക്കുന്ന്‍ വായനോക്കാന്‍ പോയിട്ട്, കോലൈസ് ഈമ്പി കൊണ്ടിരിക്കുമ്പളാണ് ഷാജഹാന്‍ ആ സംഭവമറിഞ്ഞത് ‘ജോലി കിട്ടി’.
കൂടെയുള്ള ടീമ്സിനോട് ഷാജഹാന്‍ കാര്യം പറഞ്ഞു കണ്ണൊന്ന് അടച്ചുതുറന്നപ്പൊ ഒരു ഹോട്ടലിലെത്തിയിരുന്നു.

ഭീകരന്‍റെ ആ തീറ്റ കണ്ടപ്പോ ഷാജഹാന് ഒന്ന് ഉപദേശിക്കാതിരിക്കാന്‍ തോന്നീല.
“അളിയാ………ശത്രുക്കള് ട്രീറ്റ്‌ തരുമ്പപ്പോലും ഇങ്ങനെ തിന്നരുത്.”
“ഉം…………..” കനത്തിലൊന്നിരുത്തി മൂളീട്ട് ഭീകരന്‍ അടുത്ത ഷവായ് ഓഡറീതു.

ജോലികിട്ടിയ കാര്യം ഷാജഹാന്‍ നാട്ടിലാദ്യം പറഞ്ഞത്, മെയിന്‍ ചങ്ങായി കൂസനോടാണ്. അതെ കൂസന്‍ ……ലോകത്ത് ഒന്നിനെയും കൂസലില്ലാത്ത അതേ കൂസനോട്. കൂസന്‍ അതിനും തന്റെ മാസ്റ്റർപീസ്‌ ഡയലോഗടിച്ചു.
“ഈ ബാഗ്ലൂരൊക്കെ എന്നാ ഇണ്ടായെ? “.
പിന്നെ പറഞ്ഞത് അബൂട്ടിക്കാനോടാര്‍ന്നു.
“മോനെ …..ബാംഗ്ലൂരാണ്, പോയിട്ട് വലീം വെള്ളടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട ”
ഷാജഹാന്‍ മൊമെന്റില് റിപ്ലെ കൊടുത്തു,
“ഇല്ല അബൂട്ടിക്ക,ഞാന്‍ ഇനിയൊന്നും തൊടങ്ങാന്‍ പോണില്ല ”
‘അല്ലെങ്കിലും ഒരേ സംഭവം രണ്ടു പ്രാവശ്യം തൊടങ്ങാന്‍ പറ്റോ ?’ (ആത്മഗധം)

Continue reading

© 2020 Deepu Pradeep

Theme by Anders NorénUp ↑