Page 2 of 6

ഗൾഫീന്ന് വന്ന കുഞ്ഞുട്ടി

ഭൂജാതരായ ബുധനാഴ്ച മുതൽ കോലൈസിന്റെ കോലും ഐസും പോലെ ഒട്ടി ജീവിച്ചിരുന്ന കട്ട ദോസ്തുക്കളായിരുന്നു സാലിയും, സാലിടെ അയൽവാസി കുഞ്ഞുട്ടിയും. ‘നിറം’ സിനിമയിൽ ചാക്കോച്ചനോട് ശാലിനി, ‘നമ്മളെന്താടാ ഇങ്ങനെ?’ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ കാലടിക്കാർക്കത് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു, ഇവരുകാരണം.
പക്ഷെ, പെട്ടെന്നൊരുനാൾ അവര് തമ്മിൽ തെറ്റിപ്പോയി! തെറ്റിച്ചത് ഞങ്ങൾ നാട്ടുകാരോ അവരുടെ വീട്ടുകാരോ ആയിരുന്നില്ല. അങ്ങ് ലാറ്റിൻ അമേരിക്കയിൽ കിടക്കുന്ന മറ്റവന്മാര് രണ്ടും കൂടിയായിരുന്നു, ബ്രസീലും അർജന്റീനയും!

മഞ്ഞയായത് സാലിയാണ്. നീലയ്ക്കും വെള്ളയ്ക്കും പിറകെപോയത് കുഞ്ഞുട്ടിയും. എബിയും സോണയും, കീരിക്കാടൻ ജോസും സേതുമാധവനുമായി. ലോകകപ്പ് കാലത്തും കോപ്പാഅമേരിക്ക വൈകുന്നേരത്തും അവരുടെ ‘പ്രേമം’ പീക്കിലെത്തും. ദൂരെ, കോണ്ടിനെന്റലുകൾപ്പുറത്ത് സൗഹൃദമത്സരങ്ങൾ നടക്കുമ്പോൾ, ഇവിടെ കാലടി പോസ്റ്റ്ഓഫീസ് പരിധിയിൽ യുദ്ധമാണ് നടക്കാറ്. പന്തുരുണ്ടാൽ ബഹളമയം. വാട്ടക്കിഴങ്ങ് ലോഡ് വന്ന, കോട്ടപ്പുറം ചന്ത പോലെ….

Continue reading

എട്ടാം വാർഡിന്‍റെ ദിൽകുഷ്

ആനപ്പാപ്പൻ കുട്ടാപ്പുവിന്‍റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്‍റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്‍റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ  മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!

ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്‍റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്‍റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…? പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്‍റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”

Continue reading

സോമേട്ടന്‍ വരും!

കാടും തോടും ആടും കൂടുമുള്ള കാലടി. ആ കാലടിയുടെ ഒരു വക്കത്ത്, എഴുതാന്‍ കഥയൊന്നുമില്ലാതെ ഞാനിങ്ങനെ താടിക്ക് കയ്യുംകൊടുത്ത് മാനത്തെ ഡ്രോണും നോക്കി ഇരിക്കുമ്പോഴാണ് ഊള സുഭാഷ്® എന്നെ നോക്കി ചിരിച്ച് ഹോണടിച്ച് കടന്നുപോയത്. ആ ചിരി കിട്ടിയപ്പോഴേ ഞാനുറപ്പിച്ചു, എനിക്കുള്ള കഥ അവന്‍ ഏറ്റിട്ടുണ്ടെന്ന്‍. ഞാന്‍ നേരെ ചെട്ടിയാരുടെ പീടികയില്‍ പോയി രണ്ട് ടെക്നോ ടിപ്പ് വാങ്ങി, ബ്ലൂ !

ഊള സുഭാഷ്®. മുകളിലൊരു ® കണ്ടോ ? പേര് രജിസ്റ്റേര്‍ഡാണ്, ഇനിയാര്‍ക്കും
അതുപയോഗിക്കാനാവില്ല. അപ്പൊ ഇവനെക്കാള്‍ ഊളയായ ഒരു സുഭാഷ് ഉണ്ടെങ്കിലോ? ഉണ്ടാവില്ല, ഞങ്ങള്‍ കാലടിക്കാര്‍ക്ക് അത്രയ്ക്കുറപ്പാണ്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, ഊള സുഭാഷ്® , ഇസ്ട്ടം.

സുഭാഷിന്റെ ആ പോക്ക്, ചരിത്രപരമായ ഒരു പോക്കായിരുന്നു. വണ്ടി നേരെചെന്ന് നിന്നത്, ‘ജിമ്മേ ജീവിതം’ എന്ന മോട്ടോയും കൊണ്ടുനടക്കുന്ന, നാട്ടിലെ ആദ്യത്തെ മള്‍ട്ടിയും, ബെസ്റ്റ് കട്ടയുമായ മള്‍ട്ടി മാനുവിന്റെ ‘ഹരിശ്രീ ജിംനേഷ്യ’ത്തിന്‍റെ മുന്നിലായിരുന്നു. അബു സലിം ഉദ്ഘാടനം ചെയ്ത, അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ചുമരലങ്കരിക്കുന്ന, ഹരിശ്രീ ജിമ്മിന്‍റെ കൌണ്ടറില്‍, പ്രോട്ടീന്‍ പൌഡറില്‍ അരിപ്പൊടി മിക്സ് ചെയ്യുകയായിരുന്ന മള്‍ട്ടി മാനുവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് സുഭാഷ് ഒരഡ്മിഷന്‍ എടുത്തു.

Continue reading

മധുരം മാരകം മംമ്ലിതം

മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!

മധുരം
മൂലേപ്പറമ്പിലെ മണിമാഷിന്റെ ഇളയമോള് സുമിടെ കല്യാണത്തിന്,ഒരു ഫ്‌ളവർ വൈസ് പ്രസന്റേഷനും കൊണ്ട് മാങ്കുറിശ്ശി വീടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു ശ്രീകുട്ടനും അനിയൻ വാസുദേവനും.
സുമിടെ കഴുത്തിൽ താലി വീണ സെക്കന്റിൽ തന്നെ, അനിയൻ വാസു ശ്രീകുട്ടന്റെ വലത്തേകൈ ചേർത്തുപിടിച്ചിട്ടു പറഞ്ഞു,
“ഏട്ടാ….അങ്ങനെ ഓളും പോയി !”ശ്രീകുട്ടന്റെ മുഖത്തെ വിഷമം കണ്ടപ്പൊ വാസുവിന് പിന്നെ കൂടുതലൊന്നും പറയാൻ തോന്നീല. പക്ഷെ ശ്രീക്കുട്ടൻ ഒന്ന് പറഞ്ഞു,
“നാട്ടിലെ ലുക്ക് പെങ്കുട്ട്യോള് കല്യാണം കഴിഞ്ഞു പോവുമ്പഴല്ലടാ സങ്കടം, അവരുടെ ഒക്കെ ഭർത്താക്കന്മാരെ കാണുമ്പഴാ. ശോകം”
“സത്യം”

Continue reading

നിന്നെ പിണഞ്ഞു പടര്‍ന്നുകയറിയ മുല്ലവള്ളികള്‍.
പിന്നെ മൊട്ടിട്ടു പൂത്ത നീയും.

സബാഷ് സുഭാഷ്

വളരെ പണ്ട് ഒരൂസം, ദൈവം ഭാര്യയുടെ അടുത്തൂന്ന് ചീത്ത കേട്ട കലിപ്പ് ആരോടെങ്കിലും ഒന്ന്‍ തീര്‍ക്കണം എന്ന വിചാരത്തോടെ ഭൂമിയിലേക്ക് നോക്കിയപ്പോഴുണ്ട്  അതാ, എടപ്പാളിനപ്പുറം, കുറ്റിപ്പുറത്തിനിപ്പുറം, കാലടി എന്ന ഞങ്ങടെ നാട് ഒരു പ്രശ്നവും ഇല്ലാതെ ഇങ്ങനെ ജീവിച്ചു പോവുന്നു. ‘ആഹാ… ന്നാ ശരിയാക്കിതരാടാ ‘ ന്ന്‍ ദൈവം മനസ്സില്‍ പറഞ്ഞ  സെയിം മൊമെന്റിലാണ്, സുഭാഷിന്റെ അച്ഛന്‍ കുട്ടികളുണ്ടാവാന്‍ അമ്പലത്തില്‍ ഉരുളികമിഴ്ത്തുന്നത് കണ്ടത്. അടി സക്കേ!! … സുഭാഷ് ഭൂജാതനായി. ഇതാണ് ചരിത്രം.

ഉരുളി കമിഴ്ത്തിയപ്പൊ ഉണ്ട കുടുങ്ങി കിട്ടിയ സുഭാഷ്, അല്‍പ്പരില്‍ അല്‍പ്പനായി വളര്‍ന്നു വലുതായി . രണ്ടായിരത്തിരണ്ടിന്‍റെ ആദ്യപാദം, ഡിജിറ്റല്‍ ഡയറി എന്ന  അന്നത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമായി ഉള്ളവര്‍ കത്തിനില്‍ക്കുന്ന ടൈം.  ഇന്നത്തെ പതിനായിരം ഫേസ്ബുക്ക് ലൈക്കുകളുടെ മൂല്യമുണ്ടായിരുന്നു നാട്ടിലെ അന്നത്തെ ഡിജിറ്റല്‍ ഡയറി ഉടമകളായ സാലിക്കും  കുഞ്ഞുട്ടിക്കും. പക്ഷെ ലളിതന്മാരായ അവര്‍ അവരുടെ ഡിജിറ്റല്‍ ഡയറികള്‍ നാടിന്‍റെ പൊതു സ്വത്താക്കി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ  ഉള്ളില്‍ ഒരു തേങ്ങയും ഇല്ലെങ്കിലും, അതില്‍ മാറി മാറി തിരുപ്പിടിക്കല്‍ ആയിരുന്നു ക്ലബ്ബിലെ മെയിന്‍ നേരംപോക്ക്.

Continue reading

ശ്രീമതി വിലാസിനി ബാറ്റിസ്റ്റ്യൂട്ട

അര്‍ജന്ടീനക്കാരുടെ, മറഡോണയ്ക്ക് ശേഷമുള്ള, മെസ്സിക്ക് മുമ്പേയുള്ള ഫുഡ്ബോള്‍ ദൈവം, ശ്രീമാന്‍ ഗബ്രിയേല്‍ ബാറ്റിസ്ട്ട്യൂട്ട, ഇവിടെ ഈ കേരളത്തില്‍ കിടക്കുന്ന ശ്രീമതി വിലാസിനി ചേച്ചിയുടെ പേരിന്‍റെ  അറ്റത്ത് വന്നിരുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. കേട്ടോളിം….

കേരളാ സര്‍ക്കാര്‍ ക്ലബ്ബുകള്‍ക്ക് കൊടുക്കുന്ന ഗ്രാന്‍റ് പയിനായിരം രൂപ കയ്യില്‍ കിട്ടിയതോടെ, നീണ്ട ഒമ്പത് മാസത്തിനു ശേഷം ആദ്യമായി ‘ഡെയ്ഞ്ചര്‍ ബോയ്സ്’ ക്ലബ്ബില്‍ ജനറല്‍ബോഡി യോഗം കൂടി. സ്ഥിരവൈരികളായ അയല്‍നാട്ടിലെ ‘പാറപ്പുറം ഫൈറ്റേര്‍സ്‘ കിട്ടിയ ഗ്രാന്ടിലെ ഒമ്പതിനായിരം രൂപയ്ക്ക് പുട്ടടിച്ച്, ബാക്കി ആയിരം രൂപ കൊണ്ട് നടത്തിയ സൌജന്യ കണ്ണു പരിശോധന കഴിഞ്ഞു പോകുന്ന കുഞ്ഞാലിക്ക, ക്ലബ്ബിന്‍റെ ഉമ്മറത്ത്‌ വന്നുനിന്ന് “കണ്ടുപഠി, നിങ്ങളെ കൊണ്ടൊക്കെ എന്തിന് കൊള്ളൂമെടാ? എന്ന് ചോദിച്ച ആ ചോദ്യം, ഞങ്ങടെ അഭിമാനമാകുന്ന മൊട്ടകുന്നില്‍, ജെസിബി മാന്തിയ പോലെ, മാന്തിയങ്ങു പോയി. ഉടനെ തന്നെ, ‘നമ്മക്കും എന്തെങ്കിലും ചെയ്യണം’ എന്ന വിഷയത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചതുടങ്ങി.

Continue reading

ഇരുട്ടിവെളുത്ത പേരില്ലൂര്‍

തുലാമഴ പോലെ കര്‍ക്കിടകം ഒലിച്ചിറങ്ങി പോയൊരു രാത്രി കഴിഞ്ഞുണ്ടായ തിങ്കളാഴ്ച. പേരില്ലൂര്‍ അന്ന് പതിവിലേറെ ഉത്സാഹഭരിതയായി കാണപ്പെട്ടു. 

അഞ്ചു മണി, സൂര്യന്‍ കിടക്കപ്പായയില്‍ നിന്ന് എഴുന്നേറ്റ്, ലുങ്കിയും തപ്പിപിടിച്ചെടുത്ത്‌ ചുറ്റി, പേരില്ലൂരിന്‍റെ ആകാശത്ത് വന്ന് മടക്കികുത്തിനിന്നു. സംഭവം വെളുത്തു, നേരം. വേട്ടേക്കരന്‍കാവിന്‍റെ ആലില്‍ കെട്ടിയ സ്പീക്കറിലൂടെ, എം.ജി ശ്രീകുമാര്‍ അന്നത്തെ ഭക്തി ഗാനങ്ങളെല്ലാം പാടി തീര്‍ത്തു. ഇനി യാവുവിന്‍റെ ഊഴമാണ്. ഞങ്ങളുടെ പേരില്ലൂരിന്‍റെ ജീവശ്വാസമായ കുണ്ടില്‍ സ്റ്റോര്‍സ് തുറക്കാനായി യാവു അപ്പോള്‍ കുഞ്ഞിമ്മു മന്‍സിലില്‍ നിന്നും പഞ്ചായത്ത് റോഡിലേക്ക് ഇറങ്ങി.

Continue reading

ശിവന്‍കുട്ടിവിജയം

റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വന്ന് ടൌണ്‍ പറിച്ചു നട്ടപ്പോള്‍ , പ്രതാപം നഷ്ടപെട്ട  കുറ്റിപ്പുറം പഴയ അങ്ങാടിയിലെ  ‘റാഡോ ലോഡ്ജി’ന്‍റെ തട്ടിന്‍പുറത്തെ  അഞ്ചാം നമ്പര്‍ മുറി. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത  പൂണെ എക്സ്പ്രസ് അപ്രതീക്ഷിതമായി സ്റ്റേഷനില്‍ അലറികരഞ്ഞ് നിന്നപ്പോഴാണ്  ഞാന്‍ ആ മുറിയിലേക്ക് ചെന്നുകയറുന്നത്. പിന്നെ  ആ മുറിയുടെ വിസ്തീര്‍ണ്ണത്തില്‍ അടയിരുന്നത്  ഞങ്ങള്‍ നാലുപേരാണ് . സൌമ്യമായി ചിരിക്കാന്‍ ജനിച്ചനാള്‍ മുതല്‍ ശ്രമിച്ച് പരാജയപെട്ടുകൊണ്ടിരിക്കുന്ന അജയന്‍ . ഏതോ ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്തപോലെ, കൂര്‍ത്ത അരികുകളും അഗ്രങ്ങളുമുള്ള മുഖത്തിന്‍റെ ഉടമ ലൂയിസേട്ടന്‍ . ചുണ്ടുരിയാടുന്ന വാക്കുകള്‍ക്കൊപ്പം മുഖത്തെ പേശികള്‍ ചലിപ്പിക്കാത്ത ഇരട്ടകളില്‍ ഒരുവന്‍, നജീബ്. പിന്നെയുള്ളത് ഞാനാണ് . എന്നെ ഞാന്‍ കണ്ടിട്ടില്ലാതതുകൊണ്ട് വിവരിക്കുന്നില്ല.

Continue reading

എന്‍റെ നാവിന്‍റെയറ്റത്തൊരു മുറിവുണ്ടായിരുന്നു,

നിന്‍റെ പേരുച്ചരിച്ചപ്പോള്‍, അതിന്ന്‍ വീണ്ടും പഴുത്തു.

ദ ഗ്ലാസ് സ്റ്റോറി 2

ആദ്യഭാഗം വായിക്കാത്തവര്‍ ദോണ്ടേ, ദിവിടെ പോയി വായിച്ചു തിരിച്ചു വരേണ്ടതാണ് ദ ഗ്ലാസ് സ്റ്റോറി

ഒരു സ്ത്രീ ശബ്ദം നിലവിളിച്ച് ഒച്ചയുണ്ടാക്കുന്നത് കേട്ടിട്ടാണ് ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു മനു കിടക്കയില്‍ കിടന്ന് കണ്ണ് തുറക്കുന്നത് . എന്തിനോ വേണ്ടി ചതഞ്ഞരഞ്ഞ മുല്ലപ്പൂവുകളുടെ മുകളില്‍ കിടന്ന്‍, മനു ആ കരച്ചില്‍ ശ്രദ്ധിച്ചു.
സുജിതയ്ക്ക് എന്നെക്കാള്‍ സ്വര്‍ണ്ണമുണ്ടെന്നു പറഞ്ഞു കരയുന്ന ഏട്ടന്റെ ഭാര്യയുടെ ശബ്ദമല്ല…… സുജിത വലിക്കുന്നത് കണ്ട അമ്മയുടെ ശബ്ദമല്ല ……..വലികിട്ടാഞ്ഞിട്ടു കരയുന്ന സുജിതയുടെ ശബ്ദവുമല്ല. പിന്നെ ആരുടേതാണാ ശബ്ദം….?
വീണ്ടും കരച്ചിലും ഡയലോഗ്സും വന്നു “അയ്യോ…..എന്നെ ഇട്ടിട്ട് വേറെ കെട്ടി പോവുമെന്ന് ഞാന്‍ വിചാരിച്ചില്ല…..ഇനി ഞാനെന്തു ചെയ്യുമെന്റെ ദേവ്യേ… ”
രമണി ! വേലക്കാരി രമണി !!

Continue reading

ഇദം നഃ മമ – ഇതെനിക്ക് വേണ്ടിയല്ല

മഴ വന്നു , നിലാവിന്റെ കസവിട്ടു വന്നൊരു രാത്രി മഴ. ആ മഴയൊഴുകിത്തുടങ്ങാൻ വേണ്ടിയാണ് , പാതിരാത്രി, ഹൈവേയിലെ ആ ബസ് സ്റ്റോപ്പിൽ  ഞാൻ അത്രയും നേരം കാത്തുനിന്നത്. തോരാതെ മഴ പെയ്തിരുന്ന ഒരു തുലാമാസ രാത്രിയിലാണ് ഞാൻ ജനിച്ചത്‌, അതുകൊണ്ടാവും …മഴയെ ഞാൻ ഇത്രയ്ക്ക് ഇഷ്ടപെടുന്നത്. മഴ പെയ്യുമ്പൊ , എന്നിൽ നിന്നും നഷ്ടപെട്ട എന്തൊക്കെയോ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നതായി എനിക്ക് തോന്നും.

ഞാൻ കുട ചൂടി വീട്ടിലേക്കുള്ള ദൂരം താണ്ടാനായി നടന്നു തുടങ്ങി.മഴ മണ്ണിൽ പുരളുന്ന ശബ്ദമല്ലാതെ, വേറൊരു ശബ്ദം എന്റെ പുറകിൽ നിന്നും ഞാൻ കേട്ടു. രണ്ടാം മഴയുടെ മൂളക്കമാണെന്ന് ഞാൻ കരുതി. പക്ഷെ അത് , വേഗത്തിൽ അടുത്തെത്തുന്ന ഒരു കാൽപെരുമാറ്റമായിരുന്നു.  ഞാൻ തിരിഞ്ഞു നോക്കും മുൻപ് അതിന്റെ ഉടമ എനിക്കൊപ്പമെത്തി എന്റെ കുടയിലേക്ക്‌ കയറി നിന്നു. അതൊരു പെണ്ണുടലായിരുന്നു !!

Continue reading

മരണത്തിനപ്പുറം

മരിച്ചതെപ്പോഴാണെന്നോ മരിച്ചതെന്തിനാണെന്നോ അറിയാതെ ഞാൻ മരിച്ചു. മരിച്ചശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. കാരണം ഞാൻ ആദ്യമായാണല്ലോ മരിക്കുന്നത്. ഉറവിടമില്ലാത്തൊരു ഊർജം എന്നിൽ നിന്നും പുറത്തേക്കൊഴുകുന്നത് ഞാനറിഞ്ഞു. മരണം, എന്നുമെന്റെ ആത്മാവിന്റെ ആവേശമായിരുന്നു . പക്ഷെ ഇപ്പോൾ, മരിച്ചു നിൽക്കുമ്പോൾ, എനിക്കാത്മാവുണ്ടായിരുന്നോ എന്ന് പോലും എനിക്കോർത്തെടുക്കാനാവുന്നില്ല.

Continue reading

മയ്യെഴുതിയ ആ കണ്ണ് ഞാൻ കണ്ടു,
ആ കണ്ണിൽ ഞാൻ എന്നെയും കണ്ടു,
പിന്നെയൊരു കണ്ണീരും കണ്ടു…
അവിടെ…..എനിക്കെന്നെ മറഞ്ഞു

%d bloggers like this: