കളരിപരമ്പര ദൈവങ്ങളേ…

കളരിപയറ്റിന്റെ ടോം ക്രൂയിസും, ഏഷ്യാ-പസഫിക്ക് മുതൽ പാപ്പനംകോട് വരെ ശിഷ്യസമ്പത്തുമുള്ള മ്മളെ ഹംസത്തലി ഗുരിക്കൾ! ഗുരിക്കളുടെ ലാസ്റ്റ് ശിഷ്യൻ എന്നറിയപ്പെടാനുള്ള ഭാഗ്യം കിട്ടിയത്, കാലടി ഡെയ്ഞ്ചർ ബോയ്സ് ക്ലബ്ബിന്റെ ലോറിമറിയുന്ന കളിക്കാരൻ, സോറി, ലോകമറിയുന്ന കളിക്കാരൻ സുഗ്രീവനായിരുന്നു. പെനാൽട്ടി അടിച്ച് ത്രോ ആക്കി മാറ്റിയാൽ ലോറിമറിയാതിരിക്യോ?
അത് പോട്ടെ, ഗുരിക്കളുടെ ഫസ്റ്റ് ശിഷ്യന്റെ പേരിലും, ബെസ്റ്റ് ശിഷ്യന്റെ പേരിലും ഇപ്പോഴും അവകാശതർക്കം നിലവിലുണ്ടെങ്കിലും, ലാസ്റ്റ് ശിഷ്യന്റെ കാര്യത്തിൽ ആര്‍ക്കുമൊരു സംശയവുമില്ല, അത് മ്മളെ സുഗ്രീവൻ തന്നെയാണ്. ആ കഥയാണ് ത്.

ജനിച്ച് പതിനേഴാം ആണ്ടിന്റെ ഗ്ലാമറുമായി നടക്കുന്ന സുഗ്രീവൻ, ‘ഭാസ്കർ ട്രാവൽസിന്റെ’ ലെയ്ലാന്റിൽ തുള്ളിക്കളിച്ച് പത്മനാഭപുരം പാലസിലേക്ക് സ്‌കൂൾടൂർ പോയതായിരുന്നു ട്രിഗർ നമ്പർ ഒന്ന്.
കൊട്ടാരത്തിനുപുറത്തെ കലുങ്കിൽ ഇരിക്കുകയായിരുന്ന, കുൽക്കി സർബത്തിലെ കസ്കസിനെ പോല കലുഷിതമായ മുഖമുള്ള കൈനോട്ടക്കാരനെ കണ്ടപ്പോൾ സുഗ്രീവനൊരു ദാഹം, കൈ നോക്കാൻ. നോക്കി, ഉച്ചയ്ക്ക് കഴിച്ച മുട്ട ബിരിയാണിയുടെ എണ്ണയും മണവും ബാക്കിയുള്ള വലത്തേ കൈ സുഗ്രീവ­ന്‍ കാക്കാലന് നേരെ നീട്ടി.
ഒറ്റനോട്ടം, കാക്കാലൻ സുഗ്രീവന്റെ കാലിലേക്കൊരു വീഴ്ചയായിരുന്നു!
“ങ്ങേ! ഇയാളോട് ഞാൻ കൈ നോക്കാൻ തന്നെയല്ലേ പറഞ്ഞേ? ഇയാളെന്തിനാണ് എന്‍റെ കാല് നോക്കുന്നത്” എന്ന് സുഗ്രീവൻ വണ്ടറടിച്ചു.
ജന്മത്ത് വെള്ളം കണ്ടിട്ടില്ലാത്ത തന്റെ ഓട്ട സോക്സിന്റെ പേട്ട ഗന്ധം കാക്കാലനെ പൊക്കുമെന്ന് സുഗ്രീവൻ കരുതി. ഇല്ല, പൊങ്ങിയില്ല.
ഒടുവിൽ സുഗ്രീവൻ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ, അയാൾ അവന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് തൊഴുതുകൊണ്ട് ഒറ്റ കരച്ചിലാ…
“മാർത്താണ്ഡവർമ്മ! മോൻ മാർത്താണ്ഡവർമ്മയുടെ പുനർജന്മമാണ്!!”
വിരിഞ്ഞോ? വിരിഞ്ഞു!
അജ്ജാതി സ്റ്റേറ്റ്മെന്റുകൾക്ക് റിയാക്ഷനിട്ടുകൊടുക്കാനുള്ള കനപ്പെട്ട ഞെട്ടലുകൾ സ്റ്റോക്കില്ലാത്തതുകൊണ്ട് സുഗ്രീവൻ അവിടുന്ന് ഓടി നേരെ ബസ്സിൽ കേറി.

‘ഭാസ്‌കർ ട്രാവൽസിൽ’ അങ്ങോട്ട് പോയത് ഡ്രൈവറടക്കം അമ്പത് പേരായിരുന്നെങ്കിൽ ഇങ്ങോട്ട് വരുമ്പോ അത് അമ്പത്തിയൊന്ന് ഉണ്ടായിരുന്നു.
പിറ്റേന്ന് വൈകുന്നേരം വീട്ടിലെ ഇരുമ്പലമാറയിലെ പൂക്കളുള്ള കണ്ണാടിയിലേക്ക് നോക്കി പൗഡറിടുന്നതിനിടെയാണ് അപ്രതീക്ഷിതമായി സുഗ്രീവന്റെ വറചട്ടിയിൽ കാക്കാലനിട്ട കടുക് മൂത്ത് പൊട്ടിയത്…
‘ങ്ങേ! ചില ആംഗിളിൽ എനിക്ക് എട്ടാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ കണ്ട മാർത്താണ്ഡവർമ്മയുടെ കട്ട് ഉണ്ടല്ലോ!!’
ട്ടും.
സുഗ്രീവൻ വേഗം പോയി തന്റെ ജാതകം എടുത്ത് ഒന്ന്‍ മറിച്ചുനോക്കി, ഹേയ് നോ ക്ലൂസ്. ‘ആകാശദൂതി’നേക്കാൾ ശോകം സ്ക്രിപ്റ്റാണ് ജ്യോത്സ്യൻ കാച്ചി വെച്ചിരിക്കുന്നത്. സുഗ്രീവൻ ഇമോഷണലായി, ‘ഇതിലും ഭേദം കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ചയാണ്’.

ആകുലതകൾ മൂത്ത് ഭ്രാന്താവുക ന്നൊക്കെ പറയില്ലേ, സുഗ്രീന് ആ അവസ്ഥ. ലോകത്ത് ഒരാളോടേ സുഗ്രീവന് അതെല്ലാം പങ്കുവെയ്ക്കാൻ തോന്നിയുള്ളൂ….. ജേഷ്ഠൻ സുരേട്ടനോട്. മതീലോ!
അനിയനാണെന്നൊന്നും നോക്കീല, ഒരു കാച്ചലാ…
“ഇതെനിക്കും തോന്നീട്ടുണ്ട്! ഇനി വൈകിക്കണ്ട സുഗ്രീവാ, നീ കളരി പഠിക്കണം…. മാർത്താണ്ഡവർമ്മ പുനർജനിച്ചെങ്കിൽ, എട്ടു വീട്ടിൽ പിള്ളമാരും ജനിക്കും. നമ്മള് സൈറ്റായി ഇരിക്കണം.”
ട്രിഗർ നമ്പർ രണ്ടേ!

പിറ്റേന്ന് പുലർച്ചെ അത്താണിപാടത്ത് ഏറുംപന്ത് കളിക്കാൻ കൂടിയ ഞങ്ങള് കാണുന്നത്, സൈക്കിളും പറപ്പിച്ച് ഹംസത്തലി ഗുരിക്കളുടെ കളരിയിലേക്ക് പായുന്ന സുഗ്രീവനെയാണ്. തോർത്തുമുണ്ട് കൊണ്ട് തറ്റുടുത്ത്, ഗുരുക്കൾക്ക് വെറ്റിലയും ദക്ഷിണയും കൊടുത്ത് ശിഷ്യപ്പെട്ടശേഷം കാര്യപരിപാടികളിലേക്ക് കടക്കാനൊരുങ്ങവെ സുഗ്രീവൻ പറഞ്ഞു,
“ഗുരുക്കളെ…. എന്നെ ആദ്യം സൂചിയ്ക്ക് ഇരിക്കാൻ പഠിപ്പിക്കണം”
ഫസ്റ്റ് ഡേ തന്നെ ഗെറ്റ് ഔട്ട് അടിക്കണ്ടാന്ന് കരുതി ഗുരുക്കള് ഇങ്ങനെ പറഞ്ഞു,
“അത് പറ്റില്ല സുഗ്രീവാ, കളരിയ്ക്ക് കുറച്ച ചിട്ടകളും ശീലങ്ങളും ഒക്കെയുണ്ട്”
“ന്നാ ന്റെ ദക്ഷിണ തിരിച്ച് തന്നോളി”
ഗുരുക്കള് കിളി!
“സൂചിയ്ക്ക് ഇരിക്കാനൊക്കെ നമ്മള് പഠിക്കും, കുറച്ച് ക്ഷമിക്ക്”
“സൂചിയ്ക്ക് ഇരിക്കലാണ് ഇപ്പഴത്തെ ട്രെൻഡ്. ഗുരുക്കള് പഠിപ്പിച്ച് വരുമ്പഴേക്കും ട്രെന്റ് മാറി വേറെന്തെങ്കിലും ആയാലോ?”
ഗുരുക്കൾക്ക് ആൻസറില്ലായിരുന്നു. സുഗ്രീവൻ ദർബാർ രാഗം പുറത്തെടുത്തു,
“ഞാൻ സൂചിയ്ക്ക് ഇരിക്കുന്നത് പോയി സ്‌കൂളിൽ കാണിച്ചാൽ ഗുരുക്കൾക്ക് അവിടുന്ന് ഒരു വണ്ടി അഡ്മിഷൻ കിട്ടും”
“ആപ്പെയാണോ?”
“സൂചി നല്ലതാണെങ്കിൽ പാണ്ടി ലോറി തന്നെ കിട്ടും”
ഗുരിക്കള് ഫ്‌ളാറ്റ്‌.

ഹംസത്തലി ഗുരുക്കൾ സൂചി ലക്ഷ്യമാക്കി കൈകൾ രണ്ടും മേൽപ്പോട്ടുയർത്തിയശേഷം കാലുകൾ രണ്ടും ഒറ്റ അകത്തൽ. കർർർർർർ…… ഗുരുക്കളുടെ ആറാം വാരിയ്ക്കുള്ളിലെ ശ്രീമൂലസ്ഥാനത്തുനിന്നും നിന്നും ചിഞ്ചിലങ്ങളുണ്ടായി. സൂചി പൊസിഷനിൽ ഇരുന്നുകൊണ്ട് തന്നെ ഗുരുക്കളുടെ മൂക്ക് വന്നു മണ്ണിൽ തൊട്ടു.
“അപ്പ പ്പ പ്പ പ്പ പ്പാ…. മാരക അടവ്!” സുഗ്രീവൻ കയ്യടിച്ച് വിസിലൂതി. ബാക്കിയുള്ള ശിഷ്യന്മാര് ഓടിവന്ന് ഗുരുക്കളെയും എടുത്ത് ആശുപത്രിയിലേക്ക് മണ്ടുമ്പഴാണ് സുഗ്രീവന്റെ മണ്ടയിൽ കാറ്റ് വീശുന്നത്. തുരുതുരാവസ്ഥയിൽ, തെറ്റി. ഗുരുതരാവസ്ഥയിൽ വണ്ടിയിലേക്ക് കയറ്റുമ്പോൾ, ഗുരുക്കള് നോക്കിയത് തന്റെ എല്ലാമെല്ലാമായ കളരിയിലേക്കായിരുന്നില്ല, മാർത്താണ്ഡവർമ്മ കട്ടും കൊണ്ട് വന്ന ആ മഹാപാപിയുടെ മുഖത്തേക്കായിരുന്നു.

ഗുരിക്കളുടെ കഞ്ഞിയിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് സുഗ്രീവൻ യാത്ര തുടർന്നു, പോയി കുങ്ഫു ക്ലാസിന് ചേർന്നു. എട്ടുവീട്ടിൽ പിള്ളമാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ!
വാരിയെല്ലിന്റെ വാസ്തു തെറ്റിയ ഹംസത്തലി ഗുരുക്ക­ള്‍ക്ക് പിന്നെ ജീവിതത്തിലാരെയും കളരി പഠിപ്പിക്കാ­ന്‍ പറ്റീട്ടില്ല, ഒറ്റ കിടപ്പ്!
ഇപ്പോഴും, ആ കളരിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോ­ള്‍, അവിടുത്തെ ചുമരി­ല്‍ വലിയൊരു ക്വോട്ട് കാണാം…

‘ഫസ്റ്റ് ശിഷ്യനെയും ബെസ്റ്റ് ശിഷ്യനെയുമല്ല, ലാസ്റ്റ് ശിഷ്യനെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ പത്തുപ്രാവശ്യം ആലോചിക്കേണ്ടത്, സമയണ്ടെങ്കി­ല്‍ പതിനൊന്നും.’ – ഹംസത്തലി ഗുരിക്ക­ള്‍

എട്ടാം വാർഡിന്റെ ദിൽകുഷ്

ആനപ്പാപ്പൻ കുട്ടാപ്പുവിന്റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ  മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!

ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…?പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”
സുര അപ്പം ചുട്ടതാണെന്ന് മനസ്സിലാവാതെ പാവം കുമാരേട്ടൻ അകത്തുപോയി മോളെ വിളിച്ച് തിരിച്ച് വന്നപ്പോഴേക്കും വാർഡുകാര് ചിരി തുടങ്ങിയിരുന്നു. സന്ധ്യ അങ്ങനെ ഇല്ലാത്ത പ്രണയകഥയിലെ ദുരന്ത നായികയായി, കാതൽ സന്ധ്യ! സുരേട്ടൻ ആഗമനോദ്ദ്യേശ്യം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി.

അലസൻ രാജേഷും ധൃതി നിസാറും രണ്ടാംനിലയിലും തട്ടിൻപുറത്തും ദിൽകുഷ്നെ തിരഞ്ഞ് നിരാശരായി അടുക്കളയിലെത്തി തപ്പിയപ്പോൾ കിട്ടി, രണ്ട് ചീർപ്പ് മൈസൂരിപ്പഴം! ദിൽകുഷിന് പിറകെ അതും ആ വീട്ടിൽനിന്ന് അപ്രത്യക്ഷമായി. ശേഷം വിറകുപുര കൂടി തിരഞ്ഞ് വടുക്കോറത്തെത്തി, ചേക്കുട്ടി ചെത്തുന്ന തെങ്ങുകളിലൊന്നിൽ ചാരി റെസ്റ്റ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അത്. ശീമകൊന്നയുടെ ആൾമറയുള്ള കിണറ്റിലേക്ക് അലസൻ രാജേഷ് അലസമായി ഒന്നു നോക്കി, വെറുതെ. നിസാർ അത് കണ്ടതും കിണറ്റിലേക്ക് ഒരൊറ്റ ഡൈവാ….ബ്ലും! മൂക്കുംകുത്തി വെള്ളത്തിലെത്തിയ നിസാർ ഞെരിഞ്ഞമർന്ന് വലതുമാറി തിരിച്ചുപൊങ്ങിയശേഷം രാജേഷിനോട് വിളിച്ചുപറഞ്ഞു,
“കിണറ്റിൽ ആരൂല്ല”
“ഇപ്പൊ ഇയില്ല്യേ?”
നിസാർ ചുറ്റും നോക്കി, ‘ശരിയാണല്ലോ’
“ഇയെന്തിനാണിപ്പോ നിസാറെ കിണറ്റിൽ പോയത്?”
“ഇയന്നല്ലേ കിണറ്റിലേക്ക് നോക്കിയത്?”
“ഞാൻ ലില്ലി ചേച്ചിക്ക് കുഴല് അടിക്കാറായോ ന്നറിയാൻ നോക്കീതല്ലേ!!”
ശരിയാണ്, രാജേഷ് ചാടാൻ പറഞ്ഞിട്ടില്ല!

അധികം താമസിയാതെ കിണറ്റിൻകര ബോർഡ് വെക്കാതെ ഹൗസ്ഫുള്ളായി. ഹോൾഡ്  ഓവറായ ‘ദിൽകുഷ് ഫ്രം എട്ടാംവാർഡ്’ മാറ്റി ‘നിസാറിന്റെ വികൃതികൾ’ റിലീസായി. മേലെ ഭൂമിയിൽ നിൽക്കുന്ന വാർഡുകാർ, സ്വന്തം ഇരട്ടപ്പേര് അന്വർഥമാക്കി കിണറ്റിൽ കിടക്കുന്ന ധൃതി നിസാറിനെ നോക്കി. ഐവാ, കല്യാണ വീഡിയോയിൽ വരൻ ഡ്രോണിലേക്ക് നോക്കി നിൽക്കുന്ന പോലൊരു ഷോട്ട്! 
ഈ ബഹളങ്ങൾ കേട്ട ലില്ലിചേച്ചി അങ്ങോട്ട്  അടുത്ത ചിഹ്നം വിളിച്ചുകൊണ്ടോടിവന്നു.
“കരയണ്ട ചേച്ചി, ദിൽകുഷ് കിണറ്റിൽ വീണിട്ടില്ല”, കിണറ്റിൽ നിന്നും വന്ന നിസാറിന്റെ എക്കോ. കരച്ചിൽ നിന്നു.
“ആ….ഏതായാലും ചാടിയതല്ലേ, കിണറ്റില് ഒരു തൊട്ടിയും രണ്ടു മഞ്ഞബക്കറ്റും കിടക്കുന്നുണ്ടാവും നീ അതൊന്ന് എടുത്ത് വെക്ക്.” വീണ്ടും കരച്ചിൽ.
“അയ്യോ എന്റെ ദിൽകുഷ് കിണറ്റിലും ഇല്ലേ…. കുട്ടാപ്പുവേട്ടൻ വരുമ്പോ ഞാൻ എന്ത് പറയുമേ..”

തലേന്ന് രാത്രി സൂര്യാ ടിവിയിൽ സിബിഐ ഡയറികുറിപ്പ് കണ്ട അപ്പു വാര്യർ കയ്യ് പിന്നിൽ കെട്ടി ലില്ലിച്ചേച്ചിയുടെ അടുത്തേക്ക് നടക്കുന്നതാണ് പിന്നെ എല്ലാവരും കാണുന്നത്. ലില്ലിചേച്ചിയെ മാറ്റിനിർത്തി മൂപ്പര് തലേന്നു രാത്രി മുതലുണ്ടായ സംഭവങ്ങളുടെ ഡീറ്റയിൽസ് വിശദമായി ചോദിച്ചറിഞ്ഞു. ദിൽകുഷിന്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കാവുന്നവരെ അളന്നു മുറിച്ചു നോക്കി. പിന്നെ ഇല്ലാത്ത ബി ജി എമ്മിന്റെ താളത്തിൽ ദിൽകുഷിന്റെ മുറിയിലേക്ക് നടന്നുപോയി. ലില്ലിച്ചേച്ചിയുടെ വീട്ടിലെ അന്തരീക്ഷം അപ്പുവാര്യരുടെ ഉള്ളിലെ സേതുരാമയ്യർ ഏറ്റെടുക്കുകയായിരുന്നു. കിണറ്റിൽ ആൾറെഡി ഒരു ഡമ്മി കിടക്കുന്നത്കൊണ്ട് വേറെ ഇട്ടുനോക്കേണ്ടിവന്നില്ല.

അങ്ങാടിയിലെ തന്റെ കൊപ്ര സംഭരണ കേന്ദ്രത്തിലിരുന്ന് പ്രാക്ക് സംഭരിക്കുകയായിരുന്നു നിസാറിന്റെ വാപ്പ ഹസ്സൻകാക്ക. അപ്പോഴാണ് മറ്റേ ചോപ്പ് വണ്ടി സൈറനിട്ട് അങ്ങാടിയിൽ വന്നു ലെഫ്റ്റ് എടുത്ത് പോയത്. ഹസ്സൻകാക്ക അടുത്തുനിന്നിരുന്ന പീതാംബരൻ മാഷോട് ചോദിച്ചു,
“പീതോ… ഫയർഫോഴ്‌സ് വണ്ടി എങ്ങോട്ടാ?”
“ആ ആനക്കാരൻ കുട്ടാപ്പുവിന്റെ വീട്ടിലേക്കാ, അവരുടെ മൂത്തമോൻ ദിൽകുഷിനെ രാവിലെതൊട്ടു കാണാനില്ല”
“കാണൂല! ആ ചെക്കന് കൊറച്ച് കുൽസിതം കൂടുതലാ…”
“അതിന് ഫയർഫോഴ്‌സ് പോവുന്നത് നിങ്ങടെ മോൻ നിസാറിനെ അവരുടെ കിണറ്റിന്ന് എടുക്കാനാ !”
ഹസ്സൻകാക്ക അടുത്തുകണ്ട വാഴയിലേക്ക് നോക്കി. സ്വാഭാവികം!

ലില്ലിചേച്ചിയുടെ ഭവനം.
ദിൽകുഷിന്റെ മുറിയിലെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആപ്പുവാര്യർ പുറത്തേക്ക് വന്നു. ആ മുഖം മൊബൈൽഫോൺ ക്ളോസറ്റിൽ പോയ ഫ്രീക്കന്റെ പോലെ കലുഷിതമായിരുന്നു. ആകാംഷയോടെ ചുറ്റുംകൂടി കാര്യം തിരക്കിയവർക്ക് നേരെ കയ്യിലുണ്ടായിരുന്ന ഒരു കുപ്പി നീട്ടികൊണ്ടു അപ്പുവാര്യർ പറഞ്ഞു,
“അവന്റെ മുറിയിൽ നിന്ന് കിട്ടിയതാ… വിഷമാണ്!!”
ലില്ലിചേച്ചി ധാ കിടക്കണു ബോധംകെട്ട് അടുത്ത് നിന്ന രാധാകൃഷ്‌ണൻ മൂപ്പരുടെ തോളിൽ!
“ഇവിടെ ഇത്രേം പേരുണ്ടായിട്ടും അവളെന്തിനാ നിങ്ങടെ തോളിലേക്ക് തന്നെ ബോധംകെട്ടത് എന്നെനിക്ക് ഇപ്പൊ അറിയണം!” മൂപ്പരുടെ ഭാര്യ സരോജിനി മാഡം വക ട്വിസ്റ്റ്!
രാധാകൃഷ്ണൻ മൂപ്പര് പൊറോട്ട വിഴുങ്ങിയ പെരുംപാമ്പിൻറെ എക്സപ്രഷനിട്ട് നിന്നു. 
മിസ്സിസ് രാധാകൃഷ്ണൻ കരഞ്ഞുകൊണ്ട് കുടിയിലേക്കോടി. എട്ടാം വാർഡിന് ഉടനെയൊരു ഡൈവോഴ്സിന്റെ സദ്യ ഉണ്ണാം എന്നുറപ്പായി.

വിഷകുപ്പി സ്വന്തം പോക്കറ്റിലേക്ക് വെച്ചുകൊണ്ട് അപ്പു വാര്യർ ഉത്തരവിട്ടു,
“ഇനി ഞാൻ പറയാതെ ആരും ഈ വീട്ടിൽ നിന്ന് ഒരു സാധനവും കഴിക്കരുത്! അവൻ എന്തിലാ വിഷം ചേർത്ത് കഴിച്ചത് എന്ന് പറയാൻ പറ്റില്ല”
മൈസൂരിപഴം വിഴുങ്ങി നിൽക്കുന്ന അലസൻ രാജേഷ് വീട്ടിലേക്കോടി, ഭാര്യയുടെ മടിയിൽ കിടന്നു മരിക്കണം! ധൃതി നിസാറിന്റെ മനസ്സിൽ, വിഷം കഴിച്ച് കിണറ്റിൽചാടി മരിച്ച സ്വന്തം ചരമകോളം രണ്ടു സെക്കന്റ് ബ്ലിങ്ക് ചെയ്തു.

കളഞ്ഞുപോയ സ്വന്തം മീൻകൊട്ട തിരയുന്ന ആത്മാർത്ഥതയോടെ അതുവരെ ദിൽകുഷിനെ തിരഞ്ഞ മീൻകാരൻ സുലൈമാൻ കിതപ്പോടെ ചോദിച്ചു,
“ആത്മഹത്യാ കുറിപ്പ് വല്ലതും….?”
“ഇല്ല.”
“ആത്മഹത്യാകുറിപ്പ് വരെ വാട്സാപ്പ് സ്റ്റാറ്റസായി ഇടുന്ന ടീമാണ്”.
ആ ശബ്ദം കേട്ടാലറിയാം, ദിൽകുഷിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന ആരോ ആണ്.
വാട്സാപ്പ് നോക്കി, ‘ഫോർ വീൽസ് മൂവ് ദി ബോഡി, ടു വീൽസ് മൂവ് ദി സോൾ’.
“അങ്ങനെ പറഞ്ഞാലെന്താ?”
“മനസ്സിലായില്ലേ? തീവണ്ടിക്ക് തലവെച്ചതാണ്!!”

ഫയർ ഫോഴ്‌സ് വണ്ടി സ്പോട്ടിലെത്തി.
അഞ്ചു കിണ്ടി വെള്ളം മുഖത്ത് തളിച്ചിട്ടും ബോധം വരാത്ത ലില്ലിചേച്ചിയേയും താങ്ങി നിൽക്കുന്ന  അയൽക്കൂട്ടം പ്രസിഡന്റ് സുമതി, കൂട്ടത്തിൽ ഏറ്റവും ലുക്കുള്ള ഫയർ ഫോഴ്സ്‌കാരനെ തന്നെ വിളിച്ചു.
“സാറേ, ആദ്യം ആ വെള്ളത്തിന്റെ പൈപ്പ് ഈ മുഖത്തേക്കൊന്ന് പിടിച്ചേ”
“അതാണോ ഇവിടുത്തെ പ്രശ്നം?”
“അല്ല”
സുലൈമാൻ മുന്നോട്ട് വന്ന് വിഷയമവതരിപ്പിച്ചു,
“വിഷം കഴിച്ച ഒരാളുടെ ഡെഡ്ബോഡി
കണ്ടെടുക്കണം, കിണറ്റിൽ ചാടിയ വേറൊരാളെ ഡെഡ്ബോഡിയാവും മുമ്പ് പുറത്തെടുക്കണം.”
‘ഇത് ചെറിയ കളിയല്ല ഷാനി’ എന്ന ആത്മഗത്തോടെ ആ ഫയർഫോഴ്‌സുകാരൻ തൊപ്പി ഊരി തന്റെ സഹ ഫോഴ്സ്‌കാരിരെ നോക്കി.

ഈ കോലാഹലങ്ങളിലേക്കാണ് മറ്റൊരാൾ പാട്ടും പാടി നടന്നുവരുന്നത്, ചെത്തുകാരൻ ചേക്കുട്ടി. ‘ഉസൈൻ ബോൾട്ടിനെന്ത് മോർണിംഗ് വാക്കാ’ എന്ന ഭാവത്തോടെ ചേക്കുട്ടി ഇതൊന്നും മൈൻഡ് ചെയ്യാതെ നേരെ എക്സൈസുകാര് നമ്പരിട്ടു വെച്ച തന്റെ തെങ്ങിൽ കേറാൻ തുടങ്ങി. കയറി മുകളിലെത്തിയപ്പോൾ ദേ വേറൊരുത്തൻ. തെങ്ങിൻ കുരലിൽ കുട്ടാപ്പു മകൻ ദിൽകുഷ്‌! പാതിരാത്രിക്ക് കള്ളുമോന്താൻ കയറിയപ്പോൾ കിടന്ന്, അല്ല ഇരുന്ന് ഉറങ്ങിപോയതാണ്. മോന്തിയ കള്ളിന്റെ സിംഫണി കാരണം താഴെ നടന്ന വാട്ടർലൂ ഒന്നും കാണ്മാണ്ടായവൻ അറിഞ്ഞില്ല.ആൾക്കൂട്ടം കൂട്ട ചിൻ അപ്പ് നടത്തി, ദിൽകുഷ്!
ചേക്കുട്ടി അവനെ തട്ടിയുണർത്താൻ നോക്കുമ്പോൾ താഴെ നിന്നാരോ വിളിച്ചുപറഞ്ഞു,
“ഉണർത്തല്ലേ ഉണർത്തല്ലേ…. ചെക്കൻ കട്ടിലിലാണെന്നു കരുതി എഴുന്നേറ്റ് നടക്കും”

ഒടുവിൽ ഫയർഫോഴ്‌സുകാർ ദിൽകുഷിനെ ആകാശത്തുനിന്നും നിസാറിനെ പാതാളത്തുനിന്നും ഗ്രൗണ്ട് ലെവലിലേക്ക് എത്തിച്ചു. അമ്പിളിമാറി കണ്ണുതുറന്ന ദിൽകുഷ്‌ ചുറ്റുമുള്ള മുഖങ്ങളിലേക്ക് നോക്കി ആദ്യമൊന്നു പുഞ്ചിരിച്ചു,
“എന്താ എല്ലാരും കൂടി രാവിലെതന്നെ?”
ചാടിവീണ സുലൈമാൻ അവന്റെ തരളിതകിസലയതൽപം നോക്കി ഒന്ന് പൊട്ടിച്ചു.
“ഇപ്പൊ മനസ്സിലായോ?”
“ഉം” ദിൽകുഷിന്റെ തലയാടി.

അടുത്തത് അപ്പുവാര്യരുടെ ചെസ്സ് നമ്പറായിരുന്നു.  എട്ടാം വാർഡിൽ നിന്നും ആദ്യം കയ്യോങ്ങിയത് രാധാകൃഷ്ണൻ മൂപ്പരായിരുന്നു.
“ഇയാളല്ലടോ പറഞ്ഞത് ഈ ചെക്കൻ വിഷം കുടിച്ചെന്ന്?”
അപ്പുവാര്യർ തിരിച്ചും ചൂടായി,
“മുറിയിൽ നിന്ന് വിഷകുപ്പി കിട്ടിയാൽ ഞാൻ പിന്നെ വേറെന്താ വിചാരിക്കണ്ടത്‌??”
“എന്നാ ആ കുപ്പി ഒന്നു ശരിക്ക് കാണിച്ചേ”
അപ്പു വാര്യർ കുപ്പി പുറത്തേക്കെടുത്തു. വാർഡ് വാസിയോംസ് ഉണ്ടക്കണ്ണുകൾ നീട്ടി അതിലേക്ക് നോക്കി. ‘പോയ്സൻ!’, പക്ഷെ സ്പ്രേ ആണെന്നുമാത്രം!! ലില്ലിച്ചേച്ചിയുടെ ആങ്ങള ധർമേന്ദ്രൻ സൗദിയിൽ നിന്ന് വന്നപ്പോൾ അനന്തിരവന് കൊടുത്ത പോയ്‌സന്റെ പെർഫ്യൂം!!!

സോമേട്ടന്‍ വരും!

കാടും തോടും ആടും കൂടുമുള്ള കാലടി. ആ കാലടിയുടെ ഒരു വക്കത്ത്, എഴുതാന്‍ കഥയൊന്നുമില്ലാതെ ഞാനിങ്ങനെ താടിക്ക് കയ്യുംകൊടുത്ത് മാനത്തെ ഡ്രോണും നോക്കി ഇരിക്കുമ്പോഴാണ് ഊള സുഭാഷ്® എന്നെ നോക്കി ചിരിച്ച് ഹോണടിച്ച് കടന്നുപോയത്. ആ ചിരി കിട്ടിയപ്പോഴേ ഞാനുറപ്പിച്ചു, എനിക്കുള്ള കഥ അവന്‍ ഏറ്റിട്ടുണ്ടെന്ന്‍. ഞാന്‍ നേരെ ചെട്ടിയാരുടെ പീടികയില്‍ പോയി രണ്ട് ടെക്നോ ടിപ്പ് വാങ്ങി, ബ്ലൂ !

ഊള സുഭാഷ്®. മുകളിലൊരു ® കണ്ടോ ? പേര് രജിസ്റ്റേര്‍ഡാണ്, ഇനിയാര്‍ക്കും
അതുപയോഗിക്കാനാവില്ല. അപ്പൊ ഇവനെക്കാള്‍ ഊളയായ ഒരു സുഭാഷ് ഉണ്ടെങ്കിലോ? ഉണ്ടാവില്ല, ഞങ്ങള്‍ കാലടിക്കാര്‍ക്ക് അത്രയ്ക്കുറപ്പാണ്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, ഊള സുഭാഷ്® , ഇസ്ട്ടം.

സുഭാഷിന്റെ ആ പോക്ക്, ചരിത്രപരമായ ഒരു പോക്കായിരുന്നു. വണ്ടി നേരെചെന്ന് നിന്നത്, ‘ജിമ്മേ ജീവിതം’ എന്ന മോട്ടോയും കൊണ്ടുനടക്കുന്ന, നാട്ടിലെ ആദ്യത്തെ മള്‍ട്ടിയും, ബെസ്റ്റ് കട്ടയുമായ മള്‍ട്ടി മാനുവിന്റെ ‘ഹരിശ്രീ ജിംനേഷ്യ’ത്തിന്‍റെ മുന്നിലായിരുന്നു. അബു സലിം ഉദ്ഘാടനം ചെയ്ത, അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ചുമരലങ്കരിക്കുന്ന, ഹരിശ്രീ ജിമ്മിന്‍റെ കൌണ്ടറില്‍, പ്രോട്ടീന്‍ പൌഡറില്‍ അരിപ്പൊടി മിക്സ് ചെയ്യുകയായിരുന്ന മള്‍ട്ടി മാനുവിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണ് സുഭാഷ് ഒരഡ്മിഷന്‍ എടുത്തു.

Continue reading

നമുക്കിടയിൽ

നമുക്കിടയിൽ ഞാനും നീയുമറിയാതെ
താരാട്ടുകളുണ്ടായിട്ടുണ്ടാവണം,
അല്ലാതെ നമ്മളെങ്ങനെയാണ് സ്വപ്നങ്ങളായത്?

മധുരം മാരകം മംമ്ലിതം

മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!

Continue reading

നിന്നെ പിണഞ്ഞു പടര്‍ന്നുകയറിയ മുല്ലവള്ളികള്‍.
പിന്നെ മൊട്ടിട്ടു പൂത്ത നീയും.

സബാഷ് സുഭാഷ്

വളരെ പണ്ട് ഒരൂസം, ദൈവം ഭാര്യയുടെ അടുത്തൂന്ന് ചീത്ത കേട്ട കലിപ്പ് ആരോടെങ്കിലും ഒന്ന്‍ തീര്‍ക്കണം എന്ന വിചാരത്തോടെ ഭൂമിയിലേക്ക് നോക്കിയപ്പോഴുണ്ട്  അതാ, എടപ്പാളിനപ്പുറം, കുറ്റിപ്പുറത്തിനിപ്പുറം, കാലടി എന്ന ഞങ്ങടെ നാട് ഒരു പ്രശ്നവും ഇല്ലാതെ ഇങ്ങനെ ജീവിച്ചു പോവുന്നു. ‘ആഹാ… ന്നാ ശരിയാക്കിതരാടാ ‘ ന്ന്‍ ദൈവം മനസ്സില്‍ പറഞ്ഞ  സെയിം മൊമെന്റിലാണ്, സുഭാഷിന്റെ അച്ഛന്‍ കുട്ടികളുണ്ടാവാന്‍ അമ്പലത്തില്‍ ഉരുളികമിഴ്ത്തുന്നത് കണ്ടത്. അടി സക്കേ!! … സുഭാഷ് ഭൂജാതനായി. ഇതാണ് ചരിത്രം.

ഉരുളി കമിഴ്ത്തിയപ്പൊ ഉണ്ട കുടുങ്ങി കിട്ടിയ സുഭാഷ്, അല്‍പ്പരില്‍ അല്‍പ്പനായി വളര്‍ന്നു വലുതായി . രണ്ടായിരത്തിരണ്ടിന്‍റെ ആദ്യപാദം, ഡിജിറ്റല്‍ ഡയറി എന്ന  അന്നത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമായി ഉള്ളവര്‍ കത്തിനില്‍ക്കുന്ന ടൈം.  ഇന്നത്തെ പതിനായിരം ഫേസ്ബുക്ക് ലൈക്കുകളുടെ മൂല്യമുണ്ടായിരുന്നു നാട്ടിലെ അന്നത്തെ ഡിജിറ്റല്‍ ഡയറി ഉടമകളായ സാലിക്കും  കുഞ്ഞുട്ടിക്കും. പക്ഷെ ലളിതന്മാരായ അവര്‍ അവരുടെ ഡിജിറ്റല്‍ ഡയറികള്‍ നാടിന്‍റെ പൊതു സ്വത്താക്കി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ  ഉള്ളില്‍ ഒരു തേങ്ങയും ഇല്ലെങ്കിലും, അതില്‍ മാറി മാറി തിരുപ്പിടിക്കല്‍ ആയിരുന്നു ക്ലബ്ബിലെ മെയിന്‍ നേരംപോക്ക്.

Continue reading

ശ്രീമതി വിലാസിനി ബാറ്റിസ്റ്റ്യൂട്ട

അര്‍ജന്ടീനക്കാരുടെ, മറഡോണയ്ക്ക് ശേഷമുള്ള, മെസ്സിക്ക് മുമ്പേയുള്ള ഫുഡ്ബോള്‍ ദൈവം, ശ്രീമാന്‍ ഗബ്രിയേല്‍ ബാറ്റിസ്ട്ട്യൂട്ട, ഇവിടെ ഈ കേരളത്തില്‍ കിടക്കുന്ന ശ്രീമതി വിലാസിനി ചേച്ചിയുടെ പേരിന്റെ അറ്റത്ത് വന്നിരുന്നതിനുപിന്നില്‍ ഒരു കഥയുണ്ട്. കേട്ടോളിം. കേരളസര്‍ക്കാര്‍ ക്ലബ്ബുകള്‍ക്ക് കൊടുക്കുന്ന ഗ്രാന്‍റ് പയിനായിരം രൂപ കയ്യില്‍ കിട്ടിയതോടെ, നീണ്ട ഒമ്പത് മാസത്തിനു ശേഷം ആദ്യമായി ‘ഡെയ്ഞ്ചര്‍ ബോയ്സ്’ ക്ലബ്ബില്‍ ജനറല്‍ബോഡി യോഗം കൂടി. സ്ഥിരവൈരികളായ അയല്‍നാട്ടിലെ ‘പാറപ്പുറം ഫൈറ്റേര്‍സ്‘ കിട്ടിയ ഗ്രാന്ടിലെ ഒമ്പതിനായിരം രൂപയ്ക്ക് പുട്ടടിച്ച്, ബാക്കി ആയിരം രൂപ കൊണ്ട് നടത്തിയ സൌജന്യ കണ്ണു പരിശോധന കഴിഞ്ഞു പോകുന്ന കുഞ്ഞാലിക്ക, ക്ലബ്ബിന്റെ ഉമ്മറത്ത്‌ വന്നുനിന്ന് “കണ്ടുപഠി, നിങ്ങളെ കൊണ്ടൊക്കെ എന്തിന് കൊള്ളൂമെടാ? എന്ന്‍ ചോദിച്ച ആ ചോദ്യം, ഞങ്ങടെ അഭിമാനമാകുന്ന മൊട്ടകുന്നില്‍, ജെസിബി മാന്തിയ പോലെ, മാന്തിയങ്ങു പോയി. ഉടനെ തന്നെ, ‘നമ്മക്കും എന്തെങ്കിലും ചെയ്യണം’ എന്ന വിഷയത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചതുടങ്ങി.

Continue reading

ഇരുട്ടിവെളുത്ത പേരില്ലൂര്‍

തുലാമഴ പോലെ കര്‍ക്കിടകം ഒലിച്ചിറങ്ങി പോയൊരു രാത്രി കഴിഞ്ഞുണ്ടായ തിങ്കളാഴ്ച. പേരില്ലൂര്‍ അന്ന് പതിവിലേറെ ഉത്സാഹഭരിതമായി കാണപ്പെട്ടു. അഞ്ചു മണി, സൂര്യന്‍ കിടക്കപ്പായയില്‍ നിന്ന് എഴുന്നേറ്റ്, ലുങ്കിയും തപ്പിപിടിച്ചെടുത്ത്‌ ചുറ്റി, പേരില്ലൂരിന്റെ ആകാശത്ത് വന്ന് മടക്കികുത്തിനിന്നു. സംഭവം വെളുത്തു, നേരം. വേട്ടേക്കരന്‍കാവിന്‍റെ ആലില്‍ കെട്ടിയ സ്പീക്കറിലൂടെ, എം.ജി ശ്രീകുമാര്‍ അന്നത്തെ ഭക്തി ഗാനങ്ങളെല്ലാം പാടി തീര്‍ത്തു. ഇനി യാവുവിന്റെ ഊഴമാണ്. ഞങ്ങളുടെ പേരില്ലൂരിന്റെ ജീവശ്വാസമായ കുണ്ടില്‍ സ്റ്റോര്‍സ് തുറക്കാനായി യാവു അപ്പോള്‍ കുഞ്ഞിമ്മു മന്‍സിലില്‍ നിന്നും പഞ്ചായത്ത് റോഡിലേക്ക് ഇറങ്ങി.

Continue reading

ശിവന്‍കുട്ടിവിജയം

റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വന്ന് ടൌണ്‍ പറിച്ചു നട്ടപ്പോള്‍ , പ്രതാപം നഷ്ടപെട്ട  കുറ്റിപ്പുറം പഴയ അങ്ങാടിയിലെ  ‘റാഡോ ലോഡ്ജി’ന്‍റെ തട്ടിന്‍പുറത്തെ  അഞ്ചാം നമ്പര്‍ മുറി. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത  പൂണെ എക്സ്പ്രസ് അപ്രതീക്ഷിതമായി സ്റ്റേഷനില്‍ അലറികരഞ്ഞ് നിന്നപ്പോഴാണ്  ഞാന്‍ ആ മുറിയിലേക്ക് ചെന്നുകയറുന്നത്. പിന്നെ  ആ മുറിയുടെ വിസ്തീര്‍ണ്ണത്തില്‍ അടയിരുന്നത്  ഞങ്ങള്‍ നാലുപേരാണ് . സൌമ്യമായി ചിരിക്കാന്‍ ജനിച്ചനാള്‍ മുതല്‍ ശ്രമിച്ച് പരാജയപെട്ടുകൊണ്ടിരിക്കുന്ന അജയന്‍ . ഏതോ ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്തപോലെ, കൂര്‍ത്ത അരികുകളും അഗ്രങ്ങളുമുള്ള മുഖത്തിന്‍റെ ഉടമ ലൂയിസേട്ടന്‍ . ചുണ്ടുരിയാടുന്ന വാക്കുകള്‍ക്കൊപ്പം മുഖത്തെ പേശികള്‍ ചലിപ്പിക്കാത്ത ഇരട്ടകളില്‍ ഒരുവന്‍, നജീബ്. പിന്നെയുള്ളത് ഞാനാണ് . എന്നെ ഞാന്‍ കണ്ടിട്ടില്ലാതതുകൊണ്ട് വിവരിക്കുന്നില്ല.

Continue reading

© 2019 Deepu Pradeep

Theme by Anders NorénUp ↑