Author: ദീപു പ്രദീപ്‌

അടാപ്പുറത്തെ സുര

മലപ്പ്രം ജില്ലയെ കീറിമുറിച്ചുകൊണ്ട് കോഴിക്കോട് മുറിയ്ക്കാ¬ന്‍ പെടച്ച് പായുന്ന പൂനെ എക്സ്പ്രസ്സ്.
അതിനകത്തിരിക്കുന്ന നാടിന്റെ മുത്ത്, നാട്ടാരുടെ സ്വത്ത്, അടാപ്പുറത്തെ സുര aka സുരേട്ടൻ. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കിടക്കുന്ന അബൂക്കറിക്കയെ കാണാനുള്ള പോക്കാണ്. അതോടെ അബൂക്കറിക്ക മെമ്മോറിയൽ ആവുമെന്ന് ഞങ്ങൾ.

തിരൂര്ന്ന് ഓടികേറിയ ആ കട്ടിമീശക്കാരന്, അയാളുടെ കണ്ടകശനി മൊട്ടിട്ടപ്പോൾ തോന്നിയത് മ്മടെ സുരേട്ടന്റെ അടുത്ത് പോയിരിക്കാനാണ്. ഇരുന്നു.
ആമുഖമായി ഒന്ന് നൈസായിട്ട് പുഞ്ചിരിച്ച് അയാൾ സുരേട്ടനോട് ചോദിച്ചു,
“ഈ വണ്ടിയില്‍ ചെക്കിംഗ് ഒക്കെ ഉണ്ടാവാറുണ്ടോ?”
ഇര! സുരേട്ടന്റെ ഖല്‍ബില് വളമിടാതെ വാഴകുലച്ച സന്തോഷം!!
“ഉണ്ടാവാറുണ്ടോന്നോ! ഈ ട്രെയിനില് കാറ്ററിംഗ്കാര് വരുന്നപോലെയാണ് ടി ടി മാര് വരാറ്.”
കട്ടിമീശക്കാരന്റെ വോയ്സിൽ പെട്ടെന്നൊരു ദയനീയത‍ ,
“അയ്യോ, ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല, പ്രശ്നാവോ ?”
അത്യന്തം നാടകീയമായി ഒരു ഞെട്ട് ഞെട്ടികൊണ്ട് സുരേട്ടന്‍ നെഞ്ചത്ത് അങ്ങട്ട് കൈവെച്ചു. അത്രയും മതിയായിരുന്നു കട്ടിമീശക്കാരന്റെ നെഞ്ചില് എ ക്ലാസ് പൊരിയിടാ¬ന്‍.
“നിങ്ങളെന്ത് പണിയാന്നും കാണിച്ചത്? ഈ വണ്ടിക്കാണെങ്കില്‍ ഇനി കോഴിക്കോട് എത്തും വരെ വേറെ സ്റ്റോപ്പില്ല. എന്തായാലും പൊക്കും!”
ഉടനെ അതുവഴി പോയ കാറ്ററിംഗ്കാരന്റെ കയ്യീന്ന് കട്ടിമീശക്കാര¬ന്‍ ഒരു ‘റെയില്‍ നീര്‍’ വാങ്ങി കുടിച്ചു.

കുറച്ചുനേരം ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്ന ശേഷം അയാള്‍ വിക്കി വിക്കി ചോദിച്ചു,
“ഫൈന്‍ അടിക്ക്യാണെങ്കില്‍… അത് ഏകദേശം എത്ര ഉണ്ടാവും… ?”
“അതീ ട്രെയിനിന്റെ ആദ്യത്തെ സ്റ്റോപ് മുതല് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ചാര്‍ജിന്റെ നാലിരട്ടി വരും, ഒരു പത്തു മൂവായിരം ഉര്‍പ്പ്യണ്ടാവും”
ജന്മത്ത് തീവണ്ടിയിൽ ടിക്കറ്റെടുത് യാത്ര ചെയ്തിട്ടില്ലെങ്കിലും സുരേട്ടന് ആ കാര്യത്തിലൊക്കെ നല്ല തിട്ടമായിരുന്നു.
കട്ടിമീശക്കാര¬ന്‍ പഴ്സിരിക്കുന്ന പോക്കറ്റിലൊന്നു തടവിയശേഷം മെല്ലെ എഴുന്നേറ്റു. ഇരുപ്പുറയ്ക്കില്ലല്ലോ, സ്വാഭാവികം. പിന്നെ അറുക്കാൻ കെട്ടിയിട്ട ആടിനെ പോലെ കുറെ ഉലാത്തലുകൾ മാത്രം.

വണ്ടി കല്ലായി സ്റ്റേഷൻ എത്തിയപ്പോ അയാൾക്ക് കഴിച്ചിലാവാൻ പോവുന്നതിന്റെ തെളിച്ചമുണ്ടായി. പക്ഷെ, ആ ആശ്വാസത്തില്‍ വിട്ട നിശ്വാസം ഭൂമി ടച്ച് ചെയ്യും മുൻപ് വണ്ടി അതാ അങ്ങട് പിടിച്ചിട്ടു. തേഞ്ഞരഞ്ഞു!
അയാൾ സുരേട്ടനെ ദയനീയമായി നോക്കി.
സുരേട്ടനുണ്ടോ റെസ്റ്റ്?
“ടി ടി ക്ക് കംപാർട്മെന്റ് മാറി കേറാൻ വേണ്ടി നിർത്തീതാവും.”
ആ പാവം കിള്ള വെറച്ച്, വാതിലിനടുത്ത് പോയി പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.
കാരുണ്യ ഭാഗ്യക്കുറിയും കൊണ്ട് കഥയിലെ കാമിയോ റോളുകാരൻ വന്നിട്ട്, ഒരു കാരുണ്യവുമില്ലാതെ ഒറ്റ പറച്ചിലാ..
“ടിക്കറ്റ്, ടിക്കറ്റ് ”
കേട്ടപാട് കട്ടിമീശക്കാര¬ന്‍ തിരിഞ്ഞുപോലും നോക്കാതെ ചാടി ഇറങ്ങിയൊരോട്ടം, നൂറേ നൂറ്റിപ്പത്തില് ഒരു ക്വിക്ക് സ്പ്രിന്റ്!
എനിക്കുറപ്പാണ്, അത്രയും സ്പീഡിൽ കല്ലായീന്ന് കോഴിക്കോട്ടേക്ക് ജനശദാബ്ദി പോലും എത്തില്ല.

Deepu Pradeep

Continue reading

ഗുരുവായൂരമ്പലനടയിൽ

ഗുരുവായൂർ ചുറ്റമ്പലത്തിന്‍റെ ഉള്ളിൽ നിന്ന്, ശ്രീകോവിലേക്ക് നീട്ടി നോക്കി തൊഴുന്ന നൂറ്റിച്ചില്ലാനും പേർ….
അതേ ശ്രീകൃഷ്ണനെ നോക്കി കയ്യുംകെട്ടിനിൽക്കുന്ന ഒരു ഒറ്റ മനുഷ്യൻ!

നിൽപ്പ് ന്ന് പറഞ്ഞാൽ ഏകദേശം ‘മിഥുന’ത്തിൽ നെടുമുടിവേണു തേങ്ങയുടയ്ക്കുമ്പോൾ, ഇന്നസെന്റ്റ് നിന്നിരുന്ന പോലൊരു നിൽപ്പ്! പ്രാർത്ഥിച്ചു കഴിഞ്ഞവരെ സെക്യൂരിറ്റികാര് തള്ളിമാറ്റിയിട്ടും, ടിയാൻ തിക്കിത്തിരക്കി വന്ന് വീണ്ടും അതേ നിൽപ്പ്!
പിരി കുറവുണ്ട് ന്ന് മനസ്സിലായി, പക്ഷെ അതെത്ര എണ്ണത്തിന്റെയാണ് എന്നറിയാനുള്ള ആകാംഷയോടെ ഞാൻ എല്ലാം കണ്ടുനിന്നു. ഇടയ്ക്കിടെ വരുന്ന മൂളലുകളുടെ കനം ഏറിയും കുറഞ്ഞും ഇരിക്കുന്നതൊഴിച്ചാൽ, ഏറെക്കുറെ സ്ഥായിയായ ഭാവം.

അവസാനം കലാപരിപാടി അവസാനിപ്പിച്ച് അദ്ദേഹം പോവാൻ നിൽക്കുമ്പോൾ ഞാൻ കാര്യം ചോദിച്ചു.
“എന്താ അവിടെ അങ്ങനെ നിന്നിരുന്നത്?”
“ഗുരുവായൂരപ്പന് പറയാനുള്ളത് കേൾക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ?”

പിരി കുറവുള്ളത് നമ്മൾക്കൊക്കെയാണ്.

Deepu Pradeep

Continue reading

എക്സ്ക്ലമേഷന്‍ മാര്‍ക്ക്

പണ്ട്, പള്‍സറിനും പാഷന്‍പ്ലസിനും പണ്ട്, കേരളാ ജ്യോഗ്രഫി മാറ്റിമറിച്ച ഒരു വണ്ടി മഞ്ഞ പെയിന്റടിച്ചു പിക്ചറിലേക്ക് വന്നു, ജെസിബി!
കുട്ട്യോള്‍ക്ക് റോഡ്‌റോള¬ര്‍ കാണിച്ചുകൊടുത്ത് ചോറുണ്ണുപ്പിക്കുന്ന ആ ടെക്നികിനെ, കുട്ട്യോള് തിരിച്ച് പുഛ്ചിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ജെസിബിടെ ആ വരവോടുകൂടി അണ്ണാക്കില്‍ ചോറുരുളകള്‍ക്ക് വീണ്ടും ഡിമാന്റായി.
അധികം വൈകാതെതന്നെ മുത്ത്, കേരളത്തിന്റെ കുന്നും കാടും തോടും പാടവും തോണ്ടികൂട്ടി പലജാതി ക്ലേ മോഡലിംഗ് ചെയ്യാന്‍ തുടങ്ങി. എങ്കിലും ഞങ്ങടെ നാടിന് ഒരു ജെസിബി കണികാണാ¬ന്‍ കിട്ടിയിരുന്നില്ല. അന്യനാട്ടില്‍ പോയി ജെസിബി കണ്ടുവന്നവരുടെ റിവ്യൂവ്സ് കേട്ട് കോരിത്തരിച്ചിരിക്കാനെ ഞങ്ങള്‍ക്ക് യോഗമുണ്ടായിരുന്നുള്ളൂ…
ഒടുവില്‍, അരിമാവില്‍ പാലുംവെള്ളം ഒഴിച്ച കളറുള്ള ജുബിലേട്ടന്റെ അച്ഛ¬ന്‍ (ഇനിയിപ്പോ എങ്ങനെ വേണേലും പൊക്കിപറയാലോ) സ്വന്തമായുണ്ടായിരുന്ന കുന്ന് മാന്താ¬ന്‍ നാട്ടിലേക്ക് ജെസിബി കൊണ്ടുവരാ¬ന്‍ തീരുമാനിച്ചു. അന്ന് ഫ്ലെക്സ് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങള് മൂപ്പരടെ ഫോട്ടോ വെച്ച് എട്ടേ എട്ടിന്റെ പത്തെണ്ണം അടിച്ചേനെ. അജ്ജാതി എക്സൈറ്റ്മെന്റ്.

ഒരു ടോപ്‌ തിങ്കളാഴ്ച, ജെസിബി നാടുകുലുക്കി കടന്നുവന്നു. വെറും ആരവം. പക്ഷെ അതിനകത്ത് ജെസിബിയേക്കാ¬ള്‍ മൂത്തൊരു ഐറ്റം ഇരുപ്പുണ്ടായിരുന്നു, ഡ്രൈവര്‍ കോയമ്പത്തൂരുകാര¬ന്‍ തങ്കരാജ്. പിന്നെ തങ്കരാജിന്റെ വണ്‍മാ¬ന്‍ ഷോ യ്ക്കായിരുന്നു ഞങ്ങള് സാക്ഷ്യം വഹിച്ചത്. തങ്കരാജ് ഗിയര്‍ ഇടുന്നതും, ഹോണ്‍ അടിക്കുന്നതും, സ്റ്റിയറിംഗ് പിടിക്കുന്നതും, എന്തിന് മൂക്ക് ചൊറിയുന്നത് വരെ ഒരു സ്റ്റൈലിലാണ്.
കുട്ടികള്‍ കൂട്ടമായി തങ്കരാജിനു ചുറ്റും കൂടി ആര്‍പ്പുവിളിച്ചു. അതിന്റെ തീവ്രത രേഖപെടുത്തിയത് യെസ്ടര്‍ഇയ¬ര്‍ സൂപ്പര്‍സ്റ്റാ¬ര്‍ ആനപ്പാപ്പാ¬ന്‍ കുട്ടാപ്പുവിന്റെ മുഖത്തെ റിക്ട¬ര്‍ സ്കെയിലി¬ല്‍ ആയിരുന്നു.
തങ്കരാജ് വണ്ടിയില്‍ നിന്നും അള്‍ട്രാ സ്ലോ മോഷനി¬ല്‍ ചാടിയിറങ്ങി. പിന്നെ, തീപ്പെട്ടി കത്തിച്ചു മുകളിലേക്കെറിഞ്ഞ് വായുവില്‍ വെച്ച് സിഗരറ്റ് കത്തിക്കുന്ന അടാറ് ഐറ്റം. സ്വാഗ്! പിടിച്ചാ കിട്ടാത്ത സ്വാഗ്!!
മുല്ലപ്പെരിയാര്‍ ഒരു നീറ്റലായി മനസ്സിലുള്ളത്കൊണ്ട് ഞങ്ങള് ചിലര്‍ കയ്യടിച്ചില്ല. പക്ഷെ ഇനിയും വൈകിയാല്‍, ആത്മസംയമനം കയ്യീന്നുപോയി എല്ലാവരുടെ ഉള്ളിലും ഒരു തങ്കരാജ് ഫാന്‍സ്‌ ഘടകം രൂപം കൊണ്ടേക്കും, ഉറപ്പാണ്. എന്നാലും ജെസിബിയെ ഓര്‍ത്ത് ഞങ്ങ¬ള്‍ തങ്കരാജിനു മാപ്പുകൊടുത്തു. അതിനുശേഷം ആ മഞ്ഞ കളറില്‍ ഒന്ന് തൊട്ട് നിര്‍വൃതിയണയാ¬ന്‍ വേണ്ടി കൈനീട്ടിയപ്പോള്‍, തങ്കരാജ് ഒരു സ്പാന¬ര്‍ കയ്യിലെടുത്ത് ഞങ്ങളെ ഒരു വിരട്ട¬ല്‍.
ആ സെക്കന്റി¬ല്‍, ഞങ്ങള്‍ ജെസിബിയും മഞ്ഞകളറും കോയമ്പത്തൂരും വരെ വെറുത്തു. ജുബിലേട്ടന്റെ അച്ഛന്‍ വന്ന് തങ്കരാജിനോട് മുണ്ടഴിച്ചിട്ടു ബഹുമാനം കാണിക്കുന്നത് കണ്ടപ്പോ, ഞങ്ങള്‍ മനസ്സിലെ ആ ഫ്ലക്സുകള്‍ വലിച്ചുകീറി തീയിടുകയും ചെയ്തു. കുന്നോണറിന് കൈ കൊടുത്ത് തങ്കരാജ് അടുത്ത സിഗരറ്റും അതേപോലെ കത്തിക്കാന്‍ പുറത്തെടുത്തു. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഡീസ¬ല്‍ ക്യാനില്‍ ആയിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എവടെ… തമിഴ്നാട് 2 – കേരളം 0.

ഞങ്ങള്‍ ഉണ്ടകഴിഞ്ഞ പട്ടാളക്കാരെ പോലെ പരസ്പരം നോക്കി.
“ഇനിയെന്ത് ചെയ്യും?”
ഉത്തരം കുഞ്ഞുട്ടിടെ വകയായിരുന്നു, “എന്റെലൊരു പഞ്ച് ഡയലോഗുണ്ട്”.
“എന്താ?”
“കുന്ന് മാന്താ¬ന്‍ വന്നാ¬ല്‍ കുന്ന് മാന്തണം, അല്ലാതെ നമ്മളെ മാന്തരുത്!”
“വേണ്ട, അവിടെത്തന്നെ വെച്ചോ”
ഈ കണ്ടതൊക്കെ അഭിമാനക്ഷതം ആയിട്ടെടുത്ത വേറൊരാള്‍ കൂടി ഉണ്ടായിരുന്നു അവിടെ, ജുബിലേട്ടന്റെ അച്ഛച്ചന്‍. മൂപ്പര് തങ്കരാജിന്റെ അടുത്തേക്ക് പതിയെ നടന്നെത്തി ചെന്നശേഷം ചോദിച്ചു.
“അല്ല മോനെ…. എന്താ പ്പ അന്‍റെ പ്രശ്നം?”
“പ്രോബ്ലമാ…ഇത് വന്ത് എന്നുടെ സ്റ്റൈല്. ജെസിബി ഡ്രൈവര്‍ നാ സുമ്മാവാ അമ്മാവാ ?”
“ജെസിബിക്കെന്താ കൊമ്പുണ്ടോ..?”
“ആ ഇരുക്ക്…ഇത് മറ്റ് വണ്ടിമാതിരി കെടയാത്. ഇന്ത വണ്ടി ഒരേ സീറ്റിലിരുന്നു രണ്ടു സൈഡിലേക്കും ഓടിക്കാം.”
“അപ്പൊ തോണിയോ ??”
.
.
.
മൗനം.
“തോണി ഒരു സീറ്റിലിരുന്നു എങ്ങോട്ട് വേണെങ്കിലും ഒടിച്ചൂടേ മോനേ തങ്കരാജേ…?”
അതുവരെ കുതിച്ചുപാഞ്ഞിരുന്ന തങ്കരാജിന്റെ 88 എച്ച്.പി എഞ്ചിന്‍ പൊടുന്നനെ ഓഫായി. കണ്ണിലുണ്ടായിരുന്ന പള്ളിപെരുന്നാള് റേബാന്‍ ഊരി പോക്കറ്റില്‍വെച്ച് തങ്കരാജ് വിക്ടറി സ്റ്റാന്റി¬ല്‍ നിന്നിറങ്ങി നടന്നു. ആ മുഖം ജെ സി ബി മാന്തിയിട്ട ഒരു മൊട്ടക്കുന്നു പോലെ വറ്റിയിരുന്നു.

Deepu Pradeep

Continue reading

കൂരകൾ തോറും നമ്മുടെ ചെസ്റ്റ്

ഇന്ന് വാംഅപ്പ് കഴിഞ്ഞ്, ചെസ്റ്റിന് പറന്നടിക്കാനുള്ള ആവേശത്തോടെ ഞാ¬ന്‍ ജിമ്മിന്റെ മെയി¬ന്‍ ഹാളിലേക്ക് ചെന്നപ്പോഴുണ്ട്, കൌണ്ടറിനടുത്ത് ഇൻസ്ട്രക്ടർ ഫെബിക്കയ്ക്ക് ചുറ്റും വലിയൊരു കൂട്ടം. ജിമ്മില് ഓണം ഓഫര്‍ വല്ലോം പ്രഖ്യാപിച്ചോ എന്നായിരുന്നു എന്റെ ഡൌട്ട്. എന്നാ അതായിരുന്നില്ല സ്റ്റോറി. അവിടെ കൂടി നിന്നിരുന്നത് പതിനെട്ട് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഐ റിപ്പീറ്റ്, പതിനെട്ട്!!
ജിമ്മ് പൊളിച്ച് പണിയാനല്ല, ജോയിന്‍ ചെയ്യാ¬ന്‍ വന്നതാണ് എന്നറിഞ്ഞപ്പോ¬ള്‍ അവിടുത്തെ ഡമ്പലുകളും ബാർബലുകളും വരെ കുലുങ്ങി.
“ഈ കേരളമഹാരാജ്യത്ത് ഇവന്മാര് ഇവിടെ മാത്രേ എത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ” എന്നും പറഞ്ഞു ഹംസക്കുട്ടി ത്രെഡ് മില്ലില്‍ കേറി ഒരൊറ്റോട്ടം. അരിശം മസിലായി തിളച്ചു.
ഞങ്ങടെ അപ്രമാദിത്വത്തിന് ഭീഷണി ആവോ എന്ന ആങ്കിളിലാണ്, ജിമ്മിലെ മൂത്ത മൾട്ടികള്‍ ഫ്രെഷേർസിനെ നോക്കിയത്.
അവരെയും തെളിച്ചുകൊണ്ട്‌ വാംഅപ്പ് ചെയ്യിപ്പിക്കാ¬ന്‍ പോവുന്ന ഫെബിക്കയെ പിടിച്ചു നിർത്തി ഞാന്‍ പറഞ്ഞു.
“ഒറ്റയടിക്ക് പതിനെട്ട് അഡ്മിഷന്‍! കോളടി കോളടി ന്നൊക്കെ പറഞ്ഞാല്‍ ഇതാണ്”
പക്ഷെ ഫെബിക്ക ഒരുമാതിരി പ്രോട്ടീ¬ന്‍ പൌഡറില് പച്ചമുളക് കടിച്ചമാരിയായിരുന്നു നിന്നിരുന്നത്.
“ഈ വന്നതില്, നാലെണ്ണമേ ജോയിന്‍ ചെയ്തിട്ടുള്ളൂ… ബാക്കി പതിനാലെണ്ണം കാണാ¬ന്‍ വന്നതാണ്… !!”
അതൊക്കെയാണ്‌ പ്രോത്സാഹനം. നമ്മളും പോവുന്നുണ്ട് ജിമ്മില്, “നിനക്കൊന്നും വേറെ പണിയില്ലേടാ ചെക്കാ ?” എന്ന് ചോദിക്കുന്ന ഫ്രണ്ട്സാണ് നമ്മക്കുള്ളത്.
ഫെബിക്ക തുടർന്നു…
“ഇപ്പൊ നിന്ന് തിരിയാന്‍ സ്ഥലമില്ലാണ്ടായി…അവരോട് ഇറങ്ങി പോവാന്‍ പറയാ¬ന്‍ പറ്റ്വോ?”
“അതെന്താ പറഞ്ഞാല്?”
“ഇനിക്കിണ്ടോ ഹിന്ദി അറിയണ്????”
.
.
.
നിശബ്ദത!!
‘സന്ദേശ’ത്തില് യശ്വന്ത് സഹായ് വന്ന പോലെയായിരുന്നു ജിമ്മിലെ അറ്റ്‌മോസ്ഫിയര്‍.
അവസാനം, കഴിഞ്ഞാഴ്ച ഗോവയില്‍ ടൂറിന് പോയിട്ട് വന്ന ഒരുത്തനെ പിടിച്ച് അവർക്ക് കാര്യങ്ങള് പറഞ്ഞുകൊടുക്കാന്‍ ഏൽപ്പിച്ചു.
പന്ത്രണ്ട് പുഷ്അപ്പ്സ് എടുക്കാന്‍ അവന്‍ അവരോട്,
“ദോ പാഞ്ച് പുഷ്അപ്സ് പ്ലസ്, ദോ ഏക്‌ പുഷ്അപ്സ്… ഉം…. ഉം ഉം..” എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി.
അറ്റ്‌ലീസ്റ്റ് പന്ത്രണ്ടിന്റെ ഹിന്ദി, പന്ത്രഹ് എന്നാണെന്നെങ്കിലും നമ്മക്കറിയാലോ.

Deepu Pradeep

Continue reading

സബാഷ് സുഭാഷ്

വളരെ പണ്ട് ഒരൂസം, ദൈവം ഭാര്യയുടെ അടുത്തൂന്ന് ചീത്ത കേട്ട കലിപ്പ് ആരോടെങ്കിലും ഒന്ന്‍ തീര്‍ക്കണം എന്ന വിചാരത്തോടെ ഭൂമിയിലേക്ക് നോക്കിയപ്പോഴുണ്ട്  അതാ, എടപ്പാളിനപ്പുറം, കുറ്റിപ്പുറത്തിനിപ്പുറം, കാലടി എന്ന ഞങ്ങടെ നാട് ഒരു പ്രശ്നവും ഇല്ലാതെ ഇങ്ങനെ ജീവിച്ചു പോവുന്നു. ‘ആഹാ… ന്നാ ശരിയാക്കിതരാടാ ‘ ന്ന്‍ ദൈവം മനസ്സില്‍ പറഞ്ഞ  സെയിം മൊമെന്റിലാണ്, സുഭാഷിന്റെ അച്ഛന്‍ കുട്ടികളുണ്ടാവാന്‍ അമ്പലത്തില്‍ ഉരുളികമിഴ്ത്തുന്നത് കണ്ടത്. അടി സക്കേ!! … സുഭാഷ് ഭൂജാതനായി. ഇതാണ് ചരിത്രം.

ഉരുളി കമിഴ്ത്തിയപ്പൊ ഉണ്ട കുടുങ്ങി കിട്ടിയ സുഭാഷ്, അല്‍പ്പരില്‍ അല്‍പ്പനായി വളര്‍ന്നു വലുതായി . രണ്ടായിരത്തിരണ്ടിന്‍റെ ആദ്യപാദം, ഡിജിറ്റല്‍ ഡയറി എന്ന  അന്നത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമായി ഉള്ളവര്‍ കത്തിനില്‍ക്കുന്ന ടൈം.  ഇന്നത്തെ പതിനായിരം ഫേസ്ബുക്ക് ലൈക്കുകളുടെ മൂല്യമുണ്ടായിരുന്നു നാട്ടിലെ അന്നത്തെ ഡിജിറ്റല്‍ ഡയറി ഉടമകളായ സാലിക്കും  കുഞ്ഞുട്ടിക്കും. പക്ഷെ ലളിതന്മാരായ അവര്‍ അവരുടെ ഡിജിറ്റല്‍ ഡയറികള്‍ നാടിന്‍റെ പൊതു സ്വത്താക്കി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ  ഉള്ളില്‍ ഒരു തേങ്ങയും ഇല്ലെങ്കിലും, അതില്‍ മാറി മാറി തിരുപ്പിടിക്കല്‍ ആയിരുന്നു ക്ലബ്ബിലെ മെയിന്‍ നേരംപോക്ക്.

Continue reading

അച്ഛന്‍

‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ എനിക്ക് അച്ഛന്റെ ഓർമ്മകളുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്.
പണ്ട് , ‘കുഞ്ഞിരാമായണ’ത്തിലെ ഒരു കഥയായ ‘സൽസമുക്ക്’ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത സമയത്ത്, ഗൾഫിൽ നിന്നും വിളിച്ച് ആ കഥയെപറ്റി കുറെ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴാണ്, അച്ഛൻ എന്റെ ബ്ലോഗിന്റെ ഒരു സ്ഥിര വായനക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ ആദ്യമായി അറിയുന്നത്.
രണ്ടായിരത്തിപതിനാലിൽ ‘കുഞ്ഞിരാമായണം’ തിരക്കഥ എഴുതികൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത്. ബൈപാസ് കഴിഞ്ഞ് കിടന്നിരുന്ന തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലെ ആ മുറിയിൽ, ഞങ്ങൾക്ക് കൂട്ടിന് കുഞ്ഞിരാമനും, ലാലുവും, മനോഹരനും, കുട്ടനുമെല്ലാം ഉണ്ടായിരുന്നു.
പിന്നീട് പ്രീ പ്രോഡക്ഷൻ സമയത്ത്, വിധി ക്യാൻസറിന്റെ രൂപത്തിൽ വീണ്ടും വന്നു. ഷൂട്ടിങ്ങിന് വളരെ കുറച്ചു ദിവസങ്ങളെ ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ, അതിലൊന്ന് സർജറിക്ക് മുന്പ് ഷൂട്ടിങ്ങ് ഒന്ന് കാണണം എന്ന അച്ഛന്റെ ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ എല്ലാവരും കൂടി പോയ ആ ദിവസമാണ്. പിന്നെ ആശുപത്രികൾ ഒരു ശീലമായിമാറികഴിഞ്ഞ സമയത്ത്, എഴുത്തുകാരന് ഉണ്ടാവാറുള്ള ആദ്യ സിനിമയുടെ എക്സൈറ്റ്മെന്റോ, എഴുതിവെച്ചതത്രയും എങ്ങനെ സ്ക്രീനിൽ പുനർജനിക്കും എന്ന ആകാംഷയോ എനിക്കുണ്ടായില്ല.
ഷൂട്ട്‌ കഴിഞ്ഞ ശേഷം , ആർ സി സിയിൽ നിന്നും മടങ്ങും വഴി കൊച്ചിയിൽ തങ്ങിയ നാൾ, ബേസിൽ സിനിമയുടെ എഡിറ്റ്‌ ചെയ്ത കുറച്ചു ഭാഗങ്ങൾ കാണിച്ചതുമുതൽ അച്ഛൻ ശരിക്കും ത്രില്ലിലായിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞ ശേഷമാണ് തിരുവോണത്തിന്റെ അന്ന് സിനിമയുടെ റിലീസ്. സിനിമ കണ്ട് കൊച്ചിയിൽ ഉള്ള എന്നെ വിളിച്ച അച്ഛന്റെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. അത്രയും സന്തോഷത്തോടെ മുൻപൊരിക്കലും ഞാൻ അച്ഛനെ കണ്ടിട്ടില്ല. അവസാനം, ക്യാൻസർ വാർഡിൽ വെച്ച് ഇടയ്ക്കിടെ, ‘ഇപ്പൊ എത്ര ദിവസമായി സിനിമ’ എന്ന് തിരക്കിയിരുന്ന അച്ഛൻ, സിനിമയിറങ്ങി അൻപത്തിഎട്ടാം നാൾ മരിക്കുമ്പോൾ, എടപ്പാളിൽ സിനിമ വന്നിട്ട് ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ബാക്കിയായിരുന്നു…
ഇന്ന് ‘കുഞ്ഞിരാമയണം’ ടിവിയിൽ വരുമ്പോൾ ആദ്യമോർക്കുന്നത് അച്ഛനെയാണ്….

Read the rest

കള്ളനും ചുള്ളനും

പള്ളിപ്പുറം സ്റ്റേഷനിൽ നിന്ന് മ്മടെ തൃശൂർ-കണ്ണൂർ പാസഞ്ചർ പുറപ്പെടാൻ തയ്യാറായി ഇങ്ങനെ ആക്സിലറേറ്റർ റൈസ് ചെയ്തു നിൽക്കാണ്. ഊമയായ ഒരു പാവം ഭിക്ഷക്കാരന് കാലിൽ ചവിട്ടുകിട്ടിയപ്പോ, ‘അയ്യോ’ ന്ന് പറഞ്ഞത് കണ്ട് കമ്പാർട്ട്മെന്റിന്റെ കരളലിഞ്ഞു പോയ ആ നിമിഷം….
തീവണ്ടിയുടെ സ്രാങ്ക് ഫസ്റ്റിട്ട് വണ്ടിയെടുത്ത സ്പ്പോട്ടില്, വാതിൽക്കൽ വായുവിഴുങ്ങി നിന്നിരുന്ന ഒരു ചെക്കൻ പണിപറ്റിച്ചു. തൊട്ടുമുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ഒരു ചേച്ചിയുടെ കഴുത്തിലെ മാലയും പറിച്ച് ഇറങ്ങിയൊരോട്ടം !!
ഞാനുൾപടെയുള്ള യാത്രക്കാരെല്ലാം അനാക്കോണ്ട ഇരുമ്പുലക്ക വിഴുങ്ങിയ പോലെ ഇങ്ങനെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്. അപ്പൊ ദേ പിന്നാലെ വെടിച്ചില്ല് പോലെ ആ ചേച്ചിയുടെ ഭർത്താവ് ഒരൊറ്റ പാച്ചില്. ചേയ്സ് !!

വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കള്ളനും ഭർത്താവും റെയിൽവേ സ്റ്റേഷന്റെ വേലിയും പിന്നിട്ട് ശരവേഗത്തിൽ വിശാലമായ പാടം റൈയ്സ് ട്രാക്കാക്കി.
ആരൊക്കെയോ പറഞ്ഞു “ചങ്ങല വലിക്ക്”
അപ്പൊഴുണ്ട് അപ്പുറത്ത് നിന്ന് കാരോലപ്പത്തിന്റെ കളറും, ക്രീം ബണ്ണിന്റെ മനസ്സുമുള്ള ഒരുത്തൻ തിക്കിതിരക്കി ഓടി വരുന്നു.
“ഞാൻ വലിക്കാം, ഞാൻ വലിക്കാം… ഇന്റെ കുറെ കാലായുള്ള ആഗ്രഹാണ് ചങ്ങല വലിച്ചു ഒരു തീവണ്ടി നിർത്തല്.”
“അവിടിരിക്കടാ… ഇവിടെ വലിച്ച് എക്സ്പീരിയന്‍സുള്ളവരുണ്ട്”. വേറൊരു മൊതല്‍.
“വേണ്ട, ആരും വലിക്കണ്ട..!” ചേച്ചി.
എല്ലാവരും ചേച്ചിയെ നോക്കി. മാല പോയിട്ടും ചേച്ചി മണൽലോറി കണ്ട ഭാരതപുഴയെ പോലെ ഒരു എക്സ്പ്രഷൻ ചെയിഞ്ചും ഇല്ലാതെ ഇരിക്ക്യാണ്. യു സീ ദി ഐറണി, ഡോണ്ട് യു?
“ആ മാല റോൾഡ് ഗോൾഡാ !!”
ട്ടും! ഞങ്ങള്‍ തല വെട്ടിച്ച സൌണ്ടാണ് ആ കേട്ടത്. ഉടുമുണ്ട് അഴിഞ്ഞുപോയിട്ടും ചോരാത്ത ആത്മവീര്യത്തോടെ കള്ളനെ ചെയ്സ് ചെയ്യുന്ന ആ ഭർത്താവിനെ നോക്കി ഞങ്ങള്‍ കുറച്ച് നെടുവീർപ്പിട്ടു. സോ ശോകം.
“സ്വർണ്ണമാലയൊക്കെ കൊണ്ടുവിറ്റ് കള്ളുകുടിച്ചിട്ട് അയാള് തന്നെ വാങ്ങി തന്നതാ ആ റോൾഡ് ഗോൾഡ്‌.”
വാവ്! ഷോർട്ട് ടേം മെമ്മറി ലോസ്!!

മുപ്പതു ഉർപ്പ്യടെ മാലയ്ക്ക് വേണ്ടി വിദൂരതയിലേക്ക് മണ്ടിപാഞ്ഞു കൊണ്ടിരിക്കുന്ന ആ കള്ളനും ചുള്ളനും കമ്പാർട്ട്മെന്റിന്റെ വിങ്ങലായി.

Deepu Pradeep

Continue reading

ഒരബ്ദുവുണ്ടായിരുന്നു

വളരെ പണ്ടാണ്…. പൊന്നാനി‌ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിവന്ന പുതിയ എസ്‌ഐ, വരവിനും മുൻപ് പൊന്നാനിയോളം തന്നെ കേട്ടറിഞ്ഞൊരു പേരുണ്ടായിരുന്നു അബ്ദു! ഓടികൊണ്ടിരിക്കുന്ന എഞ്ചിൻ പോലും അറിയാതെ അതിന്റെ പിസ്റ്റൺ അടിച്ചുമാറ്റുന്ന നല്ല എണ്ണം പറഞ്ഞൊരു പോക്കറ്റടിക്കാരൻ.
ചാർജെടുത്തതിന്റെ പിറ്റേന്ന്, എടപ്പാൾ അങ്ങാടിയിൽ ബീഡിയും വലിച്ചു നിൽക്കുകയായിരുന്ന അബ്ദു വിട്ട പുകയിലേക്ക് എസ്‌ഐ‌ കേറി വന്നുനിന്നു. കേട്ടറിഞ്ഞ കൺകെട്ടിന്റെയും കൈവേഗതയുടെയും കഥകൾ സത്യമാണോ എന്നൊന്നറിയാൻ….

പരിചയപെട്ട് ഇരുവരും സംസാരം തുടങ്ങി. നല്ല സ്ഥലകാല ബോധത്തോടെ നിൽക്കുന്ന ഒരുത്തനെ പോക്കറ്റടിക്കുന്നതോടെ തീരും, അബ്ദുവും അബ്ദുവിനെക്കുറിച്ചുള്ള ഈ കഥകളും എന്ന് എസ്ഐ പറഞ്ഞപ്പോൾ, ഒന്ന് പുഞ്ചിരിച്ച ശേഷം അബ്ദു ചോദിച്ചു,
“സാറെ…. നമുക്കൊന്ന് പൊന്നാനി വരെ പോയാലോ? ”
“എന്തിനാ?”
“ബസ് ചമ്രവട്ടം ജംങ്കഷൻ എത്തും മുൻപ് സാറിന്റെ പോക്കറ്റിലിരിക്കുന്ന ഈ പേന ഞാൻ അടിച്ചിരിക്കും.!”.

തൊട്ടടുത്ത ബസിൽ‌ എസ്‌ഐ മുന്നിലും അബ്ദു പിന്നിലുമായി‌ കയറി. തിരക്ക് കൂടികൂടി വന്നു…. എസ്‌ഐ‌ ഒരോ മിനുറ്റിലും നോക്കി പോക്കറ്റിലെ പേന അവിടെതന്നെയുണ്ടെന്ന് ഉറപ്പുവരുത്തികൊണ്ടിരുന്നു.
ബസ്‌ ചമ്രവട്ടം ജംക്ഷനിലെത്തിയപ്പോൾ രണ്ട് പേരും ഇറങ്ങി. എസ്‌ഐ പോക്കറ്റിൽ കിടക്കുന്ന പേന അബ്ദുവിന്റെ നേരെ നീട്ടി പറഞ്ഞു,
“നീ എടുക്കണം എന്ന് ആഗ്രഹിച്ചതല്ലെ… വെച്ചൊ”
അബ്ദു ബീഡി കത്തിച്ചുകൊണ്ട് അടുത്ത പുഞ്ചിരി കൊടുത്തു.
“എനിക്കെഴുതാൻ റീഫില്ലറ് മതി, പേന സാറ് തന്നെ വെച്ചോ..”
അബ്ദു അത് പറഞ്ഞപ്പോഴാണ് എസ്‌ഐ യ്ക്ക്, അബ്ദു തന്റെ പോക്കറ്റടിച്ചെന്നും, അടിച്ച പേന റീഫല്ലറൂരി തിരിച്ചുവെച്ചെന്നും വരെ മനസ്സിലാവുന്നത്.

അതെ…. ഞങ്ങൾക്ക് അങ്ങനെയൊരു പോക്കറ്റടിക്കാരനുണ്ടായിരുന്നു. പോലീസുകാരനോട് ബെറ്റ് വെച്ച് ജയിച്ച പോക്കറ്റടിക്കാരൻ!

Deepu Pradeep

Continue reading

ആബ്സന്റ് മൈന്‍ഡ്

ഉച്ചയ്ക്ക് കുറ്റിപ്പുറം റൈയിൽവേ സ്റ്റേഷനിൽ‌ ട്രൈയിനിറങ്ങി പുറത്തേക്ക് നടക്കുമ്പൊ ഉണ്ട് ഒരു കാറ് പാർക്കിങ്ങ് ലൈറ്റ് ഇട്ട് നിർത്തിയിട്ടിരിക്കുന്നു.
മണ്ടൻ! ഇത്രയ്ക്ക് ആബ്സന്റ് മൈന്റ്ഡ് ആയവരൊന്നും കാറോടിക്കാൻ പോവരുത്..ബാക്കിയുള്ള കാറുകാരുടെ പേരു കളയാൻ.
ബസിൽ വീട്ടിലേക്ക് പോവുമ്പൊ , ഇനി അവൻ ബാറ്ററി ഇറങ്ങിയ ആ വണ്ടി സ്റ്റാർട്ടാക്കുന്ന കാര്യമോർത്ത് ഞാൻ ഓർത്തോർത്ത് ചിരിച്ചു.
വീട്ടിലെത്തിയപ്പോഴുണ്ട് അമ്മ‌ ചോദിക്കുന്നു.
കാറെവിടെ?
ശരിയാണല്ലൊ..രാവിലെ എന്റെ കാറ് റൈയിൽ വേ സ്റ്റേഷനിൽ വെച്ചിട്ടാണല്ലൊ ഞാൻ ട്രൈയിൻ കേറിയത്!!

Deepu Pradeep

Continue reading

ഷോപ്പിംഗ് ഫെസ്റ്റിവൽ

നാട്ടുകാരനായൊരു കൂട്ടുകാരനുണ്ട്, എടപ്പാളി¬ല്‍ ജെൻസ് വെയർ ഷോപ്പ് നടത്തുകയാണ്… പുതിയ സ്റ്റോക്ക് വരുമ്പൊ അവൻ എനിക്ക് പറ്റിയത് നോക്കി, ഫോട്ടോയെടുത്ത് വാട്സപ്പിൽ സ്നേഹത്തോടെ അയയ്ക്കും. അത് കണ്ട് എനിക്ക് അനുഭൂതി വരും… ആ അനുഭൂതി എന്നെകൊണ്ടാ ഷര്‍ട്ട് വാങ്ങിപ്പിക്കും.

കഴിഞ്ഞ ചെറിയപെരുന്നാളിന്‍റെ സമയത്ത് അവൻ പതിവുപോലെ ഷർട്ടിന്‍റെ‌ ഫോട്ടോയയച്ചു.
‘എടാ… ബാംഗ്ലൂരിൽ സ്റ്റോക്കെടുക്കാൻ പോയിരുന്നു, ഈ ഷർട്ടു കണ്ടപ്പോൾ നിന്നെയാണ് ഓർമ്മവന്നത്. ഉടനെതന്നെ‌ വാങ്ങി. നീ ഇതിട്ടാൽ ഒന്നുകൂടെ ലുക്കാവും’
അനുഭൂതി സ്ക്വയര്‍ ! പിന്നെ‌യുണ്ടോ ഡിലേ? ഞാന്‍ ഉടനെ ബൈക്ക് എടുത്ത് എടപ്പാള്‍ പോയി സാധനം സ്വന്തമാക്കി.
അവൻ പറഞ്ഞത് ശരിയായിരുന്നു.. അതിട്ടപ്പോൾ ഞാൻ ഡബിള്‍ ലുക്കായി. കിടിലൻ ഡിസൈൻ ആന്‍റ് ഫിറ്റ്. പഹയന്‍റെ സെലക്ഷനെ അനുമോദിക്കാ¬ന്‍ ഞാ¬ന്‍ അവിടുന്ന് ഒരു ബോഡി സ്പ്രേ കൂടി വാങ്ങി.

പുതിയ ഷര്‍ട്ട് വാങ്ങിയാ¬ല്‍ പിന്നൊരു എരിപൊരിയാണ്… എത്രയും വേഗം ഏതെങ്കിലും ഒരു ഫങ്ങ്ഷന് ആ ഷര്‍ട്ട് ഇട്ട് കയ്യടി വാങ്ങിയാലെ അത് തീരൂ…
നാല് ദിവസം കഴിഞ്ഞപ്പോ തന്നെ ഒത്തു, നാട്ടില്‍ തന്നെയുള്ള ഒരു കല്യാണം. അവന്റെ കയ്യി¬ല്‍ നിന്നും വാങ്ങിയ അതേ സ്പ്രേ അടിച്ചിട്ട് തന്നെ പോയി..

സാധാരണ അവന്‍റെ കടയിൽ ഒരു‌ ഷർട്ട്, നാല് പീസാണ് വരാറ്.. S,M,L,XL. അമ്പലത്തിൽ ചെന്നപ്പൊ ദേ നിക്കുന്നു അതിലെ S ഉം, M ഉം ! L ഞാനാണല്ലോ!!! ആഹാ… ഇരമ്പി.
ഞങ്ങള് പരസ്പരം മാറി മാറി നോക്കി. പിന്നെ കല്യാണത്തിന് വന്നവരൊക്കെ ഞങ്ങള്‍ ഡ്രസ്സ്‌ കോഡുകാരെ മൊത്തത്തില്‍ നോക്കി. എന്‍റെ ആത്മാഭിമാനത്തിന്‍റെ ആദ്യതായ് വേരില്‍ താലപൊലിയുണ്ടായി. പായസം അടപ്രഥമനാണെന്ന ഒറ്റക്കാരണത്താ¬ല് ഞാ¬ന്‍ പിടിച്ചു നിന്നു. അപ്പൊ ഉണ്ട് ദേ വരുന്നു കല്യാണപെണ്ണ് ആന്‍റ് പാര്‍ട്ടി. പെണ്ണിന്‍റെ അച്ഛന്‍ XL !!
‘മണ്ഡപത്തിലേക്ക് കയറും മുന്‍പ് അച്ഛനും ആങ്ങളമാരും കൂടി നിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുക്കാം’ എന്ന് ഫോട്ടോഗ്രാഫ¬ര്‍ പറഞ്ഞതോടെ ഞാ¬ന്‍ അടപ്രഥമ¬ന്‍ വേണ്ടാന്നുവെച്ച്.

Deepu Pradeep

Continue reading

FB – 29 DEC 2016

പ്രിയപെട്ട ഡോക്ടർ,
വീണ്ടും ഗിരീഷാണ്.
മൂന്ന് ദിവസം മുൻപ് ഞാൻ മാത്രമല്ല,എന്‍റെ നാടുമുഴുവൻ‌ ഞെട്ടിവിറങ്ങലിച്ച ഒരു സംഭവമുണ്ടായി..
ഏകദേശം അർധരാത്രിയോടെയാണ് ബൈക്കിൽ, നാട്ടിൻപുറത്തെ എന്റെ തറവാട്ടുവീട്ടിലേക്ക് ഞാൻ ചെല്ലുന്നത്. വീടെത്തും മുൻപ് കുട്ടിക്കാലത്ത് ഞാൻ നീന്തല് പഠിച്ച തോട് കണ്ടപ്പൊ എനിക്ക് നൊസ്റ്റാൾജിയ‌യുണ്ടായി. ഞാൻ ബൈക്ക് നിർത്തി റോഡ് നിരപ്പിൽ നിന്നും ആറടി താഴ്ചയുള്ള ആ തോട്ടിൻ വക്കത്തേക്കിറങ്ങി നിന്ന് ഓർമ്മകൾ അയവിറക്കുകയായിരുന്നു.
അപ്പോള്‍ പെട്ടെന്ന് എന്റെ പിറകിലൂടെ ഒരു വെളിച്ചം വേഗത്തിൽ പാഞ്ഞു പോയി..ഞാൻ‌ ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്ക് നോക്കിയതും, എന്റെ മുഖത്തേക്കും ദേഹത്തേക്കും എവിടെനിന്നോ നിറയെ ചോര തെറിച്ചു…പിന്നാലെ തോട്ടിൽ ആഞ്ഞ ശബ്ദത്തോടെ എന്തോ വീണു !! അന്തരീക്ഷമാകെ വെളുത്ത പൊടിപടലങ്ങൾ…. അവിടെനിന്ന് അലറിവിളിച്ച് ബൈക്ക് പോലും എടുക്കാതെയാണ് ഞാൻ വീട്ടിലേക്കോടിയത്.
രണ്ട് തന്ത്രിമാരെ കൊണ്ട് രക്ഷ എഴുതികെട്ടിച്ചു…ഇനി അളിയന്റെ നാട്ടിലെ ഒരു‌ മഠത്തില്‍ പോയി പൂജ കഴിക്കണം എന്നാണ് വീട്ടുകാർ പറയുന്നത്.
അവിടെ പോയാല്‍ എന്‍റെ പ്രശ്നങ്ങൾ മാറുമോ ഡോക്ടർ? എന്തിനായിരിക്കും പ്രേതം എന്നെ കൊല്ലാതെ വിട്ടത്? എന്റെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ എനിക്കിനി ഒരു ജീവിതമുണ്ടാവുമോ ?
ഡോക്ടറില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്.
സ്വന്തം ഗിരീഷ്

പ്രിയപ്പെട്ട ഗിരീഷ്,
നമ്മുടെ നാട്ടിലെ ഒഴിഞ്ഞ പറമ്പുകളിലും വഴിയോരങ്ങളിലും അർധരാത്രിയിൽ ഇത്തരം സംഭവങ്ങൾ സർവ്വ സാധാരണമാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരയായ താങ്കൾക്ക് എന്ത് സംഭവിച്ചുക്കാണും എന്ന ആകാംക്ഷയോടെയാണ് ഞാനീ കത്ത് വായിച്ചു തീർത്തത്.
ഇതിൽ പേടിക്കതക്കതായി ഒന്നുമില്ല..
അവരു വലിച്ചെറിഞ്ഞ കോഴി പാർട്ട്സിന്റെ‌ ചാക്ക് നടുമ്പുറത്ത് കൊണ്ട് തോട്ടിൽ വീണ് ചാവാത്തത് ഗിരീഷിന്റെ ഭാഗ്യം എന്ന് കരുതി, മൂത്രമൊഴിച്ച് കിടന്നുറങ്ങിയാൽ മതി, ഭേദമുണ്ടാവും.
നിർത്തുന്നു.
ഡോക്ടർ.

Read the rest

ചാലക്കുടിക്കാരാ മാപ്പ്

‘പുറപ്പെട്ടു പുറപ്പെട്ടു… അരമണിക്കൂറ് മുൻപേ പുറപ്പെട്ടു’ എന്നും പറഞ്ഞ് കിടക്കപ്പായയില്‍ നിന്നെഴുന്നേൽക്കുന്ന‌ ആ പരിപാടിയുണ്ടല്ലോ, എല്ലാവരെയും പോലെ ആ അസുഖത്തിന്റെ ഭയാനകമായ ഒരു വേര്‍ഷ¬ന്‍ എനിക്കുമുണ്ട്.

ഒരിക്കൽ തൃശൂര് ഒരു കൂട്ടുകാരനെ, നല്ല എണ്ണംപറഞ്ഞൊരു പോസ്റ്റാക്കി നിർത്തിയിട്ട് എറണാംകുളത്തു നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ വരികയായിരുന്നു ഞാൻ.
അവനോട് ‘പോന്നു’ എന്നു പറയുമ്പോൾ ഞാന്‍ പോന്നിട്ടില്ല, ‘വൈറ്റില’ എന്നു പറയുമ്പോൾ ഞാൻ ബാത്ത്റൂമിൽ, ‘ആലുവ’ എന്നുപറയുമ്പോൾ ഞാൻ വൈറ്റില, ‘അങ്കമാലി’ എന്ന് പറയുമ്പൊ ഞാൻ കെടക്കണത് ഇടപ്പള്ളി. ഇതായിരുന്നു എന്‍റെ ഒരു ലൈൻ.

ബസ് യഥാർത്ഥ അങ്കമാലി സ്റ്റാന്റിൽ നിൽക്കുമ്പോൾ ആ ക്ഷമയില്ലാത്ത തെണ്ടി വീണ്ടും വിളിച്ചു.
“എവിടെത്തി?”
“ചാലക്കുടിയെത്തിയെടാ” എന്ന് ഞാൻ പറഞ്ഞതും, തൊട്ടപ്പുറത്ത് ബാഗും കെട്ടിപ്പിടിച്ചുറങ്ങുകയായിരുന്ന ഒരു മനുഷ്യൻ, ഞെട്ടിയുണർന്ന് “ഹൈ… ചാലക്കുടിയെത്തിയോ?” എന്ന് ചോദിച്ച് പിടഞ്ഞെണീറ്റ് ബസിൽ നിന്നും ഇറങ്ങിയോടിതും ഒരുമിച്ചായിരുന്നു.
ഞാനിങ്ങനെ മുഖത്തേക്ക് ടോർച്ചടിച്ച പെരുച്ചാഴിയെ പോലെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്.
പിന്നെ സ്ഥലകാലബോധത്തെ തിരിച്ചുവിളിച്ചോണ്ട് വന്ന് വീണ്ടെടുത്തപ്പോഴേക്കും കെഎസ്ആർടി സി ഡ്രൈവർ സെക്കന്റ് ഗിയറിലെത്തിയിരുന്നു.
‘ചാലക്കുടി സ്റ്റാന്റിലെപ്പഴാ ഷോപ്പിങ്ങ് കോമ്പ്ലക്സൊക്കെ വന്നേ?’ എന്ന ആശ്ചര്യത്തോടെ, കാർണിവൽ സിനിമാസിന്റെ മണ്ടയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു ആ മനുഷ്യന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഈ കഥയുടെ ടൈറ്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

Deepu Pradeep

Continue reading

ശ്രീമതി വിലാസിനി ബാറ്റിസ്റ്റ്യൂട്ട

അര്‍ജന്ടീനക്കാരുടെ, മറഡോണയ്ക്ക് ശേഷമുള്ള, മെസ്സിക്ക് മുമ്പേയുള്ള ഫുഡ്ബോള്‍ ദൈവം, ശ്രീമാന്‍ ഗബ്രിയേല്‍ ബാറ്റിസ്ട്ട്യൂട്ട, ഇവിടെ ഈ കേരളത്തില്‍ കിടക്കുന്ന ശ്രീമതി വിലാസിനി ചേച്ചിയുടെ പേരിന്‍റെ  അറ്റത്ത് വന്നിരുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. കേട്ടോളിം….

കേരളാ സര്‍ക്കാര്‍ ക്ലബ്ബുകള്‍ക്ക് കൊടുക്കുന്ന ഗ്രാന്‍റ് പയിനായിരം രൂപ കയ്യില്‍ കിട്ടിയതോടെ, നീണ്ട ഒമ്പത് മാസത്തിനു ശേഷം ആദ്യമായി ‘ഡെയ്ഞ്ചര്‍ ബോയ്സ്’ ക്ലബ്ബില്‍ ജനറല്‍ബോഡി യോഗം കൂടി. സ്ഥിരവൈരികളായ അയല്‍നാട്ടിലെ ‘പാറപ്പുറം ഫൈറ്റേര്‍സ്‘ കിട്ടിയ ഗ്രാന്ടിലെ ഒമ്പതിനായിരം രൂപയ്ക്ക് പുട്ടടിച്ച്, ബാക്കി ആയിരം രൂപ കൊണ്ട് നടത്തിയ സൌജന്യ കണ്ണു പരിശോധന കഴിഞ്ഞു പോകുന്ന കുഞ്ഞാലിക്ക, ക്ലബ്ബിന്‍റെ ഉമ്മറത്ത്‌ വന്നുനിന്ന് “കണ്ടുപഠി, നിങ്ങളെ കൊണ്ടൊക്കെ എന്തിന് കൊള്ളൂമെടാ? എന്ന് ചോദിച്ച ആ ചോദ്യം, ഞങ്ങടെ അഭിമാനമാകുന്ന മൊട്ടകുന്നില്‍, ജെസിബി മാന്തിയ പോലെ, മാന്തിയങ്ങു പോയി. ഉടനെ തന്നെ, ‘നമ്മക്കും എന്തെങ്കിലും ചെയ്യണം’ എന്ന വിഷയത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചതുടങ്ങി.

Continue reading

കുഞ്ഞിരാമായണം

കുഞ്ഞിരാമായണം എന്ന കഥ
രണ്ടായിരത്തി പത്തിലാണ്, അതുവരെ ബ്ലോഗിൽ വട്ടുകൾ മാത്രം എഴുതികൂട്ടിയിരുന്ന ഞാൻ, ഒന്ന് മാറി ചിന്തിച്ച് കോമഡിയിൽ കൈ വെക്കുന്നത് . ക്ലബ്ബിൽ നിന്ന് അര്ജന്റീന-ജർമനി വേൾഡ് കപ്പ് സെമി ഫൈനൽ കണ്ടു കഴിഞ്ഞ്, നാട്ടപാതിരായ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുമ്പോൾ ‘ലാലു’ എന്ന കഥാപാത്രം എവിടെനിന്നോ എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കൂടെ കൂട്ടി. ‘പാതിരാത്രിയിലെ പ്രേമം’ അവിടെയുണ്ടായി. അതിന്റെ അടുത്ത വര്ഷം നാട്ടിലെ ഒരു വളവിൽ ഞാൻ കണ്ട കുപ്പിച്ചില്ലുകളിൽ നിന്ന് ‘സൽസമുക്ക്’ പിറന്നു , കൂടെ കുഞ്ഞിരാമനും. പിന്നീട് മനോഹരനും, മല്ലികയും, കട്ട് പീസ്‌ കുട്ടനും, രാമെന്ദ്രനും, വെൽഡണ്‍ ഹംസയും, പല കഥകളുടെ രൂപത്തിൽ ബ്ലോഗിലെത്തി. അന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇതെല്ലാം കൂടി ഒരിക്കൽ ഒരു സിനിമയാവും എന്ന്, പ്രിയപെട്ട കുറേ താരങ്ങൾ സ്ക്രീനിൽ എനിക്കെതിരെ വന്നു നിന്ന് ആ കഥാപാത്രങ്ങളായി എന്നോട് സംവദിക്കുമെന്ന് ….
ഇന്നിപ്പോൾ ആ കഥകൾ ഓരോന്നും എടുത്ത് വായിക്കുമ്പോൾ, അതിലെ ഓരോ കഥാപാത്രങ്ങളും മുന്നിൽ വരുന്നത് , ‘കുഞ്ഞിരാമായണ’ത്തിൽ അതിന് ജീവൻ കൊടുത്തവരുടെ രൂപത്തിലാണ്. എനിക്ക് മാത്രമാവുമെന്ന് തോന്നുന്നില്ല….അന്ന് ആ കഥയൊക്കെ വായിച്ച് വീണ്ടും ഒരുപാട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങൾ ഓരോരുത്തര്ക്കും…

Read the rest
%d bloggers like this: