Categoryഫേസ്‌ബുക്ക് കുറിപ്പുകൾ

എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ. എനിക്കുമുണ്ട്. ആ കണക്കിലെ ഒരെണ്ണമാണിത്.
പ്ലസ്‌ടു കാലത്തെ ആർട്ട്സ് ഒപ്പന. മണവാളന്റെ ലെഫ്റ്റ് സൈഡ് ഫ്രണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഞാനായിരുന്നു ടീമിന്റെ മാർക്യീ പ്ളേയർ.
നാലാമത്തെ സ്റ്റെപ്പ് കഴിഞ്ഞപ്പോ, മുന്നിൽ നിൽക്കേണ്ട ഞാനുണ്ട് ഏറ്റവും പിന്നിൽ! പോയില്ലേ മോനെ കിളി!!
കൂടെയുള്ളവര് സ്റ്റെപ്പ് കളിക്കാൻ മറന്നതാണോ, അതോ ഞാനിനി ആ സ്റ്റെപ്പ് കളിച്ചതാണോ…? പത്തുവർഷം കഴിഞ്ഞിട്ടും എനിക്കൊരുത്തരം കിട്ടീട്ടില്ല. ഇന്റർനെറ്റ് കട്ടായ ഗൂഗിൾ മാപ്പിന്റെ സൂചി പോലെ മാർക്യീ പ്ളേയർ നിന്നു…
റൈറ്റ് ഫ്രണ്ടിൽ കളിക്കുന്ന ശ്രീരാജ്, കൊട്ടാൻ വരുമ്പോ എന്റെ കയ്യില്ലെങ്കിൽ എവിടെപ്പോയി കൊട്ടും എന്ന് ചിന്തിച്ചപ്പോൾ ഞാൻ പിന്നൊന്നും നോക്കീല. ബാക്കിൽ നിന്ന് തലയും ചൊറിഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു.
എന്താണെന്നറിയില്ല, എന്റെ ആ സ്റ്റെപ്പിന് നല്ല കയ്യടിയായിരുന്നു.

മലപ്പ്രം ജില്ലയെ കീറിമുറിച്ചുകൊണ്ട് കോഴിക്കോട് മുറിയ്ക്കാന്‍ പെടച്ച് പായുന്ന ജനശദാബ്ദി എക്സ്പ്രസ്സ്.
അതിനകത്തിരിക്കുന്ന നാടിന്റെ മുത്ത്, നാട്ടാരുടെ സ്വത്ത്, അടാപറമ്പിലെ സുര aka സുരേട്ടൻ. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ കിടക്കുന്ന അബൂക്കറിക്കയെ കാണാനുള്ള പോക്കാണ്. അതോടെ അബൂക്കറിക്ക മെമ്മോറിയൽ ആവുമെന്ന് ഞങ്ങൾ.

തിരൂര്ന്ന്‍ ഓടികേറിയ ആ വെള്ളഷര്‍ട്ടുകാരന്, കണ്ടകശനി മൊട്ടിട്ടപ്പോൾ തോന്നിയത് മ്മടെ സുരേട്ടന്റെ അടുത്ത് പോയിരിക്കാനാണ്. ഇരുന്നു.
ആമുഖമായി ഒന്ന് നൈസായിട്ട് പുഞ്ചിരിച്ച് അയാൾ സുരേട്ടനോട് ചോദിച്ചു,
“ഈ വണ്ടിയില്‍ ചെക്കിംഗ് ഒക്കെ ഉണ്ടാവാറുണ്ടോ?”
ഇര! സുരേട്ടന്റെ ഖല്‍ബില് വളമിടാതെ വാഴകുലച്ച സന്തോഷം!!
“ഉണ്ടാവാറുണ്ടോന്നോ ! ഈ ട്രെയിനില് കാറ്ററിംഗ്കാര് വരുന്നപോലെയാണ് ടി ടി മാര് വരാറ്.”
വെള്ളഷര്‍ട്ടുകാരന്റെ വോയ്സിൽ പെട്ടെന്നൊരു ദയനീയത‍ ,
“അയ്യോ, ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല, പ്രശ്നാവോ ?”
അത്യന്തം നാടകീയമായി ഒരു ഞെട്ട് ഞെട്ടികൊണ്ട് സുരേട്ടന്‍ നെഞ്ചത്ത് അങ്ങട്ട് കൈവെച്ചു. അത്രയും മതിയായിരുന്നു വെള്ളഷര്‍ട്ടുകാരന്റെ നെഞ്ചില് എ ക്ലാസ് പൊരിയിടാന്‍.
“നിങ്ങളെന്ത് പണിയാന്നും കാണിച്ചത് ? ഈ വണ്ടിക്കാണെങ്കില്‍ ഇനി കോഴിക്കോട് എത്തും വരെ വേറെ സ്റ്റോപ്പില്ല. എന്തായാലും പൊക്കും!”
ഉടനെ അതുവഴി പോയ കാറ്ററിംഗ്കാരന്റെ കയ്യീന്ന് വെള്ളഷർട്ടുകാരൻ ഒരു ‘റെയില്‍ നീര്‍’ വാങ്ങി കുടിച്ചു.

കുറച്ചുനേരം ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്ന ശേഷം അയാള്‍ വിക്കി വിക്കി ചോദിച്ചു,
“ഫൈന്‍ അടിക്ക്യാണെങ്കില്‍…ഏകദേശം എത്ര ഉണ്ടാവും… ?”
“അതീ ട്രെയിനിന്റെ ആദ്യത്തെ സ്റ്റോപ് മുതല് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ചാര്‍ജിന്റെ നാലിരട്ടി വരും, ഒരു പത്തു മൂവായിരം ഉര്‍പ്പ്യണ്ടാവും”
ജന്മത്ത് തീവണ്ടിയിൽ ടിക്കറ്റെടുത് യാത്ര ചെയ്തിട്ടില്ലെങ്കിലും സുരേട്ടന് ആ കാര്യത്തിലൊക്കെ നല്ല തിട്ടമായിരുന്നു.
വെള്ളഷർട്ടുകാരൻ മെല്ലെ എഴുന്നേറ്റു. ഇരുപ്പുറയ്ക്കില്ലല്ലോ, സ്വാഭാവികം. പിന്നെ
അറുക്കാൻ കെട്ടിയിട്ട ആടിനെ പോലെ കുറെ ഉലാത്തലുകൾ മാത്രം.

വണ്ടി കല്ലായി സ്റ്റേഷൻ എത്തിയപ്പോ അയാൾ കഴിച്ചിലാവാൻ പോവുന്നതിന്റെ ആശ്വാസത്തിൽ വിട്ട നിശ്വാസം ഭൂമി ടച്ച് ചെയ്യും മുൻപ് വണ്ടി അങ്ങട് പിടിച്ചിട്ടു. അയാൾ സുരേട്ടനെ ദയനീയമായി നോക്കി.
സുരേട്ടനുണ്ടോ റെസ്റ്റ്?
“ടി ടി ക്ക് കംപാർട്മെന്റ് മാറി കേറാൻ വേണ്ടി നിർത്തീതാവും.”
ആ പാവം കിള്ള വെറച്ച്, വാതിലിനടുത്ത് പോയി പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.
കാരുണ്യ ഭാഗ്യക്കുറിയും കൊണ്ട് കഥയിലെ കാമിയോ റോളുകാരൻ വന്നിട്ട്, ഒരു കാരുണ്യവുമില്ലാതെ ഒറ്റ പറച്ചിലാ..
“ടിക്കറ്റ്, ടിക്കറ്റ് ”
കേട്ടപാട് വെള്ളഷർട്ടുകാരൻ തിരിഞ്ഞുപോലും നോക്കാതെ ചാടി ഇറങ്ങിയൊരോട്ടം, നൂറേ നൂറ്റിപ്പത്തില് ഒരു ക്വിക്ക് സ്പ്രിന്റ്! എനിക്കുറപ്പാണ് , അത്രയും സ്പീഡിൽ കല്ലായീന്ന് കോഴിക്കോട്ടേക്ക് ജനശദാബ്ദി പോലും എത്തില്ല.

ഗുരുവായൂർ ചുറ്റമ്പലത്തിന്റെ ഉള്ളിൽ നിന്ന്, ശ്രീകോവിലേക്ക് നീട്ടി നോക്കി തൊഴുന്ന നൂറ്റിച്ചില്ലാനും പേർ….
അതേ ശ്രീകൃഷ്ണനെ നോക്കി കയ്യുംകെട്ടിനിൽക്കുന്ന ഒരു ഒറ്റ മനുഷ്യൻ!
നിൽപ്പ് ന്ന് പറഞ്ഞാൽ ഏകദേശം ‘മിഥുന’ത്തിൽ നെടുമുടിവേണു തേങ്ങയുടയ്ക്കുമ്പോൾ, ഇന്നസെന്റ് നിന്നിരുന്ന പോലൊരു നിൽപ്പ്! പ്രാർത്ഥിച്ചു കഴിഞ്ഞവരെ സെക്യൂരിറ്റികാര് തള്ളിമാറ്റിയിട്ടും, ടിയാൻ തിക്കിത്തിരക്കി വന്ന് വീണ്ടും അതേ നിൽപ്പ്!
പിരി കുറവുണ്ട് ന്ന് മനസ്സിലായി, പക്ഷെ അതെത്ര എണ്ണത്തിന്റെയാണ് എന്നറിയാനുള്ള ആകാംഷയോടെ ഞാൻ എല്ലാം കണ്ടുനിന്നു. ഇടയ്ക്കിടെ വരുന്ന മൂളലുകളുടെ കനം ഏറിയും കുറഞ്ഞും ഇരിക്കുന്നതൊഴിച്ചാൽ, ഏറെക്കുറെ സ്ഥായിയായ ഭാവം.

അവസാനം കലാപരിപാടി അവസാനിപ്പിച്ച് അദ്ദേഹം പോവാൻ നിൽക്കുമ്പോൾ ഞാൻ കാര്യം ചോദിച്ചു.
“എന്താ അവിടെ അങ്ങനെ നിന്നിരുന്നത്?”
“ഗുരുവായൂരപ്പന് പറയാനുള്ളത് കേൾക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ?”
പിരി കുറവുള്ളത് നമ്മൾക്കൊക്കെയാണ്.

പണ്ട്, പള്‍സറിനും പാഷന്‍പ്ലസിനും പണ്ട്, കേരളാ ജ്യോഗ്രഫി മാറ്റിമറിച്ച ഒരു വണ്ടി മഞ്ഞ പെയിന്റടിച്ചു പിക്ചറിലേക്ക് വന്നു, ജെസിബി !
കുട്ട്യോള്‍ക്ക് റോഡ്‌റോളര്‍ കാണിച്ചുകൊടുത്ത് ചോറുണ്ണുപ്പിക്കുന്ന ആ ടെക്നികിനെ, കുട്ട്യോള് തിരിച്ച് പുഛ്ചിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ജെസിബിടെ ആ വരവോടുകൂടി അണ്ണാക്കില്‍ ചോറുരുളകള്‍ക്ക് വീണ്ടും ഡിമാന്റായി.
അധികം വൈകാതെതന്നെ ടിയാന്‍, കേരളത്തിന്റെ കുന്നും കാടും തോടും പാടവും തോണ്ടികൂട്ടി പലജാതി ക്ലേ മോഡലിംഗ് ചെയ്യാന്‍ തുടങ്ങി. എങ്കിലും ഞങ്ങടെ നാടിന് ഒരു ജെ സി ബി കണികാണാന്‍ കിട്ടിയിരുന്നില്ല. അന്യനാട്ടില്‍ പോയി ജെസിബി കണ്ടുവന്നവരുടെ റിവ്യൂവ്സ് കേട്ട് കോരിത്തരിച്ചിരിക്കാനെ ഞങ്ങള്‍ക്ക് യോഗമുണ്ടായിരുന്നുള്ളൂ…

ഒടുവില്‍, അരിമാവില്‍ പാലുംവെള്ളം ഒഴിച്ച കളറുള്ള ജുബിലേട്ടന്റെ അച്ഛന്‍ (ഇനിയിപ്പോ എങ്ങനെ വേണേലും പൊക്കിപറയാലോ) സ്വന്തമായുണ്ടായിരുന്ന കുന്ന് മാന്താന്‍ നാട്ടിലേക്ക് ജെസിബി കൊണ്ടുവന്നു. അന്ന് ഫ്ലെക്സ് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഞങ്ങള് മൂപ്പരടെ ഫോട്ടോ വെച്ച് പത്തെണ്ണം അടിച്ചേനെ. അജ്ജാതി എക്സൈറ്റ്മെന്റ്.
ഒരു ടോപ്‌ തിങ്കളാഴ്ച, ജെസിബി നാടുകുലുക്കി കടന്നുവന്നു. പക്ഷെ അതിനകത്ത് ജെസിബിയേക്കാള്‍ മുഴുത്തൊരു ഐറ്റം ഇരുപ്പുണ്ടായിരുന്നു. ഡ്രൈവര്‍ കോയമ്പത്തൂരുകാരന്‍ തങ്കരാജ്. പിന്നെ തങ്കരാജിന്റെ വണ്‍മാന്‍ ഷോ യ്ക്കായിരുന്നു ഞങ്ങള് സാക്ഷ്യം വഹിച്ചത്. തങ്കരാജ് ഗിയര്‍ ഇടുന്നതും, ഹോണ്‍ അടിക്കുന്നതും, സ്റ്റിയറിംഗ് പിടിക്കുന്നതും, എന്തിന് മൂക്ക് ചൊറിയുന്നത് വരെ ഒരു സ്റ്റൈലിലാണ്.
കുട്ടികള്‍ കൂട്ടമായി തങ്കരാജിനു ചുറ്റും കൂടി ആര്‍പ്പുവിളിച്ചു. അതിന്റെ തീവ്രത രേഖപെടുത്തിയത് യെസ്ടര്‍ഇയര്‍ സൂപ്പര്‍സ്റ്റാര്‍ ആനപ്പാപ്പാന്‍ കുട്ടാപ്പുവിന്റെ മുഖത്തെ റിക്ടര്‍ സ്കെയിലില്‍ ആയിരുന്നു.
തങ്കരാജ് വണ്ടിയില്‍ നിന്നും അള്‍ട്രാ സ്ലോ മോഷനില്‍ ചാടിയിറങ്ങി. പിന്നെ, തീപ്പെട്ടി കത്തിച്ചു മുകളിലേക്കെറിഞ്ഞ് വായുവില്‍ വെച്ച് സിഗരറ്റ് കത്തിക്കുന്ന അടാറ് ഐറ്റം. സ്വാഗ്! പിടിച്ചാ കിട്ടാത്ത സ്വാഗ് !!
മുല്ലപ്പെരിയാര്‍ ഒരു നീറ്റലായി മനസ്സിലുള്ളത്കൊണ്ട് ഞങ്ങള് ചിലര്‍ കയ്യടിച്ചില്ല. പക്ഷെ ഇനിയും വൈകിയാല്‍, ആത്മസംയമനം കയ്യീന്നുപോയി എല്ലാവരുടെ ഉള്ളിലും ഒരു തങ്കരാജ് ഫാന്‍സ്‌ ഘടകം രൂപം കൊണ്ടേക്കും, ഉറപ്പാണ്.
ജെസിബി ഒന്ന് തൊട്ടു നിര്‍വൃതിയണയാന്‍ കൈനീട്ടിയ ഞങ്ങളെ അയാള്‍ സ്പാനറെടുത്ത് വിരട്ടിയ സെക്കന്റില്‍, ഞങ്ങള്‍ ജെസിബിയും മഞ്ഞകളറും വരെ വെറുത്തു. ജുബിലേട്ടന്റെ അച്ഛന്‍ വന്ന് തങ്കരാജിനോട് മുണ്ടഴിച്ചിട്ടു ബഹുമാനം കാണിക്കുന്നത് കണ്ടപ്പോ, ഞങ്ങള്‍ മനസ്സിലെ ആ ഫ്ലക്സുകള്‍ വലിച്ചുകീറി തീയിട്ടു. കുന്നോണറിന് കൈ കൊടുത്ത് തങ്കരാജ് അടുത്ത സിഗരറ്റും അതേപോലെ കത്തിക്കാന്‍ പുറത്തെടുത്തു. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഡീസല്‍ ക്യാനില്‍ ആയിരുന്നു എന്റെ പ്രതീക്ഷ. എവടെ… തമിഴ്നാട് 2 – കേരളം 0.

ഇത് അഭിമാന പ്രശ്നം ആയിട്ടെടുത്ത വേറൊരാള്‍ കൂടി ഉണ്ടായിരുന്നു അവിടെ, ജുബിലേട്ടന്റെ അച്ഛച്ചന്‍. മൂപ്പര് തങ്കരാജിന്റെ അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു.
“അല്ല മോനെ…എന്താ പ്പ അന്‍റെ പ്രശ്നം?”
“പ്രോബ്ലമാ…ഇത് വന്ത് എന്നുടെ സ്റ്റൈല്. ജെസിബി ഡ്രൈവര്‍ നാ സുമ്മാവാ അമ്മാവാ ?”
“ജെസിബിക്കെന്താ കൊമ്പുണ്ടോ..?”
“ആ ഇരുക്ക്…ഇത് മറ്റ് വണ്ടിമാതിരി കെടയാത്. ഇന്ത വണ്ടി ഒരേ സീറ്റിലിരുന്നു രണ്ടു സൈഡിലേക്കും ഓടിക്കാം.”
“അപ്പൊ തോണിയോ ??”
.
.
.
മൗനം.
“തോണി ഒരു സീറ്റിലിരുന്നു എങ്ങോട്ട് വേണെങ്കിലും ഒടിച്ചൂടേ മോനേ തങ്കരാജേ…?”
അതുവരെ കുതിച്ചുപാഞ്ഞിരുന്ന തങ്കരാജിന്റെ 88 എച്ച്.പി എഞ്ചിന്‍ പൊടുന്നനെ ഓഫായി. കണ്ണിലുണ്ടായിരുന്ന പള്ളിപെരുന്നാള് റേബാന്‍ ഊരി പോക്കറ്റില്‍വെച്ച് തങ്കരാജ് വിക്ടറി സ്റ്റാന്റില്‍ നിന്നിറങ്ങി നടന്നു. ആ മുഖം ജെ സി ബി മാന്തിയിട്ട ഒരു മൊട്ടക്കുന്നു പോലെ വറ്റിയിരുന്നു.

ഇന്ന് വാംഅപ്പ് കഴിഞ്ഞ് ചെസ്റ്റിന് പറന്നടിക്കാനുള്ള ആവേശത്തോടെ ഞാന്‍ ജിമ്മിന്റെ മെയിന്‍ ഹാളിലേക്ക് ചെന്നപ്പോഴുണ്ട്, കൌണ്ടറിനടുത്ത് ഇൻസ്ട്രക്ടർ ഫെബിക്കയ്ക്ക് ചുറ്റും വലിയൊരു കൂട്ടം. ജിമ്മില് ഓണം ഓഫര്‍ വല്ലോം പ്രഖ്യാപിച്ചോ എന്നായിരുന്നു എന്റെ ഡൌട്ട്. എന്നാ അതായിരുന്നില്ല സ്റ്റോറി. അവിടെ കൂടി നിന്നിരുന്നത് പതിനെട്ട് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഐ റിപ്പീറ്റ്, പതിനെട്ട്!!
ജിമ്മ് പൊളിച്ച് പണിയാനല്ല, ജോയിന്‍ ചെയ്യാന്‍ വന്നതാണ് എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഡമ്പലുകളും ബാർബലുകളും വരെ കുലുങ്ങി.
“ഈ കേരളമഹാരാജ്യത്ത് ഇവന്മാര് ഇവിടെ മാത്രേ എത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ” എന്നും പറഞ്ഞു ഹംസത്തലി ത്രെഡ് മില്ലില്‍ കേറി ഒരൊറ്റോട്ടം. അരിശം മസിലായി തിളച്ചു.
ഞങ്ങടെ അപ്രമാദിത്വത്തിന് ഭീഷണി ആവോ എന്ന ആങ്കിളിലാണ്, ജിമ്മിലെ മൂത്ത മൾട്ടികള്‍ ഫ്രെഷേർസിനെ നോക്കിയത്.
അവരെയും തെളിച്ചുകൊണ്ട്‌ വാംഅപ്പ് ചെയ്യിപ്പിക്കാന്‍ പോവുന്ന ഫെബിക്കയെ പിടിച്ചു നിർത്തി ഞാന്‍ പറഞ്ഞു.
“ഒറ്റയടിക്ക് പതിനെട്ട് അഡ്മിഷന്‍! കോളടി കോളടി ന്നൊക്കെ പറഞ്ഞാല്‍ ഇതാണ്”
പക്ഷെ മൂപ്പര് ഒരുമാതിരി പ്രോട്ടീന്‍ പൌഡറില് പച്ചമുളക് കടിച്ചമാരിയായിരുന്നു നിന്നിരുന്നത്.
“ഈ വന്നതില്, നാലെണ്ണമേ ജോയിന്‍ ചെയ്തിട്ടുള്ളൂ… ബാക്കി പതിനാലെണ്ണം കാണാന്‍ വന്നതാണ്… !!”
അതൊക്കെയാണ്‌ പ്രോത്സാഹനം. നമ്മളും പോവുന്നുണ്ട് ജിമ്മില്, “നിനക്കൊന്നും വേറെ പണിയില്ലേടാ ചെക്കാ ?” എന്ന് ചോദിക്കുന്ന ഫ്രണ്ട്സാണ്നമ്മക്കുള്ളത്.
ഫെബിക്ക തുടർന്നു …
“ഇപ്പൊ നിന്ന് തിരിയാന്‍ സ്ഥലമില്ലാണ്ടായി…അവരോട് ഇറങ്ങി പോവാന്‍ പറയാന്‍ പറ്റ്വോ ?”
“അതെന്താ പറഞ്ഞാല് ?“
“നിക്കിണ്ടോ ഹിന്ദി അറിയണ് ???? ”
.
.
.
നിശബ്ദത!!
‘സന്ദേശ’ത്തില് യശ്വന്ത് സഹായ് വന്ന പോലെയായിരുന്നു ജിമ്മിലെ അറ്റ്‌മോസ്ഫിയര്‍.
അവസാനം, കഴിഞ്ഞാഴ്ച ഗോവയില്‍ ടൂറിന് പോയിട്ട് വന്ന ഒരുത്തനെ പിടിച്ച് അവർക്ക് കാര്യങ്ങള് പറഞ്ഞുകൊടുക്കാന്‍ ഏൽപ്പിച്ചു.
പന്ത്രണ്ട് പുഷ്അപ്പ്സ് എടുക്കാന്‍ അവന്‍ അവരോട്,
“ദോ പാഞ്ച് പുഷ്അപ്സ് പ്ലസ്, ദോ ഏക്‌ പുഷ്അപ്സ് ….ഉം….ഉം ഉം..” എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി.
അറ്റ്‌ലീസ്റ്റ് പന്ത്രണ്ടിന്റെ ഹിന്ദി, പന്ത്രഹ് എന്നാണെന്നെങ്കിലും നമ്മക്കറിയാലോ.

‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ എനിക്ക് അച്ഛന്റെ ഓർമ്മകളുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്.
പണ്ട് , ‘കുഞ്ഞിരാമായണ’ത്തിലെ ഒരു കഥയായ ‘സൽസമുക്ക്’ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത സമയത്ത്, ഗൾഫിൽ നിന്നും വിളിച്ച് ആ കഥയെപറ്റി കുറെ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴാണ്, അച്ഛൻ എന്റെ ബ്ലോഗിന്റെ ഒരു സ്ഥിര വായനക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ ആദ്യമായി അറിയുന്നത്.
രണ്ടായിരത്തിപതിനാലിൽ ‘കുഞ്ഞിരാമായണം’ തിരക്കഥ എഴുതികൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത്. ബൈപാസ് കഴിഞ്ഞ് കിടന്നിരുന്ന തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലെ ആ മുറിയിൽ, ഞങ്ങൾക്ക് കൂട്ടിന് കുഞ്ഞിരാമനും, ലാലുവും, മനോഹരനും, കുട്ടനുമെല്ലാം ഉണ്ടായിരുന്നു.
പിന്നീട് പ്രീ പ്രോഡക്ഷൻ സമയത്ത്, വിധി ക്യാൻസറിന്റെ രൂപത്തിൽ വീണ്ടും വന്നു. ഷൂട്ടിങ്ങിന് വളരെ കുറച്ചു ദിവസങ്ങളെ ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ, അതിലൊന്ന് സർജറിക്ക് മുന്പ് ഷൂട്ടിങ്ങ് ഒന്ന് കാണണം എന്ന അച്ഛന്റെ ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ എല്ലാവരും കൂടി പോയ ആ ദിവസമാണ്. പിന്നെ ആശുപത്രികൾ ഒരു ശീലമായിമാറികഴിഞ്ഞ സമയത്ത്, എഴുത്തുകാരന് ഉണ്ടാവാറുള്ള ആദ്യ സിനിമയുടെ എക്സൈറ്റ്മെന്റോ, എഴുതിവെച്ചതത്രയും എങ്ങനെ സ്ക്രീനിൽ പുനർജനിക്കും എന്ന ആകാംഷയോ എനിക്കുണ്ടായില്ല.
ഷൂട്ട്‌ കഴിഞ്ഞ ശേഷം , ആർ സി സിയിൽ നിന്നും മടങ്ങും വഴി കൊച്ചിയിൽ തങ്ങിയ നാൾ, ബേസിൽ സിനിമയുടെ എഡിറ്റ്‌ ചെയ്ത കുറച്ചു ഭാഗങ്ങൾ കാണിച്ചതുമുതൽ അച്ഛൻ ശരിക്കും ത്രില്ലിലായിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞ ശേഷമാണ് തിരുവോണത്തിന്റെ അന്ന് സിനിമയുടെ റിലീസ്. സിനിമ കണ്ട് കൊച്ചിയിൽ ഉള്ള എന്നെ വിളിച്ച അച്ഛന്റെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. അത്രയും സന്തോഷത്തോടെ മുൻപൊരിക്കലും ഞാൻ അച്ഛനെ കണ്ടിട്ടില്ല. അവസാനം, ക്യാൻസർ വാർഡിൽ വെച്ച് ഇടയ്ക്കിടെ, ‘ഇപ്പൊ എത്ര ദിവസമായി സിനിമ’ എന്ന് തിരക്കിയിരുന്ന അച്ഛൻ, സിനിമയിറങ്ങി അൻപത്തിഎട്ടാം നാൾ മരിക്കുമ്പോൾ, എടപ്പാളിൽ സിനിമ വന്നിട്ട് ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ബാക്കിയായിരുന്നു…
ഇന്ന് ‘കുഞ്ഞിരാമയണം’ ടിവിയിൽ വരുമ്പോൾ ആദ്യമോർക്കുന്നത് അച്ഛനെയാണ്….

പള്ളിപ്പുറം സ്റ്റേഷനിൽ നിന്ന് മ്മടെ തൃശൂർ – കണ്ണൂർ പാസഞ്ചർ പുറപ്പെടാൻ തയ്യാറായി ഇങ്ങനെ ആക്സിലറേറ്റർ റൈസ് ചെയ്തു നിൽക്കാണ്. ഊമയായ ഒരു പാവം ഭിക്ഷക്കാരന് കാലിൽ ചവിട്ടുകിട്ടിയപ്പോ, ‘അയ്യോ’ ന്ന്‍ പറഞ്ഞത് കണ്ട് കമ്പാർട്ട്മെന്റിന്റെ കരളലിഞ്ഞു പോയ ആ നിമിഷം …
തീവണ്ടിയുടെ സ്രാങ്ക് ഫസ്റ്റിട്ട് വണ്ടിയെടുത്ത സ്പ്പോട്ടില്, വാതിൽക്കൽ വായുവിഴുങ്ങി നിന്നിരുന്ന ഒരു ചെക്കൻ പണിപറ്റിച്ചു. തൊട്ടുമുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ഒരു ചേച്ചിയുടെ കഴുത്തിലെ മാലയും പറിച്ച് ഇറങ്ങിയൊരോട്ടം !!
ഞാനുൾപടെയുള്ള യാത്രക്കാരെല്ലാം അനാക്കോണ്ട ഇരുമ്പുലക്ക വിഴുങ്ങിയ പോലെ ഇങ്ങനെ ഫ്രീസായി നിന്നു, രണ്ട് സെക്കന്റ്. അപ്പൊ ദേ പിന്നാലെ വെടിച്ചില്ല് പോലെ ആ ചേച്ചിയുടെ ഭർത്താവ് ഒരൊറ്റ പാച്ചില്. ചേയ്സ് !!
വണ്ടി മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കള്ളനും ഭർത്താവും റെയിൽവേ സ്റ്റേഷന്റെ വേലിയും പിന്നിട്ട് ശരവേഗത്തിൽ വിശാലമായ പാടം റൈയ്സ് ട്രാക്കാക്കി.
ആരൊക്കെയോ പറഞ്ഞു “ചങ്ങല വലിക്ക്”
അപ്പൊഴുണ്ട് അപ്പുറത്ത് നിന്ന് കാരോലപ്പത്തിന്റെ കളറും, ക്രീം ബണ്ണിന്റെ മനസ്സുമുള്ള ഒരുത്തൻ തിക്കിതിരക്കി ഓടി വരുന്നു.
“ഞാൻ വലിക്കാം, ഞാൻ വലിക്കാം…ഇന്റെ കുറെ കാലായുള്ള ആഗ്രഹാണ് ചങ്ങല വലിച്ചു ഒരു തീവണ്ടി നിർത്തല്.”
“വേണ്ട, ആരും വലിക്കണ്ട..!” ചേച്ചി.
എല്ലാവരും ചേച്ചിയെ നോക്കി. മാല പോയിട്ടും ചേച്ചി മണൽലോറി കണ്ട ഭാരതപുഴയെ പോലെ ഒരു എക്സ്പ്രഷൻ ചെയിഞ്ചും ഇല്ലാതെ ഇരിക്ക്യാണ്. യു സീ ദി ഐറണി, ഡോണ്ട് യു?
“ആ മാല റോൾഡ് ഗോൾഡാ !!”
ട്ടും ! ഞങ്ങള്‍ തല വെട്ടിച്ച സൌണ്ടാണ് ആ കേട്ടത്. ഉടുമുണ്ട് അഴിഞ്ഞുപോയിട്ടും ചോരാത്ത ആത്മവീര്യത്തോടെ കള്ളനെ ചെയ്സ് ചെയ്യുന്ന ആ ഭർത്താവിനെ നോക്കി ഞങ്ങള്‍ കുറച്ച് നെടുവീർപ്പിട്ടു. സോ ശോകം.
” സ്വർണ്ണമാലയൊക്കെ കൊണ്ടുവിറ്റ് കള്ളുകുടിച്ചിട്ട് അയാള് തന്നെ വാങ്ങി തന്നതാ ആ റോൾഡ് ഗോൾഡ്‌ .”
വാവ് ! ഷോർട്ട് ടേം മെമ്മറി ലോസ് !!

മുപ്പതു ഉർപ്പ്യടെ മാലയ്ക്ക് വേണ്ടി വിദൂരതയിലേക്ക് മണ്ടിപാഞ്ഞു കൊണ്ടിരിക്കുന്ന ആ കള്ളനും ചുള്ളനും കമ്പാർട്ട്മെന്റിന്റെ വിങ്ങലായി.

വളരെ പണ്ടാണ്.. പൊന്നാനി‌ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിവന്ന പുതിയ എസ്‌ ഐ, വരവിനും മുൻപ് പൊന്നാനിയോളം തന്നെ കേട്ടറിഞ്ഞൊരു പേരുണ്ടായിരുന്നു അബ്ദു! ഓടികൊണ്ടിരിക്കുന്ന എഞ്ചിൻ പോലും അറിയാതെ അതിന്റെ പിസ്റ്റൺ അടിച്ചുമാറ്റുന്ന നല്ല എണ്ണം പറഞ്ഞൊരു പോക്കറ്റടിക്കാരൻ.
ചാർജെടുത്തതിന്റെ പിറ്റേന്ന്, എടപ്പാൾ അങ്ങാടിയിൽ ബീഡിയും വലിച്ചു നിൽക്കുകയായിരുന്ന അബ്ദു വിട്ട പുകയിലേക്ക് എസ്‌ ഐ‌ കേറി വന്നു നിന്നു. കേട്ടറിഞ്ഞ കൺകെട്ടിന്റെയും കൈവേഗതയുടെയും കഥകൾ സത്യാമാണോ എന്നൊന്നറിയാൻ..

പരിചയപെട്ട് ഇരുവരും സംസാരം തുടങ്ങി. നല്ല സ്ഥലകാല ബോധത്തോടെ നിൽക്കുന്ന ഒരുത്തനെ പോക്കറ്റടിക്കുന്നതോടെ തീരും, അബ്ദുവും അബ്ദുവിനെക്കുറിച്ചുള്ള ഈ കഥകളും എന്ന് എസ്ഐ പറഞ്ഞപ്പോൾ, ഒന്ന് പുഞ്ചിരിച്ച ശേഷം അബ്ദു ചോദിച്ചു,
“സാറെ..നമുക്കൊന്ന് പൊന്നാനി വരെ പോയാലോ? ”
“എന്തിനാ?”
“ബസ് ചമ്രവട്ടം ജംങ്കഷൻ എത്തും മുൻപ് സാറിന്റെ പോക്കറ്റിലിരിക്കുന്ന ഈ പേന ഞാൻ അടിച്ചിരിക്കും.!”.
തൊട്ടടുത്ത ബസിൽ‌ എസ്‌ ഐ മുന്നിലും അബ്ദു പിന്നിലുമായി‌ കയറി. തിരക്ക് കൂടികൂടി വന്നു..എസ്‌ ഐ‌ ഒരോ മിനുറ്റിലും നോക്കി പോക്കറ്റിലെ പേന അവിടെതന്നെയുണ്ടെന്ന് ഉറപ്പുവരുത്തികൊണ്ടിരുന്നു.
ബസ്‌ ചമ്രവട്ടം ജംക്ഷനിലെത്തിയപ്പോൾ രണ്ട് പേരും ഇറങ്ങി. എസ്‌ ഐ പോക്കറ്റിൽ കിടക്കുന്ന പേന അബ്ദുവിന്റെ നേരെ നീട്ടി പുഛത്തോടെ പറഞ്ഞു,
“നീ എടുക്കണം എന്ന് ആഗ്രഹിച്ചതല്ലെ..വെച്ചൊ”
അബ്ദു അടുത്ത ബീഡി കത്തിച്ചുകൊണ്ടൊന്ന് പുഞ്ചിരിച്ചു.
“എനിക്കെഴുതാൻ റീഫില്ലറ് മതി, പേന സാറ് തന്നെ വെച്ചോ..”
എന്ന് അബ്ദു പറഞ്ഞപ്പോഴാണ് എസ്‌ ഐ യ്ക്ക്, അബ്ദു തന്റെ പോക്കറ്റടിച്ചെന്നും, അടിച്ച പേന റീഫല്ലറൂരി തിരിച്ചുവെച്ചെന്നും വരെ മനസ്സിലാവുന്നത്.

അതെ…ഞങ്ങൾക്ക് അങ്ങനെയൊരു പോക്കറ്റടിക്കാരനുണ്ടായിരുന്നു. പോലീസുകാരനോട് ബെറ്റ് വെച്ച് ജയിച്ച പോക്കറ്റടിക്കാരൻ!

ഉച്ചയ്ക്ക് കുറ്റിപ്പുറം റൈയിൽവേ സ്റ്റേഷനിൽ‌ ട്രൈയിനിറങ്ങി പുറത്തേക്ക് നടക്കുമ്പൊ ഉണ്ട് ഒരു കാറ് പാർക്കിങ്ങ് ലൈറ്റ് ഇട്ട് നിർത്തിയിട്ടിരിക്കുന്നു.
മണ്ടൻ! ഇത്രയ്ക്ക് ആബ്സന്റ് മൈന്റ്ഡ് ആയവരൊന്നും കാറോടിക്കാൻ പോവരുത്..ബാക്കിയുള്ള കാറുകാരുടെ പേരു കളയാൻ.
ബസിൽ വീട്ടിലേക്ക് പോവുമ്പൊ , ഇനി അവൻ ബാറ്ററി ഇറങ്ങിയ ആ വണ്ടി സ്റ്റാർട്ടാക്കുന്ന കാര്യമോർത്ത് ഞാൻ ഓർത്തോർത്ത് ചിരിച്ചു.
വീട്ടിലെത്തിയപ്പോഴുണ്ട് അമ്മ‌ ചോദിക്കുന്നു.
കാറെവിടെ?
ശരിയാണല്ലൊ..രാവിലെ എന്റെ കാറ് റൈയിൽ വേ സ്റ്റേഷനിൽ വെച്ചിട്ടാണല്ലൊ ഞാൻ ട്രൈയിൻ കേറിയത്!!

നാട്ടുകാരനായൊരു കൂട്ടുകാരനുണ്ട്, എടപ്പാള് ജെൻസ് വെയർ ഷോപ്പ് നടത്തുകയാണ്…പുതിയ സ്റ്റോക്ക് വരുമ്പൊ അവൻ എനിക്ക് പറ്റിയത് നോക്കി, ഫോട്ടോയെടുത്ത് വാട്സപ്പിൽ സ്നേഹത്തോടെ അയയ്ക്കും. അത് കണ്ട് എനിക്ക് അനുഭൂതി വരും..ആ അനുഭൂതി എന്നെകൊണ്ടാ ഷര്‍ട്ട് വാങ്ങിപ്പിക്കും.
കഴിഞ്ഞ ചെറിയപെരുന്നാളിന്റെ സമയത്ത് അവൻ പതിവുപോലെ ഷർട്ടിന്റെ‌ ഫോട്ടോയയച്ചു.
‘എടാ..ബാംഗ്ലൂരിൽ സ്റ്റോക്കെടുക്കാൻ പോയിരുന്നു, ഈ ഷർട്ടു കണ്ടപ്പോൾ നിന്നെയാണ് ഓർമ്മവന്നത്. ഉടനെതന്നെ‌ വാങ്ങി. നീ ഇതിട്ടാൽ ഒന്നുകൂടെ ലുക്കാവും’
അനുഭൂതി സ്ക്വയര്‍ ! പിന്നെ‌ ഡിലേ ആക്കാനുണ്ടോ..ഞാന്‍ പോയി വാങ്ങി. അവൻ പറഞ്ഞത് ശരിയായിരുന്നു.. അതിട്ടപ്പോൾ ഞാൻ ഡബിള്‍ ലുക്കായി. കിടിലൻ ഡിസൈൻ ആന്‍റ് ഫിറ്റ്. പഹയന്‍റെ സെലക്ഷനെ അനുമോദിക്കാന്‍ ഞാന്‍ അവിടുന്ന് ഒരു ബോഡി സ്പ്രേ കൂടി വാങ്ങി.

പുതിയ ഷര്‍ട്ട് വാങ്ങിയാല്‍ പിന്നൊരു എരിപൊരിയാണ്.. എത്രയും വേഗം ഏതെങ്കിലും ഒരു ഫങ്ങ്ഷന് ആ ഷര്‍ട്ട് ഇട്ട് കയ്യടി വാങ്ങിയാലെ അത് തീരൂ.. നാല് ദിവസം കഴിഞ്ഞപ്പോ തന്നെ ഒത്തു, നാട്ടില്‍ തന്നെയുള്ള ഒരു കല്യാണം. സെയിം സ്പ്രേ അടിച്ചിട്ട് തന്നെ പോയി..
സാധാരണ അവന്‍റെ കടയിൽ ഒരു‌ ഷർട്ട്, നാല് പീസാണ് വരാറ്.. S,M,L,XL. അമ്പലത്തിൽ ചെന്നപ്പൊ ദേ നിക്കുന്നു അതിലെ S ഉം, M ഉം ! L ഞാനാണല്ലോ !!! ആഹാ…ഇരമ്പി. ഞങ്ങള് പരസ്പരം മാറി മാറി നോക്കി. പിന്നെ കല്യാണത്തിന് വന്നവരൊക്കെ ഞങ്ങള്‍ ഡ്രസ്സ്‌ കോഡുകാരെ മൊത്തത്തില്‍ നോക്കി. എന്‍റെ ആത്മാഭിമാനത്തിന്‍റെ ആദ്യതായ് വേരില്‍ താലപൊലിയുണ്ടായി. പായസം അടപ്രഥമനാണെന്ന ഒറ്റക്കാരണത്താല് ഞാന്‍ പിടിച്ചു നിന്നു. അപ്പൊ ഉണ്ട് ദേ വരുന്നു കല്യാണപെണ്ണ് ആന്‍റ് പാര്‍ട്ടി. പെണ്ണിന്റെ അച്ഛന്‍ XL !!
‘മണ്ഡപത്തിലേക്ക് കയറും മുന്പ് അച്ഛനും ആങ്ങളമാരും കൂടി നിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുക്കാം’ എന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞതോടെ ഞാന്‍ അടപ്രഥമന്‍ വേണ്ടാന്നുവെച്ച്.

© 2018 Deepu Pradeep

Theme by Anders NorénUp ↑